33 വേദികള്‍; ആയിരത്തിലധികം കലാകാരന്മാര്‍; ഓണം വാരാഘോഷം സെപ്റ്റംബര്‍ മൂന്ന് മുതല്‍; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

Spread the love

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

സെപ്റ്റംബര്‍ മൂന്നിന് വൈകിട്ട് ആറുമണിക്ക് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ സംവിധായകനും നടനുമായ ബേസില്‍ ജോസഫ്, തമിഴ് നടന്‍ ജയം രവി എന്നിവര്‍ മുഖ്യാതിഥികളാകും. ദീപാലങ്കാരവും ഘോഷയാത്രയും കലാപരിപാടികളും ഉള്‍പ്പെടെ മുന്‍വര്‍ഷങ്ങളേക്കാള്‍ വിപുലമായി ഇക്കൊല്ലത്തെ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംഗീത, നൃത്ത, വാദ്യഘോഷങ്ങളോടെ സെപ്റ്റംബര്‍ ഒൻപത് വരെ വിപുലമായ പരിപാടികളോടെയാണ് ഓണം വാരാഘോഷം സംഘടിപ്പിക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം നിശാഗന്ധിയില്‍ മ്യൂസിക്ക് നൈറ്റ് അരങ്ങേറും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിന്റെ പരമ്പരാഗതവും തനിമ തുടിക്കുന്നതുമായ കലാരൂപങ്ങള്‍ക്കൊപ്പം ആധുനിക കലകളും സംഗീത, ദൃശ്യ വിരുന്നുകളും ആയോധന കലാപ്രകടനങ്ങളും ഓണം വാരാഘോഷത്തിന് മാറ്റുകൂട്ടും. സെന്‍ട്രല്‍ സ്റ്റേഡിയം, പൂജപ്പുര മൈതാനം, ഗ്രീന്‍ ഫീല്‍ഡ്, ശംഖുമുഖം, ഭാരത് ഭവന്‍, ഗാന്ധിപാര്‍ക്ക്, വൈലോപ്പിളളി സംസ്‌കൃതി ഭവന്‍, മ്യൂസിയം കോമ്പൗണ്ട് തുടങ്ങി 33 വേദികളിലാണ് കലാപരിപാടികള്‍ അരങ്ങേറുക.

ആയിരക്കണക്കിന് കലാകാരന്മാര്‍ ഇതില്‍ ഭാഗമാകും. വര്‍ക്കല ടൂറിസം കേന്ദ്രത്തിലും നെടുമങ്ങാടും വിപുലമായ പരിപാടികള്‍ അരങ്ങേറുമെന്നും മന്ത്രി പറഞ്ഞു.