സംസ്ഥാന സ്കൂൾ കലോത്സവം കോഴിക്കോട്ട്;2023 ജനുവരി മൂന്നു മുതൽ ഏഴ് വരെ അഞ്ച് ദിവസം നീളുന്ന ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയുടെ പ്രധാന വേദി വെസ്റ്റ് ഹിൽ വിക്രം മൈതാനി.ആകെ 25 വേദികൾ കലോത്സവത്തിനായി സജ്ജീകരിക്കും.
61-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് അടുത്തവർഷം ആദ്യം കോഴിക്കോട് തിരിതെളിയും. ജനുവരി മൂന്നു മുതൽ ഏഴു വരെയാണ് സ്കൂൾ കലോത്സവം. കോഴിക്കോട് വെസ്റ്റ് ഹീലിലുള്ള വിക്രം മൈതാനമാണ് പ്രധാന വേദി. കൊവിഡിനെ തുടർന്നുള്ള രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്നത്.
പ്രധാന വേദിയായ വിക്രം മൈതാനമടക്കം 25 വേദികളാണ് പരിപാടികൾക്കായി ഒരുക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കലോത്സവ നടത്തിപ്പിനായുള്ള
സ്വാഗതസംഘം രൂപീകരിച്ചു. സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള 14,000 ത്തോളം വിദ്യാർഥികൾ കലോത്സവത്തിൽ മാറ്റുരയ്ക്കും. വേദികളുടെ എണ്ണം വർധിപ്പിച്ചതോടെയാണ് ഇക്കുറി അഞ്ച് ദിവസം കൊണ്ട് കലോത്സവത്തിനു തിരശീല വീഴുന്നത്. കലോത്സവ ജേതാക്കൾക്കുള്ള സമ്മാനത്തുക വർധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
2019 ലാണ് ഏറ്റവും ഒടുവിൽ സംസ്ഥാന സ്കൂൾ കലോത്സവം നടന്നത്. 60-ാമത് സ്കൂൾ കലോത്സവത്തിനു അന്ന് വേദിയായത് കാസർകോട് ജില്ലയായിരുന്നു. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചായിരുന്നു പരിപാടികൾ നടന്നത്. 951 പോയിന്റുകളോടെ പാലക്കാട് ജില്ലയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. കണ്ണൂരും കോഴിക്കോടും രണ്ടാം സ്ഥാനം പങ്കിടുകയും ചെയ്തു. അതേസമയം സംസ്ഥാന സ്കൂൾ കലോത്സവത്തിനു മുന്നോടിയായി സബ് ജില്ല, ജില്ല മത്സരങ്ങൾ ഈ മാസം 30 നു മുമ്പ് പൂർത്തിയാക്കണമെന്ന് നിർദേശമുണ്ട്. സംസ്ഥാന സ്കൂൾ കായികമേള ഡിസംബർ മൂന്നു മുതൽ ആറു വരെ തിരുവനന്തപുരത്ത് നടക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group