
യുജിസി കരട് നിര്‍ദേശങ്ങള്‍ ഫെഡറലിസത്തെ തകര്‍ക്കുന്നു, സംസ്ഥാനങ്ങളെ പൂര്‍ണമായും ഒഴിവാക്കാൻ ശ്രമിക്കുന്നു, രാഷ്ട്രീയ യജമാനന്മാര്‍ക്കുവേണ്ടി ഗവര്‍ണര്‍മാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: യുജിസി കരട് നിര്‍ദേശങ്ങള്‍ ഫെഡറലിസത്തെ തകര്‍ക്കുന്നതാണെന്നും സംസ്ഥാനങ്ങളെ പൂര്‍ണമായും ഒഴിവാക്കാനാണ് യുജിസിയുടെ ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. യുജിസി കരട് റെഗുലേഷനെതിരെ ബിജെപി ഇതര സംസ്ഥാനങ്ങളെ അണിനിരത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ദേശീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
നിയമസഭ മന്ദിരത്തിൽ നടക്കുന്ന കണ്‍വെൻഷനിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും പങ്കെടുത്തു. യുജിസി കരട് നിര്‍ദേശങ്ങളിലെ വിസി നിയമന നിര്‍ദേശങ്ങളോടാണ് പ്രധാന എതിര്‍പ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കരട് നിര്‍ദേശം ആരെയും വിസിയാക്കാൻ ചാന്‍സിലര്‍ക്ക് അധികാരം നൽകുന്നതാണ്. നിയമസഭകളുട അധികാരത്തെയാണ് വെല്ലുവിളിക്കുന്നത്.
ഗവര്‍ണര്‍മാര്‍ക്കെതിരെയും മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു. ബിജെപി ഇതര സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ സംസ്ഥാന സര്‍ക്കാരുകളെ സമ്മര്‍ദ്ദത്തിലാക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവര്‍ണര്‍മാര്‍ തീരുമാനമെടുക്കാൻ വൈകുകയാണ്. രാഷ്ട്രീയ യജമാനന്മാര്‍ക്കുവേണ്ടി ഗവര്‍ണര്‍മാര്‍ രാഷ്ട്രീയം കളിക്കുകയാണ്. കേരളത്തിലും സമാന സ്ഥിതിയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗവര്‍ണര്‍മാര്‍ ചാൻസിലര്‍ എന്ന നിലയ്ക്ക് രാഷ്ട്രീയ ഇടപെടൽ നടത്തുകയാണ്. കരട് നിര്‍ദേശത്തിൽ തിരുത്തൽ വേണമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയെ വാണിജ്യവത്കരിക്കാനാണ് നീക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൺവെൻഷൻ സംഘടിപ്പിച്ചതിന് സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുകയാണെന്നും യുജിസി ഭരണഘടനക്കുള്ളിൽ നിന്നായിരിക്കണം പ്രവര്‍ത്തിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
സർക്കാരുകൾ സർവകലാശാലകളെ പിന്തുണയ്ക്കുകയും സഹായിക്കുകയുമാണ് വേണ്ടത്. നിയന്ത്രിക്കുകയല്ല വേണ്ടത്. അക്കാദമിക സമൂഹമാണ് ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങൾ നടത്തേണ്ടത്. യുജിസി കരട് നിർദ്ദേശങ്ങൾക്കെതിരെ നിയമപരമായും ഭരണഘടനാപരമായും നീങ്ങണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കണ്‍വെൻഷനിൽ വൈസ് ചാന്‍സിലര്‍മാര്‍ പങ്കെടുത്തില്ല. തെലങ്കാന ഉപമുഖ്യമന്ത്രി, കർണാടക, തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിമാർ അടക്കം പരിപാടിയിൽ പങ്കെടുത്തു.