video
play-sharp-fill
സെന്റ് തെരേസാസ് കോളേജിന് നാക് അക്രെഡിറ്റേഷനില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനം

സെന്റ് തെരേസാസ് കോളേജിന് നാക് അക്രെഡിറ്റേഷനില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനം

സ്വന്തം ലേഖകൻ

കൊച്ചി: രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ സെന്റ് തെരേസാസ് കോളേജ് നാഷണല്‍ അസെസ്സ്‌മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ കൗണ്‍സിലിന്റെ (NAAC) പരിഷ്‌കരിച്ച വ്യവസ്ഥകള്‍ പ്രകാരമുള്ള നാലാംഘട്ട മൂല്യനിര്‍ണയത്തില്‍ സിജിപിഎ 3.57 സ്‌കോറോടെ എ++ ഗ്രേഡ് കരസ്ഥമാക്കി. നാലാംഘട്ട നാക് മൂല്യനിര്‍ണയത്തില്‍ എ++ ഗ്രേഡ് ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യത്തേതും രാജ്യത്തെ തന്നെ രണ്ടാമത്തെയും കോളേജാണ് സെന്റ് തെരേസാസ് കോളേജ്.

1999-ല്‍ നാക് അക്രെഡിറ്റേഷനില്‍ ഫൈവ് സ്റ്റാര്‍ ഗ്രേഡ് ലഭിച്ച സെന്റ് തെരേസാസ് കോളേജ് 2006-ലെ പുനര്‍മൂല്യനിര്‍ണയത്തില്‍ എ ഗ്രേഡും 2012-ലെ മൂന്നാം ഘട്ടത്തില്‍ എ ഗ്രേഡും 3.4 സിജിപിഎയും കരസ്ഥമാക്കുകയുണ്ടായി. അന്തിമഘട്ട മൂല്യനിര്‍ണയത്തിന് നാക് സംഘം ആഗസ്റ്റ് 5, 6 തീയതികളില്‍ കോളേജ് സന്ദര്‍ശിച്ചിരുന്നു. ഇതുവരെയുള്ള മൂല്യനിര്‍ണയങ്ങളില്‍ മികച്ച ഗ്രേഡ് നേടിയതിനുള്ള അംഗീകാരമായി കോളേജിന് ഇപ്പോള്‍ ലഭിച്ച അക്രെഡിറ്റേഷന്റെ കാലാവധി രണ്ട് വര്‍ഷമായി ഉയര്‍ത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഹത്തായ ഈ നേട്ടം കൈവരിക്കുന്നതിന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സജിമോള്‍ അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള നാക് കോര്‍ഡിനേറ്റര്‍ ഡോ. ലത നായര്‍ ആര്‍, ഐക്യുഎസി കോര്‍ഡിനേറ്റര്‍ ഡോ. ഉഷ നായര്‍, ഡോ. നിര്‍മല പത്മനാഭന്‍, ഡോ. ബീന ജോബ്, ഡോ. കല എം.എസ്, ഡോ. അല്‍ഫോണ്‍സ വിജയ, സിസ്റ്റര്‍ സുചിത എന്നിവരടങ്ങിയ സ്റ്റിയറിങ് കമ്മിറ്റിക്ക് സെന്റ് തെരേസാസ് കോളേജ് പ്രസിഡന്റ് റവ. ഡോ. സിസ്റ്റര്‍ ക്രിസ്, പ്രോവിന്‍ഷ്യല്‍ സുപ്പീരിയറും മാനേജറുമായ റവ. സിസ്റ്റര്‍ ക്രിസ്റ്റബെല്‍, ഡയറക്ടര്‍ ഡോ. സിസ്റ്റര്‍ വിനീത എന്നിവര്‍ പൂര്‍ണ പിന്തുണ നല്‍കി.

സെന്റ് തെരേസാസ് കോളേജിനെ സംബന്ധിച്ചിടത്തോളം നാലാംഘട്ടത്തില്‍ രാജ്യത്ത് തന്നെ എ++ ഗ്രേഡ് ലഭിക്കുന്ന രണ്ടാമത്തെ കോളേജാവുക എന്നത് വലിയ നേട്ടം തന്നെയാണെന്ന് പ്രിന്‍സിപ്പല്‍ ഡോ. സജിമോള്‍ അഗസ്റ്റിന്‍ പറഞ്ഞു. കോളേജിലെ അധ്യാപകര്‍, അനധ്യാപകര്‍, പിടിഎ, പൂര്‍വ വിദ്യാര്‍ഥികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള അഭ്യുദയകാംക്ഷികളുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഇങ്ങനെയൊരു നേട്ടം കൈവരിക്കാന്‍ കോളേജിന് കഴിഞ്ഞത്. സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമ തെളിവാണ് ഈ നേട്ടം. ഒരു വനിത സര്‍വകലാശാല എന്നതിലേക്കുള്ള സെന്റ് തെരേസാസ് കോളേജിന്റെ ആദ്യ ചുവടുവെപ്പാണ് ഈ നേട്ടമെന്നും ഡോ. സജിമോള്‍ പറഞ്ഞു. പഠന നിലവാരം ഉയര്‍ത്തുന്നതിന് കോളേജിലെ അടിസ്ഥാന സൗകര്യ വികസനം പ്രധാന ഘടകമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കോളേജിന്റെ നേട്ടം കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണെന്ന് ഡയറക്ടര്‍ ഡോ. സിസ്റ്റര്‍ വിനീത പറഞ്ഞു. മാനേജ്‌മെന്റിന്റെ പൂര്‍ണ സഹകരണവും
അധ്യാപകരുടെയും അനധ്യാപകരുടെയും പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനവുമാണ് ഈ നേട്ടം കൈവരിക്കാന്‍ കോളേജിനെ പ്രാപ്തമാക്കിയത്. ഇക്കാര്യത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. സജിമോള്‍ അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളുടെ പ്രവര്‍ത്തനം എടുത്തുപറയേണ്ടതാണെന്നും സിസ്റ്റര്‍ വിനീത പറഞ്ഞു.

1925-ല്‍ വെറും 41 വിദ്യാര്‍ഥികളുമായി സ്ഥാപിതമായ സെന്റ് തെരേസാസ് കോളേജില്‍ ഇന്ന് 3500-ലേറെ വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നുണ്ട്. 2014-ല്‍ സ്വയംഭരണ പദവി ലഭിച്ച കോളേജിന് വിവിധ രാജ്യാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി പങ്കാളിത്തമുണ്ട്.