video
play-sharp-fill
ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം; എല്‍ഡിഎഫ് ആറ് സീറ്റുകള്‍ നഷ്ടപ്പെട്ടു; 74.38 ശതമാനം പോളിംഗ്;  കോട്ടയം എരുമേലി പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി; ഒരു സീറ്റ് പുതുതായി വിജയിച്ച്‌  നേട്ടമുണ്ടാക്കി ബിജെപി

ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം; എല്‍ഡിഎഫ് ആറ് സീറ്റുകള്‍ നഷ്ടപ്പെട്ടു; 74.38 ശതമാനം പോളിംഗ്; കോട്ടയം എരുമേലി പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി; ഒരു സീറ്റ് പുതുതായി വിജയിച്ച്‌ നേട്ടമുണ്ടാക്കി ബിജെപി

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം.

എല്‍ഡിഎഫിന് ആറ് സീറ്റുകള്‍ നഷ്ടമായി.
അഞ്ച് സീറ്റുകള്‍ യുഡിഎഫും ഒരു സീറ്റ് ബിജെപിയും പിടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം എല്‍ഡിഎഫ് 13 സീറ്റുകള്‍ നിലനിര്‍ത്തിയപ്പോള്‍ ഒരെണ്ണം മാത്രമാണ് പിടിച്ചെടുത്തത്. തിരുവനന്തപുരം കടയ്ക്കാവൂര്‍ പഞ്ചായത്തിലെ നിലയ്ക്കാമുക്ക് വാര്‍ഡാണ് എല്‍ഡിഎഫ് യുഡിഎഫില്‍ നിന്നും പിടിച്ചെടുത്തത്.

കോട്ടയം എരുമേലി പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. ഒരു സീറ്റ് പുതുതായി വിജയിച്ച്‌ ബിജെപിയും നേട്ടമുണ്ടാക്കി.

3 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലേക്കും 2 നഗരസഭ വാര്‍ഡുകളിലേക്കും ഓരോ ജില്ലാ പഞ്ചായത്ത്, കോര്‍പറേഷന്‍ ഡിവിഷന്‍ വാര്‍ഡ്, ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് എന്നിവിടങ്ങളിലേക്കുമായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. 74.38 ശതമാനമാണ് പോളിംഗ്.

കാസര്‍ഗോഡ്, ഇടുക്കി ജില്ലകള്‍ ഒഴികെ മറ്റ് 12 ജില്ലകളില്‍ നിന്നായി 97 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.

കോട്ടയം

കോട്ടയം പാലാ കടപ്ലാമറ്റം പന്ത്രണ്ടാം വാര്‍ഡ് എല്‍ഡി എഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.

എരുമേലിയിലെ ഒഴക്കനാട് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അനിതാ സന്തോഷ് വിജയിച്ചു. എല്‍ഡിഎഫിലെ പുഷ്പാ ബാബുവിനെതിരെ 232 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. ഇതോടെ എല്‍ഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടു.

ആലപ്പുഴ

ജില്ലയില്‍ തണ്ണീര്‍മുക്കത്ത് ബിജെപിയുടെ ബിപി ബിനു 83 വോട്ടിന് വിജയിച്ചു. ബിജെപി സിറ്റിംഗ് സീറ്റാണിത്. എടത്വയിലെ തായങ്കരി വെസ്റ്റില്‍ സിപിഐഎമ്മിന്റെ വിനിത ജോസഫ് വിജയിച്ചു.

കൊല്ലം

ജില്ലയില്‍ കൊല്ലം കോര്‍പ്പറേഷനില്‍ ആര്‍എസ്പിക്ക് വിജയം. ആര്‍എസ്പിയുടെ ദീപു ഗംഗാധരന്‍ 638 വോട്ടുകള്‍ക്ക് വിജയിച്ചു. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് ആര്‍എസ്പി പിടിച്ചെടുത്തത്.

കോര്‍പ്പറേഷനിലെ മൂന്നാം ഡിവിഷനായ മീനത്തുചേരി വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫിനെ പരാജയപ്പെടുത്തി ആര്‍എസ്പി വിജയിച്ചത്. എല്‍ഡിഎഫിലെ സന്ധ്യ രാജു നീലകണ്ഠനെയാണ് ദീപു പരാജയപ്പെടുത്തിയത്.

ഇതിനുപുറമേ ഇടമുളയ്ക്ക് പഞ്ചായത്തിലെ തേവര്‍തോട്ടം വാര്‍ഡിലും വിളക്കുടി പഞ്ചായത്തിലെ കുന്നിക്കോട് വാര്‍ഡിലും എല്‍ഡിഎഫ് വിജയിച്ചു. സിപിഐഎമ്മിലെ പി അനില്‍ കുമാര്‍ 262 വോട്ടിനാണ് തേവര്‍തോട്ടത്തില്‍ വിജയിച്ചത്. ഇവിടെ ബിജെപി രണ്ടാമതെത്തിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പോയി. വിളക്കുടിയില്‍ എല്‍ഡിഎഫിന്റെ എന്‍ അനില്‍കുമാര്‍ വിജയിച്ചു. 241 വോട്ടുകള്‍ക്കാണ് വിജയം.

പത്തനംതിട്ട

കല്ലൂപ്പാറ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ എന്‍ഡിഎക്ക് അട്ടിമറി വിജയം. ഉപതെരഞ്ഞെടുപ്പിലൂടെ എല്‍ഡിഎഫില്‍ നിന്ന് എന്‍ഡിഎ സീറ്റ് പിടിച്ചെടുത്തു. ബിജെപി സ്ഥാനാര്‍ത്ഥി രാമചന്ദ്രന്‍ 93 വോട്ടുകള്‍ക്ക് വാര്‍ഡില്‍ വിജയിച്ചു. ഭരണകക്ഷിയായ എല്‍ഡിഎഫ് രണ്ടാം സ്ഥാനത്തും യുഡിഎഫ് മൂന്നാം സ്ഥാനത്തുമെത്തി. ഇന്ന് രാവിലെ 10 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടന്ന വോട്ടെണ്ണലിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ അപ്രതീക്ഷിത വിജയം.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സുജ സത്യന്റെ ഭര്‍ത്താവും പഞ്ചായത്തംഗവുമായിരുന്ന സത്യന്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഉ് 7, എല്‍ഡിഎഫ് 5, ബിജെപി 2 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. വിജയിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി 454 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി 361 വോട്ടുകളും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 155 വോട്ടുകളും ലഭിച്ചു.

തിരുവനന്തപുരം

തിരുവനന്തപുരം കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡ് എല്‍ ഡി എഫ് പിടിച്ചെടുത്തു. എല്‍ ഡി എഫിലെ ബീനാ രാജീവാണ് വിജയിച്ചത്.

132 വോട്ടുകളുടെ ഭൂരിപക്ഷത്തിന് യുഡിഎഫ് സ്ഥാനാര്‍ഥി സുനിതയെ പരാജയപ്പെടുത്തി. യുഡിഎഫ് മെമ്ബറായിരുന്ന ബീനാ രാജീവ് രാജിവച്ച്‌ സിപിഐഎമ്മില്‍ ചേരുകയായിരുന്നു.