സംസ്ഥാനത്ത് ഏറ്റവും അധികം മഴ ലഭിച്ചത് ഇടുക്കി പീരുമേടില്‍; ബോട്ടിങ്, ക്വാറി ഖനന പ്രവര്‍ത്തനങ്ങള്‍, വിനോദ സഞ്ചാരത്തിനും നിയന്ത്രണം; പത്തനംതിട്ട മണിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; കനത്ത ജാഗ്രതാ നിർദേശം; എന്തും നേരിടാന്‍ സജ്ജമെന്ന് മന്ത്രി കെ രാജന്‍

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 12 മണിക്കൂറില്‍ ഏറ്റവും അധികം മഴ ലഭിച്ചത് ഇടുക്കി പീരുമേടില്‍.

124 മി.മീ ( ഓറഞ്ച് അലര്‍ട്ടിന് സമാനമായ മഴ) ആണ് പീരുമേടില്‍ ലഭിച്ച മഴ. എറണാകുളം ജില്ലയില്‍ 99 മി.മീ മഴ ലഭിച്ചപ്പോള്‍ വയനാട് പടിഞ്ഞാറത്തറ 90 മി.മീറ്ററും മഴ ലഭിച്ചു. വൈകുന്നേരം 6.30വരെയുള്ള കണക്ക് പ്രകാരമാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഴ കനത്തതോടെ നിരവധി നിയന്ത്രണങ്ങളും കൊണ്ടുവന്നിട്ടുണ്ട്.
പാലക്കാട് കാഞ്ഞിരപ്പുഴ ഡാമില്‍ ബോട്ടിങ് നിരോധിച്ചു. പാലക്കാട് ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ ഡി.ടി.പി.സിയുടെ കീഴിലുള്ള കാഞ്ഞിരപ്പുഴ ഡാമിലെ ബോട്ടിങ് നിരോധിച്ചതായി ഡി.ടി.പി.സി. സെക്രട്ടറി അറിയിച്ചു.

മഴ ശമിക്കുന്നത് വരെ നിരോധനം തുടരും. അതേസമയം, മഴ കനക്കാൻ സാധ്യതയുള്ളതുകൊണ്ട് കോഴിക്കോട് ജില്ലയില്‍ ക്വാറി പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാൻ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

കണ്ണൂരില്‍ മലയോര മേഖലയിലേക്ക് രാത്രി 10ന് ശേഷം യാത്ര നിരോധനമേര്‍പ്പെടുത്തി. കൂടാതെ ക്വാറി, ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കുണ്ട്. വിനോദ സഞ്ചാരത്തിനും നിയന്ത്രണമേര്‍പ്പെടുത്തി.

കേരളത്തില്‍ മണിമല, പമ്പ, ഭാരതപ്പുഴ, ചാലക്കുടിപ്പുഴ അടക്കം ഏഴ് നദികളില്‍ ജലനിരപ്പ് ഉയരുന്നതായി കേന്ദ്ര ജല കമ്മീഷൻ മുന്നിറിയിപ്പ് നല്‍കിയിട്ടുണ്ട്. അറബിക്കടല്‍ തീരദേശ ന്യൂന മര്‍ദ്ദ പാത്തി, ബംഗാള്‍ ഉള്‍ക്കടല്‍ ചക്രവാതചുഴി എന്നിവയുടെ സ്വാധീനത്തില്‍ കേരളത്തില്‍ കാലവര്‍ഷം സജീവമായി തുടരുകയാണ്.