അറുപത്തിയഞ്ചുകാരനെ കുത്തിക്കൊന്നത് സഹതടവുകാരനായിരുന്ന സുഹൃത്ത് ; ഒന്നിച്ചിരുന്നു മദ്യപിച്ചപ്പോഴുണ്ടായ വാക്കു തർക്കം കൊലയ്ക്ക് കാരണമായി
സ്വന്തം ലേഖകൻ
കൊച്ചി: എറണാകുളം കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപം 65 വയസ്സുകാരനെ കുത്തിക്കൊന്നത് ജയിലിൽ വെച്ച് പരിചയപ്പെട്ട സഹതടവുകാരൻ. കെഎസ്ആർടിസി പരിസരത്തെ ചേമ്പിൻകാട് കോളനിയിൽ താമസിക്കുന്ന ദിലീപാണ് കുത്തേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ ഹരിപ്പാട് സ്വദേശി സ്റ്റാൻലിക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ഇരുവരുടെയും സുഹൃത്തായ ബിജുവിനെയും സ്റ്റാൻലി കുത്താൻ ശ്രമിച്ചിരുന്നു. സംഭവത്തിനു ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു. രാത്രിയോടെയാണ് സംഭവം നടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദിലീപ് 6 മാസം മുൻപ് എറണാകുളം റെയിൽവേ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായി ജയിലിൽ കിടന്നിരുന്നു. ഇവിടെ വച്ചാണ് സ്റ്റാൻലിയുമായുള്ള സൗഹൃദം തുടങ്ങുന്നത്. ശിക്ഷാ കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങിയ സ്റ്റാൻലി ദിലീപിനൊപ്പമായിരുന്നു താമസം.
സംഭവം നടന്ന രാത്രി ഇരുവരും ബിജുവും ചേർന്ന് മദ്യപിച്ചിരുന്നു. തുടർന്നു സ്റ്റാൻലി ദിലീപിനോടു പണം ആവശ്യപ്പെട്ടു. പണം നൽകാൻ ദിലീപ് വിസമ്മതിച്ചതോടെ വാക്കുതർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെയാണ് ദിലീപിനെ സ്റ്റാൻലി കുത്തിയതെന്ന് ബിജു പൊലീസിനു മൊഴിനൽകി. കുത്താൻ ഉപയോഗിച്ച കത്തി പൊലീസിനു കണ്ടെത്താൻ സാധിച്ചില്ല. കടവന്ത്ര പൊലീസ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം എറണാകുളം ജനറൽ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്.