
കൊറോണയ്ക്കിടെ ദുരന്തനിവാരണ അതോറിട്ടിയിൽ വഴിവിട്ട നിയമനത്തിന് നീക്കം ; അപേക്ഷ ക്ഷണിക്കാതെ യു.ഡി ക്ലർക്കിനെ ചീഫ് മാനേജരാക്കാൻ ശ്രമം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറെ ഭീതിയിലാഴ്ത്തി മുന്നേറി കൊണ്ടിരിക്കുന്നതിനിടയിൽ ദുരന്തനിവാരണ അതോറിട്ടിയിൽ വഴിവിട്ട നിയമനത്തിന് നീക്കം. റവന്യൂ വകുപ്പിലെ യു.ഡി. ക്ലാർക്കിനെ അതോറിട്ടിയുടെ ചീഫ് മാനേജരാക്കാനാണ് നീക്കം.
ഒരു ലക്ഷത്തിലേറെ രൂപയാണ് ചീഫ് മാനേജർക്ക് ശമ്പളമായി നൽകുക. പത്ത് വർഷത്തോളമായി അതോറിട്ടിയിൽ ഡെപ്യൂട്ടേഷനിൽ ജോലി നോക്കുന്ന സിജി.എം.തങ്കച്ചനെയാണ് ചീഫ് മാനേജരാക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചീഫ് മാനേജരുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് യോഗ്യരായവരെ കണ്ടെത്താതെ വളഞ്ഞവഴിയിലൂടെയാണ് നിയമനം നടത്തുന്നത്. ഇദ്ദേഹത്തെ ചീഫ് മാനേജരാക്കുന്നതിനുള്ള യോഗ്യത വിശദീകരിച്ചും, പരിസ്ഥിതി മാനേജരുടേതിന് തുല്യമായ ശമ്പള സ്‌കെയിൽ (77400115200) ശുപാർശ ചെയ്തും ദുരന്തനിവാരണ അതോറിട്ടി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് മേയ് 28ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നുണ്ട്.
തുടർന്ന് സിജി.എം. തങ്കച്ചനെ നിയമിക്കുന്നതിൽ തടസമില്ലെങ്കിൽ എൻ.ഒ.സി ലഭ്യമാക്കാനാവശ്യപ്പെട്ട് പ്രിൻസിപ്പൽ സെക്രട്ടറി ലാൻഡ് റവന്യൂ കമ്മിഷണർക്ക് കത്തു നൽകുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമായേക്കും.
റവന്യൂ വകുപ്പിന് കീഴിലുള്ള അതോറിട്ടിയുടെ ചെയർമാൻ മുഖ്യമന്ത്രിയും, വൈസ് ചെയർമാൻ റവന്യൂ മന്ത്രിയുമാണ്. ചീഫ് സെക്രട്ടറിയാണ് സി.ഇ.ഒ. ബിരുദാനന്തര ബിരുദവും ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പത്ത് വർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ എം.ഫിലും എട്ടു വർഷത്തെ പരിചയവും, ഇതുമല്ലെങ്കിൽ പിഎച്ച്.ഡിയും അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവുമാണ് ചീഫ് മാനേജർ തസ്തികയിലേക്കുള്ള യോഗ്യത.
ഈ നിബന്ധനകളെല്ലാം നിലനിൽക്കുമ്പോഴാണാ പത്തു വർഷമായി അതോറിട്ടിയിൽ(ആദ്യം എൽ.ഡി ക്ലാർക്കായും പിന്നീട് യു.ഡി ക്ലാർക്കായും) ഓഫീസ് ജോലി പരിചയസമ്പത്തുള്ള സിജി.എം. തങ്കച്ചനെ ചീഫ് മാനേജരായി നിയമിക്കുന്നത്.