
കോട്ടയത്ത് മുവാറ്റുപുഴയാറ് ഉൾപ്പടെ സംസ്ഥാനത്തെ 14 നദികളിൽ നിന്നും മണലെടുക്കാൻ സർക്കാർ അനുമതി ; നടപടി റിവർ മാനേജ്‌മെന്റ് അതോറിട്ടിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ
സ്വന്തം ലേഖകൻ
തിരുവനനന്തപുരം: സംസ്ഥാനത്തെ 26 നദികളിൽ 14 നദികളിൽ നിന്നും മണലെടുക്കാൻ സർക്കാർ അനുമതി നൽകി. ആദ്യഘട്ടത്തിൽ സാൻഡ് ഓഡിറ്റിങ് നടത്തിയ 26 നദികളിൽ 14 എണ്ണത്തിൽ നിന്നും മണൽ നീക്കം ആരംഭിക്കാമെന്നാണ് റിപ്പോർട്ട്.
അതേസമയം 12 നദികളിൽ ആവശ്യത്തിനു മണൽ ലഭ്യമല്ലാത്ത സാഹചര്യത്തിൽ മണലെടുക്കാൻ അനുമതി നൽകേണ്ടതില്ലെന്ന് ഓഡിറ്റിങ്ങിന് നേതൃത്വം നൽകിയ റിവർ മാനേജ്‌മെന്റ് അതോറിറ്റി സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പമ്പ (പത്തനംതിട്ട), പെരിയാർ(ഇടുക്കി, എറണാകുളം), മൂവാറ്റുപുഴയാർ (എറണാകുളം, കോട്ടയം), ചാലിയാർ(മലപ്പുറം, കോഴിക്കോട്), ഭാരതപ്പുഴ ഒന്നാം സ്‌ട്രെച്ച് (പാലക്കാട്), ഭാരതപ്പുഴ മൂന്നാം സ്‌ട്രെച്ച് (മലപ്പുറം, പാലക്കാട്), ഉപ്പളപുഴ, ഷിറിയപ്പുഴ (രണ്ടും കാസർകോട്), മയ്യഴിപ്പുഴ, വളപട്ടണം പുഴ(രണ്ടും കണ്ണൂർ), അച്ചൻകോവിലാർ(പത്തനംതിട്ട), കടലുണ്ടിപ്പുഴ(മലപ്പുറം), പെരുവമ്പ്ര, ചന്ദ്രഗിരിപ്പുഴ(രണ്ടും കാസർകോട്)എന്നീ 15 നദികളിൽ നിന്നും മണലെടുക്കുന്നതിനാണ് സർക്കാർ ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്.
ഇവിടങ്ങളിൽ മണലെടുക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്താൻ ജില്ലാ കളക്ടർമാർക്കു സർക്കാർ നിർദേശം നൽകി. മറ്റു രണ്ടു നദികളിലെ സാൻഡ് ഓഡിറ്റ് റിപ്പോർട്ട് സർക്കാർ പരിശോധിച്ചു വരുന്നു. അംഗീകരിക്കുന്ന മുറയ്ക്കായിരിക്കും കളക്ടർമാർക്ക് നിർദേശം നൽകുക.
അനുമതി ലഭിച്ച നദികളിൽ നിന്നു മണൽ വാരാനുള്ള മൈനിങ് പ്ലാൻ തയാറാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാനാണു ജില്ലാ കളക്ടർമാർക്കു നിർദേശം നൽകിയത്.
അതേസമയം ഒന്നിലധികം ജില്ലകളിലൂടെ ഒഴുകുന്ന നദികളാണെങ്കിൽ അതാതു ജില്ലകളിലെ കളക്ടർമാർ മണൽ വാരുന്നതിനുള്ള പാരിസ്ഥിതിക അനുമതി നേടണം.
പാരിസ്ഥിതിക അനുമതി നേടാതെ മണൽ വാരിയാൽ ഹരിത ട്രൈബ്യൂണൽ ചുമത്തുന്ന പിഴ ഉൾപ്പടെ നേരിടേണ്ടി വരും. ഇതെല്ലാം മുൻകൂട്ടി കണ്ടു കൊണ്ടുള്ള നടപടികളാണു സ്വീകരിക്കേണ്ടതെന്നും കലക്ടർമാർക്കു നൽകിയ നിർദേശത്തിൽ പറയുന്നു. ഓരോ കടവിലും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിനാകും മണൽ വാരാൻ അനുമതി നൽകുക.
രണ്ടാഴ്ച മുൻപ് ചേർന്ന മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനത്തെ 44 നദികളിലെയും മണൽ വാരുന്നതിനായി സാൻഡ് ഓഡിറ്റിങ് നടത്താൻ അനുമതി നൽകിയിരുന്നു. നദികളിലെ ഒഴുക്കു സുഗമമാക്കാനാണു നടപടി.
കഴിഞ്ഞ മഹാപ്രളയത്തിൽ പമ്പയിൽ അടിഞ്ഞ ചെളിയും മണലും നീക്കം ചെയ്യുന്നതു സംബന്ധിച്ചു വനം വകുപ്പും സർക്കാരും തമ്മിൽ നിയമപ്രശ്‌നം ഉടലെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പമ്പയിൽ നിന്നു മണൽ നീക്കാമെന്ന സാൻഡ് ഓഡിറ്റിങ് റിപ്പോർട്ട് വന്നത്.