
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ ചാമ്പ്യന്മാരാകുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിൽ നൽകുന്ന സ്വർണക്കപ്പ് റെഡി. ഇനി ഏത് ജില്ല കപ്പിൽ മുത്തമിടും എന്ന കാത്തിരിപ്പിലാണ് കായികപ്രേമികൾ.
ഇനി രണ്ട് ദിവസം മാത്രമാണ് ശേഷിക്കുന്നത്. രണ്ടാം ദിനം ചാമ്പ്യന്മാരാകുന്ന ജില്ല സ്വർണക്കപ്പ് സ്വന്തമാക്കും. അഖിലേഷ് അശോകൻ ആണ് സ്വർണക്കപ്പ് രൂപകൽപ്പന ചെയ്തത്.
കേരളീയതയുടെ പ്രതീകമായാണ് കപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കാഹളം മുഴക്കുന്ന തനത് സംഗീത ഉപകരണമായ കൊമ്പ് ആണ് കപ്പിലെ പ്രധാന ആകർഷണം. ഒപ്പം സ്‌പോർട്‌സിന്റെ വെളിച്ചം കെടാതെ സൂക്ഷിക്കുന്ന ദീപശിഖയും കപ്പിന്റെ മറ്റൊരു പ്രത്യേകതയാണ്. പതിനാല് ജില്ലകളെ പ്രതിനിധീകരിച്ച് ഒളിമ്പിക്‌സ് മാതൃകയിലുള 14 വളയങ്ങൾ പതിനാല് ആനകൾ, ഇൻക്ലൂസീവ് സ്‌പോർട്‌സിനെ ഉൾപ്പെടെ പ്രതിനിധാനം ചെയ്യുന്ന പതിനാല് കായിക ഇനങ്ങൾ എന്നിവ കപ്പിൽ ആലേഖനം ചെയ്തിട്ടുണ്ട്.സംസ്ഥാന സ്‌കൂൾ കായികമേളയുടെ സ്ഥിരം ലോഗോയും കപ്പിൽ പതിപ്പിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏകദേശം 4.37കിലോഗ്രാം ആണ് മൊത്തം ഭാരം. കപ്പിന് ലൈഫ് ലോങ്ങ് സൗജന്യ മെയിന്റനൻസും ഒരു വർഷത്തെ ഇൻഷുറൻസ് പരിരക്ഷയും നിർമ്മാതാക്കൾ ഉറപ്പുനൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സ്വർണക്കപ്പിനെ വരവേൽക്കുന്നതിനായി നാളെ തലസ്ഥാന നഗരിയിൽ വിപുലമായ ഘോഷയാത്ര സംഘടിപ്പിക്കുന്നു. കിഴക്കേകോട്ടയിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര സെൻട്രൽ സ്റ്റേഡിയത്തിൽ സമാപിക്കും.
പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കപ്പ് ഏറ്റുവാങ്ങും. തുടർന്ന് കപ്പ് സുരക്ഷയ്ക്കായി ട്രഷറിയിൽ സൂക്ഷിക്കുന്നതാണ്.




