play-sharp-fill
സംസ്ഥാനത്ത് കുട്ടികളുടെ മുങ്ങിമരണം തടയാന്‍ നീന്തല്‍ പരിശീലനം; ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ബാലാവകാശ കമ്മീഷന്‍ ഉത്തരവ്

സംസ്ഥാനത്ത് കുട്ടികളുടെ മുങ്ങിമരണം തടയാന്‍ നീന്തല്‍ പരിശീലനം; ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ബാലാവകാശ കമ്മീഷന്‍ ഉത്തരവ്

സ്വന്തം ലേഖിക

മലപ്പുറം: സംസ്ഥാനത്ത് കുട്ടികളുടെ മുങ്ങി മരണം തടയാൻ നീന്തല്‍ പരിശീലിപ്പിക്കണമെന്ന ഉത്തരവുമായി ബാലാവകാശ കമ്മീഷൻ.

മണ്ണാര്‍ക്കാട് ചെത്തല്ലൂര്‍ സ്വദേശി കൂരിക്കാടൻ അബ്ദുസലാം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷന്റെ നടപടി. 2022 ഏപ്രില്‍ 29ന് മാത്രം കേരളത്തില്‍ ആറ് കുട്ടികളാണ് മുങ്ങി മരിച്ചത്. ഈ സാഹചര്യം തടയുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടര്‍, കായിക വകുപ്പ് ഡയറക്ടര്‍, അഗ്നിരക്ഷ സേന ഡയറക്ടര്‍ ജനറല്‍ എന്നിവരുടെ നേതൃത്വത്തില്‍ നീന്തല്‍ പരിശീലനം നല്‍കാൻ ആണ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവ് നല്‍കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ വിഷയത്തില്‍ ആറ് മാസത്തിനകം കമീഷന് മുൻപാകെ ബന്ധപ്പെട്ടവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉത്തരവില്‍ പറയുന്നു. അപകടസാധ്യതയുള്ള ജലാശയങ്ങള്‍ക്കരികില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടര്‍ നിര്‍ദേശം നല്‍കണം. നീന്തല്‍ കായിക വിനോദമാക്കി പ്രാധാന്യം നല്‍കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടര്‍, കായിക വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്.

ജലാശയങ്ങളില്‍ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച്‌ അവബോധമില്ലായ്മയും നീന്തല്‍ അറിയാത്തതും കുട്ടികളുടെ മരണങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ ഇടപെടല്‍.