
പാലക്കാട്: ബസ് ഓടിച്ചു കൊണ്ട് ജോമോൻ സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്യുന്നതായി വീഡിയോ ദൃശ്യങ്ങൾ പുറത്ത്. വടക്കഞ്ചേരി അപകടത്തിന് കാരണമായ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്റെ അഭ്യാസം എന്ന കുറിപ്പോടെയാണ് പല ഫേസ്ബുക്ക് അക്കൗണ്ടുകളും വീഡിയോ പങ്കുവെക്കുന്നത്
ബുധനാഴ്ച വൈകീട്ട് ഏഴുമണിക്ക് ആഘോഷപൂർവ്വം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ആരംഭിച്ച വിനോദയാത്ര ഒടുവിൽ തീരാനോവായി മാറുകയായിരുന്നു. വിദ്യാർത്ഥികളും അധ്യാപകരുമടക്കം ആഘോഷത്തിമിർപ്പിലായിരിക്കെയാണ് 11:30ഓടെ വടക്കഞ്ചേരി അഞ്ചു മൂർത്തി മംഗലത്ത് വച്ച് കെഎസ്ആർടിസി ബസ്സിന് പുറകിൽ അതിവേഗത്തിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയത്.
ഇടിയുടെ ആഘാതത്തിൽ റോഡിനു സമീപത്തെ ചതുപ്പിലേക്ക് മറിഞ്ഞ ബസിൽനിന്ന് ഏറെ പ്രയാസപ്പെട്ടാണ് രക്ഷാപ്രവർത്തകർ കുട്ടികളെ അടക്കം പുറത്തേക്ക് എത്തിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം വടക്കഞ്ചേരി അപകടത്തില്‍ ഡ്രൈവര്‍ ജോമോനെതിരെ പുതിയ വകുപ്പ് ചുമത്തി നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. ജോമോന്റെ രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അപകടസമയത്ത് മദ്യപിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കാനാണ് ഇത്.
കാക്കനാട് ലാബിലേക്കാണ് രക്തസാമ്പിള്‍ അയച്ചിരിക്കുന്നത്.വാഹന ഉടമയുടെ ഭാഗത്ത് പിഴവുണ്ടായിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഉച്ചയ്ക്ക് ശേഷം ജോമോനേയും കൊണ്ട് തെളിവെടുപ്പ് നടത്തും. ഇയാളുടെ മുന്‍കാല പശ്ചാത്തലം ഉള്‍പ്പടെ പരിശോധിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.