
മഞ്ചേരി: മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത രണ്ടാനച്ഛന് 57 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് മഞ്ചേരി പോക്സോ കോടതി. പെൺകുട്ടിയെ മുമ്പ് പീഡിപ്പിച്ചതിന്‍റെ ശിക്ഷയിൽ കഴിയവേ ജാമ്യത്തിലിറങ്ങി പ്രതി വീണ്ടും കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. തമിഴ്‌നാട് തിരുവാരൂര്‍ സ്വദേശിയെയാണ് മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്.
2017 മുതൽ 21 വരെയുള്ള കാലഘട്ടത്തിൽ പെൺകുട്ടിയെ രണ്ടാനച്ഛൻ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നു. ഈ കേസിൽ ഇയാൾ 41 വർഷം കഠിന തടവ് അനുഭവിച്ച വരവേയാണ് വീണ്ടും പീഡനം നടന്നത്. തൃശൂർ മോഡൽ ഹോമിൽ സർക്കാരിന്‍റെ സംരക്ഷണയിൽ കഴിഞ്ഞു വരുന്നതിനിടെ 2022 ഡിസംബറിൽ പത്ത് ദിവസത്തേക്ക് കുട്ടിയെ അധികൃതരുടെ അനുമതിയോടെ അമ്മ വീട്ടിലെത്തിച്ചിുന്നു. ഈ സമയത്ത് ജാമ്യത്തിലിറങ്ങിയ പ്രതി വീട്ടിലെത്തി കുട്ടിയെ വീണ്ടും ക്രൂര പീഡനത്തിനിരയാക്കി.
അമ്മ ജോലിക്ക് പോയ സമയത്തായിരുന്നു പീഡനം. മോഡൽ ഹോം അധികൃതരോടാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് അധികൃതരുടെ പരാതിയിൽ കേസെടുത്ത വനിതാ പൊലീസ് പ്രതിയ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരു കേസുകളും അന്വേഷിച്ചത് മലപ്പുറം വനിതാ പൊലീസ് ആയിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയെ രണ്ടാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നെങ്കിലും തെളിവുകളുടെ അഭാവത്താൽ കോടതി ഇവരെ വെറുതെ വിട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group