സംസ്ഥാനത്ത് താപനില ഉയരുന്നു; ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ മൂന്നാറിലും പൊന്നാനിയിലും; പകല്‍ 10 മണി മുതല്‍ മൂന്ന് മണി വരെ പൊതുജനങ്ങള്‍ സുരക്ഷാ മുൻകരുതലുകള്‍ സ്വീകരിക്കണം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കത്തിക്കയറുകയാണ്. താപനില ഉയരുന്നതിനോടൊപ്പം അള്‍ട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ദുരന്ത നിവാരണ അതോറിറ്റി.

video
play-sharp-fill

പകല്‍ 10 മണി മുതല്‍ മൂന്ന് മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നതെന്നും പൊതുജനങ്ങള്‍ സുരക്ഷാമുൻകരുതലുകള്‍ സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്. ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അള്‍ട്രാ വയലറ്റ് സൂചികാ വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

ഇതനുസരിച്ച്‌ കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിച്ചത് ഇടുക്കി ജില്ലയിലെ മൂന്നാറിലും മലപ്പുറം ജില്ലയിലെ പൊന്നാനിയിലുമാണ്. ഇവിടങ്ങളില്‍ അള്‍ട്രാ വയലറ്റ് സൂചിക ഒൻപതാണ് രേഖപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ കേന്ദ്രങ്ങളില്‍ ഓറഞ്ച്, യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ കോന്നി (ഏഴ്), കൊല്ലം ജില്ലയിലെ കൊട്ടാരക്കര (ഏഴ്), പാലക്കാട് ജില്ലയിലെ തൃത്താല (ഏഴ്), ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ (ആറ്), വയനാട് ജില്ലയിലെ മാനന്തവാടി (ആറ്), എറണാകുളം ജില്ലയിലെ കളമശേരി (ആറ്) എന്നിവിടങ്ങളില്‍ യെല്ലോ അലേർട്ടാണ്.

കൂടാതെ, മലമ്പ്രദേശങ്ങള്‍ ഉഷ്ണമേഖലാ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പൊതുവെ യു വി സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യു വി സൂചികയുണ്ടാവാം. പുറം ജോലികളില്‍ ഏർപ്പെടുന്നവർ, കടലിലും ഉള്‍നാടൻ മല്‍സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികള്‍, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.