
കോട്ടയം: ചെലവഴിക്കാവുന്നത് 40 ലക്ഷം, പക്ഷേ, പോസ്‌റ്ററിനും ബാനറിനും പോലും ഈ പണം തികയില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കിനൊക്കുകയും വേണം എന്നാല്‍, പ്രചാരണ രംഗത്ത് കുറവൊന്നും സാധ്യമല്ലെന്നുമായതോടെ കുഴങ്ങി സ്‌ഥാനാര്‍ഥികളും നേതാക്കളും.
സമീപ വര്‍ഷങ്ങളിലാണു ചെലവഴിക്കാവുന്ന തുക വര്‍ധിപ്പിച്ചതെങ്കിലും യഥാര്‍ഥ തുക കണക്കിന്റെ അയല്‍വക്കത്തു പോലും വരില്ല.പ്രചാരണ രീതികള്‍ മാറിയെങ്കിലും പോസ്‌റ്ററുകളും നോട്ടീസുകളുമൊന്നും ഒഴിവാക്കാനാകില്ലെന്നു നേതാക്കള്‍ പറയുന്നു.മൂന്നു തവണയായി ബഹുവര്‍ണ പോസ്‌റ്ററുകള്‍, ബോര്‍ഡുകള്‍ എന്നിവയ്‌ക്കായി മാത്രം 40 ലക്ഷത്തോളം രൂപ ചെലവാക്കുന്ന സ്‌ഥാനാര്‍ഥികളുണ്ട്. നോട്ടീസുകളും പ്രസ്‌താവനകളും വേറെ.
ഇതിനൊപ്പം ഈസ്‌റ്റര്‍, വിഷു ആശംസകള്‍ നേര്‍ന്നുള്ള കാര്‍ഡുകള്‍, സ്ലീപ്പുകള്‍ എന്നിവയും വേണം.സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നില്ലെങ്കിലും വോട്ട് പോകുമെന്നതിനാല്‍ മിനിറ്റുകളുടെ ഇടവേളകളില്‍ റീല്‍സും വീഡിയോകളും ഫോട്ടോയും പോസ്‌്റ്റുകളും ഫേസ്‌ബുക്കിലും ഇന്‍സ്‌റ്റഗ്രാമിലും വാട്‌സ് ആപ്പിലും നിറയണം. മിക്ക സ്‌ഥാനാര്‍ഥികള്‍ക്കും ഇതിനായി പ്രഫഷണല്‍ ടീം ഒപ്പമുണ്ട്. നാലു മുതല്‍ 10 ലക്ഷം രുപ വരെയാണ് ഓരോ സ്‌ഥാനാര്‍ഥികളും ഇത്തരം ടീമിനായി മുടക്കുന്നത്. ഇത്തരം പി.ആര്‍. ടീമിന്റെ നിര്‍ദേശമനുസരിച്ചാണ് ഓരോ ദിവസത്തെയും സ്‌ഥാനാര്‍ഥികളുടെ പ്രവര്‍ത്തനങ്ങള്‍.തുണി, പോളി എത്തിലീന്‍ ബോര്‍ഡുകളും ആവശ്യമാണ്. കുറഞ്ഞത് 4000 -5000 ബോര്‍ഡുകള്‍ ആവശ്യമാണ്. ഇതിനും ലക്ഷങ്ങള്‍ ചെലവാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വാശിയേറിയ മത്സരം നടക്കുന്നയിടങ്ങളില്‍ ഹോര്‍ഡിങ്ങുകള്‍ വേണ്ടി വന്നാല്‍ ചെലവേറും. അവസാന ഘട്ടമാകുന്നതോടെ എല്‍.ഇ.ഡി. വാള്‍ പ്രചാരണത്തിനായി വാഹനങ്ങള്‍ വേണ്ടി വന്നാല്‍, ദിവസം 12000 -15000 രൂപയാണ് വാടക.ചുവരെഴുത്തിനും മോശമല്ലാത്ത തുക ആദ്യഘട്ടത്തില്‍ ചെലവാകും. അവസാന ആഴ്‌ചയില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് ഒഴിവാക്കാന്‍ കഴിയില്ല. ഇത്തവണ റോഡ് ഷോകള്‍ കൂടുതലാണെന്നതിനാല്‍ പിന്നെയും ചെലവേറും. പതാക, ബൂത്ത് അലങ്കാരം, വാഹന വാടക, ഇന്ധനം എന്നിങ്ങനെ ചെലവിന്റെ പട്ടിക നീളും.
പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും താമസം, ഭക്ഷണം എന്നിവയ്‌ക്കായി ചെലവഴിക്കുന്ന പണം കണക്കിന്റെ കെട്ടുപൊട്ടിക്കും.ചില്ലറ കിട്ടാതെ വോട്ട് ചെയ്യില്ലെന്ന് വാശി പിടിക്കുന്നവരെ വീഴിക്കാനും പണം കണ്ടെത്തിയേ മതിയാകൂ. അവസാന ദിവസങ്ങളില്‍ പ്രവര്‍ത്തകരെ ഒപ്പം നിര്‍ത്താന്‍ പണം കണ്ടെത്താന്‍ സ്‌ഥാനാര്‍ഥികള്‍ വിയര്‍ക്കുന്നത് മുന്‍ വര്‍ഷങ്ങളിലെ പതിവു കാഴ്‌ചയായിരുന്നു. എങ്ങനെ പോയാലും കുറഞ്ഞതു രണ്ടു കോടിയോളം രൂപ മുന്നണി സ്‌ഥാനാര്‍ഥികള്‍ക്കു ചെലവാകും. സ്‌ഥാനാര്‍ഥികളാകുമെന്ന് ഉറപ്പായിരുന്നവരും പ്രതീക്ഷിച്ചവരും ഇത്രത്തോളം തുക നേരത്തെ തന്നെ സമാഹരിച്ചിരുന്നുവെന്നതാണ് രസകരം.



