
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നൂറുദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആധുനിക നിലവാരത്തില്‍ നവീകരിച്ച ജില്ലയിലെ അഞ്ചു റോഡുകളുടെ ഉദ്ഘാടനം ഇന്നു നടക്കും. ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ നവീകരിച്ച കാരിത്താസ്- അമ്മഞ്ചേരി, കരിക്കാട്ടൂര്‍ -മുക്കട, മണര്‍കാട്-കിടങ്ങൂര്‍, കോട്ടയം ലോവര്‍ ബസാര്‍ (ബേക്കര്‍ ജംഗ്ഷന്-ഇല്ലിക്കല്‍), കാണക്കാരി-തോട്ടുവ റോഡുകളുടെ ഉദ്ഘാടനം വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിക്കും.
പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍ പങ്കെടുക്കും. അതതു സ്ഥലങ്ങളില്‍ നടക്കുന്ന ചടങ്ങില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ പങ്കെടുക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എംസി റോഡില്‍ കാരിത്താസ് ജംഗ്ഷനില്‍നിന്ന് ആരംഭിച്ച് ആര്‍പ്പൂക്കര അമ്മഞ്ചേരി ജംഗ്ഷന് വരെയുള്ള 1.60 കിലോമീറ്റര്‍ റോഡ് ഏഴു മീറ്റര്‍ കാരേജ് വേയോടെ 2.24 കോടി രൂപ ചെലവിലാണ് നവീകരിച്ചത്. ആധുനിക രീതിയില്‍ പുനരുദ്ധരിച്ചതോടെ ഏറ്റുമാനൂരില്‍നിന്നും മെഡിക്കല്‍ കോളജിലേക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ചേരാനാകും. അരികുചാലുകള്‍, കലുങ്ക് എന്നിവ നിര്‍മിച്ച് വെള്ളമൊഴുക്ക് സുഗമമാക്കിയിട്ടുണ്ട്. അമ്മഞ്ചേരി ജംഗ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വി.എന്‍. വാസവന് ഫലകം അനാച്ഛാദനം ചെയ്യും. തോമസ് ചാഴികാടന് എംപി മുഖ്യാതിഥിയാകും.
പുനലൂര്‍-മൂവാറ്റുപുഴ ഹൈവേയില്‍ കരിക്കാട്ടൂര്‍ ജംഗ്ഷനില്‍നിന്ന് പൊന്തന്പുഴയിലൂടെ മുക്കടയില്‍ അവസാനിക്കുന്ന 2.4 കിലോമീറ്റര്‍ റോഡാണ് അഞ്ചുമീറ്റര്‍ വീതിയില്‍ 1.94 കോടി രൂപ ചെലവില്‍ നവീകരിച്ചത്. പുതിയ സംരക്ഷണ ഭിത്തികള്‍, ഓട, കലുങ്കുകള്‍ക്ക് നീളം കൂട്ടല്‍, തെര്‍മോ പ്ലാസ്റ്റിക് റോഡ് മാര്‍ക്കിംഗ്, റോഡ് സ്റ്റഡുകള്‍, റിട്രോ റിഫ്ലക്റ്റീവ് സെന്‍സര്‍ ബോര്‍ഡുകള്‍ , ഡെലിനേറ്റര്‍ പോസ്റ്റുകള്‍ എന്നിവയോടെയാണ് റോഡ് നവീകരിച്ചത്. കറിക്കാട്ടൂരില്‍ നടക്കുന്ന ചടങ്ങില്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് ഫലകം അനാച്ഛാദനം ചെയ്യും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും.
കോട്ടയം ബേക്കര്‍ ജംഗ്ഷന് മുതല്‍ ഇല്ലിക്കല്‍ വരെയുള്ള 4.12 കിലോമീറ്റര്‍ ലോവര്‍ ബസാര്‍ റോഡാണ് ആധുനിക രീതിയില്‍ 6.08 കോടി രൂപ ചെലവില്‍ നവീകരിച്ചത്. കലുങ്ക്, ഓട, സംരക്ഷണ ഭിത്തിയടക്കം എല്ലാവിധ റോഡ് സുരക്ഷാ ക്രമീകരണങ്ങളോടെയുമാണ് റോഡ് നവീകരിച്ചത്. അറുത്തൂട്ടി ജംഗ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഫലകം അനാച്ഛാദനം ചെയ്യും. തോമസ് ചാഴിക്കാടന് എംപി മുഖ്യാതിഥിയാകും.
മണര്‍കാട് – കിടങ്ങൂര്‍ റോഡില്‍ മണര്‍കാട് കവല മുതല്‍ കല്ലിട്ടുനട വരെയുള്ള 10 കിലോമീറ്ററാണ് രണ്ടു പ്രവര്‍ത്തികളായി 5.25 കോടി രൂപ ചെലവില്‍ നവീകരിച്ചത്. കലുങ്ക്, ഓട, സംരക്ഷണ ഭിത്തികള്‍, അരികുചാലുകള്‍ എന്നിവയടക്കം സ്ഥാപിച്ചാണ് റോഡ് നവീകരിച്ചത്. അയര്‍ക്കുന്നം ബസ് സ്റ്റാന്‍ഡ് കോംപ്ലക്സില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫലകം അനാച്ഛാദനം ചെയ്യും. തോമസ് ചാഴിക്കാടന് എംപി മുഖ്യാതിഥിയാകും.
വെമ്പള്ളിയില്നിന്ന് ആരംഭിച്ച് കുറുപ്പന്തറ-കുറവിലങ്ങാട് റോഡില്‍ അവസാനിക്കുന്ന കാണക്കാരി-തോട്ടുവ റോഡിന്റെ 7.20 കിലോമീറ്ററാണ് 4.31 കോടി രൂപ ചെലവിലാണ് നവീകരിച്ചത്. 5.5 മീറ്റര്‍ വീതിയില്‍ ആധുനിക നിര്‍മാണ രീതികള്‍ അവലംബിച്ച് നവീകരിച്ച റോഡിന് ആവശ്യമായ കലുങ്കുകളും ഐറിഷ് ഡ്രെയിനുകളും നിര്‍മിച്ചു. തെര്‍മോ പ്ലാസ്റ്റിക് റോഡ് മാര്‍ക്കിംഗ്, റിട്രോ റിഫ്ളക്ടീവ് സൂചനാബോര്‍ഡുകളും, റോഡ് സ്റ്റഡുകളും സ്ഥാപിച്ചിട്ടുണ്ട്. തോട്ടുവയില്‍ നടക്കുന്ന ചടങ്ങില്‍ മോന്‍സ് ജോസഫ് എംഎല്‍എ ഫലകം അനാച്ഛാദനം നിര്‍വഹിക്കും. തോമസ് ചാഴിക്കാടന് എംപി മുഖ്യാതിഥിയാകും.