ചങ്ങനാശ്ശേരി കെഎസ്ആർടിസി ഡിപ്പോയിൽ ഓണാഘോഷ പരിപാടിക്കിടെ സ്റ്റേഷന്‍ മാസ്റ്ററെ ചവിട്ടി വീഴ്ത്തിയ സംഭവം : മൂന്നുപേർക്ക് സസ്പെൻഷൻ; ഒരാൾക്ക് സ്ഥലം മാറ്റം

Spread the love

ചങ്ങനാശേരി: ചങ്ങനാശേരി കെഎസ്‌ആര്‍ടിസി ഡിപ്പോയിലെ ഓണാഘോഷ പരിപാടികള്‍ അതിരുകടന്ന് മദ്യലഹരിയില്‍ ഒരുവിഭാഗം ജീവനക്കാര്‍ സ്റ്റേഷന്‍മാസ്റ്റര്‍ വി.ജെ. ബിനുവിനെ മര്‍ദിക്കുകയും ചവിട്ടിവീഴ്ത്തുകയും ചെയ്ത സംഭവത്തില്‍ മൂന്നു മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. ഇതേവിഭാഗത്തിലെ വകുപ്പു മേധാവിയായ വനിതാ ഉദ്യോഗസ്ഥയ്ക്ക് സ്ഥലംമാറ്റം. അരുണ്‍കുമാര്‍, നിധിന്‍, പി.പി. രാജേഷ് എന്നിവരെയാണ് കെഎസ്‌ആര്‍ടിസിയുടെ വിജിലന്‍സ് വിഭാഗത്തിന്‍റെ അന്വേഷണത്തെത്തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തത്.

വകുപ്പു മേധാവിയും ഡിപ്പോ അസിസ്റ്റന്‍റ് എന്‍ജിനിയറുമായ വനിതാ ഉദ്യോഗസ്ഥയെ കണ്ണൂര്‍ ഡിപ്പോയിലേക്കു സ്ഥലം മാറ്റിയതായും സൂചനയുണ്ടെങ്കിലും ഇന്നോ നാളയോ മാത്രമേ ഇതുസംബന്ധിച്ച വിവിരം സ്ഥിരീകരിക്കപ്പെടുകയുള്ളൂ. താത്കാലിക ഡ്രൈവര്‍ ദുര്‍ഗാ പ്രസാദിനെ നേരത്തേതന്നെ ഡ്യൂട്ടിയില്‍നിന്നു മാറ്റി നിര്‍ത്തിയിരുന്നു.

വിജലന്‍സ് ഓഫീസറുടെ ചുമതലയുള്ള എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ. ഷാജി കഴിഞ്ഞദിവസം ചങ്ങനാശേരി ഡിപ്പോയിലെത്തി അന്വഷണം നടത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ജീവനക്കാര്‍ക്കെതിരേ നടപടിയുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓണാഘോഷ പരിപാടിയുടെ നിശ്ചയിക്കപ്പെട്ട സമയം കഴിഞ്ഞപ്പോള്‍ മൈക്ക് ഓഫ് ചെയ്ത് പരിപാടി അവസാനിപ്പിക്കണമെന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ വി.ജെ. ബിനു നിര്‍ദേശിച്ചു. രണ്ടു പാട്ടുകള്‍ പാടാന്‍ അവസരം നല്‍കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു. അതുകഴിഞ്ഞപ്പോള്‍ പരിപാടി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷന്‍മാസ്റ്റര്‍ ബിനു മൈക്ക് ഓഫ് ചെയ്തു. എന്നാല്‍, രാത്രി പത്തുവരെ ആഘോഷം വേണമെന്ന് മദ്യലഹരിയിലായിരുന്ന ഒരു വിഭാഗം ജീവനക്കാര്‍ ആവശ്യപ്പെട്ടു. ഇതു പാടില്ലെന്നു പറഞ്ഞ സ്റ്റേഷന്‍ മാസ്റ്ററെ ‌കൈയേറ്റം ചെയ്യുകയും ചവിട്ടിവീഴ്ത്തുകയുമായിരുന്നു. ഡിപ്പോയിലെ സിസി ടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സിഎംഡിയുടെ കോട്ടയം വിജിലന്‍സ് വിഭാഗം പരിശോധിച്ചു ബോധ്യപ്പെട്ട് പ്രശ്നം സൃഷ്ടിച്ചവര്‍ക്കെതിരേ റിപ്പോര്‍ട്ടു നല്‍കിയിരുന്നു.

ചവിട്ടേറ്റ് നിലത്തുവീണ സ്റ്റേഷന്‍ മാസ്റ്റര്‍ വി.ജെ. ബിനു മുഖത്തും നെറ്റിക്കും പരിക്കേറ്റ് ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സംഭവദിനം രാത്രി തന്നെ ചങ്ങനാശേരി പോലീസ് മൊഴിയെടുക്കുകയും പിറ്റേന്ന് ചങ്ങനാശേരി എസ്‌എച്ച്‌ഒയുടെ മേല്‍നോട്ടത്തില്‍ വീണ്ടും സ്റ്റേഷന്‍ മാസ്റ്ററില്‍നിന്നു വിശദമായി കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തിരുന്നു.

മര്‍ദനമേറ്റ സ്റ്റേഷന്‍ മാസ്റ്റര്‍ ബിനു എടിഒ അഭിലാഷിനു നല്‍കിയ പരാതി, അദ്ദേഹം ഉന്നത ഉദ്യോഗസ്ഥര്‍ക്കു കൈമാറുകയായിരുന്നു. കഴിഞ്ഞ രണ്ടിന് ചങ്ങനാശേരി ഡിപ്പോയില്‍ നടന്ന ഓണാഘോഷ പരിപാടികളാണ് അതിരുവിട്ട് അലങ്കോലമായത്. നിശ്ചിത സമയത്തിലധികം ഓണാഘോഷം അനുവദിച്ചതാണ് കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.