സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷൻ: കഴിഞ്ഞ നാലുവർഷത്തിനിടെ ഖജനാവിലെത്തിയത് 20,892 കോടി രൂപ

Spread the love

തിരുവനന്തപുരം: കഴിഞ്ഞ നാലുവർഷത്തിനിടെ സംസ്ഥാനത്ത് സ്റ്റാമ്പ് പേപ്പർ ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ ഖജനാവിൽ എത്തിയത് 20,892.26 കോടി രൂപ. ഇതിൽ 15,327.51 കോടിരൂപ സ്റ്റാമ്പ് പേപ്പർ ഡ്യൂട്ടിയും 5564.75 കോടി രൂപ രജിസ്ട്രേഷൻ ഫീസുമാണ്. 2021-22 സാമ്പത്തികവർഷം മുതൽ 2024-2025 വരെയുള്ള കണക്കാണിത്.

ഭൂമി, കെട്ടിടം, ഫ്ലാറ്റ്, കൊമേഴ്സ്യൽ വസ്തുക്കൾ എന്നിവയുടെ രജിസ്ട്രേഷനിലൂടെ ലഭിച്ച തുകയാണിതെന്നാണ് രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ ഓഫീസ് വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ 315 സബ് രജിസ്ട്രാർ ഓഫീസുകളിലൂടെയാണ് ആധാരം രജിസ്ട്രേഷൻ നടപ്പാക്കുന്നത്. സംസ്ഥാനത്ത് 4859 പേർ സ്വന്തമായി ആധാരം എഴുതി രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും വിവരാവകാശ പ്രവർത്തകനായ എം കെ ഹരിദാസിന് ലഭിച്ച മറുപടിയിൽ പറയുന്നു.

അതേസമയം, സംസ്ഥാനത്ത് ആധാരം എഴുത്തുകാർ, സർക്കാർ നിശ്ചയിച്ചതിനെക്കാൾ കൂടുതൽ ഫീസ് ഈടാക്കുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്. ഭൂമിവില എത്രയാണെങ്കിലും എട്ടു ലക്ഷത്തിനുമേലെ മൂല്യമുള്ള ആധാരത്തിന് 10,000 രൂപയെ ഫീസായി ഈടാക്കാവൂ എന്നാണ് സർക്കാർ നിബന്ധന. ഇത് കൂട്ടാക്കാതെ ഭൂമിയുടെ ആകെ വിലയുടെ അടിസ്ഥാനത്തിൽ ഉയർന്ന ഫീസ് ആധാരം എഴുത്തുകാർ ഈടാക്കുന്നു എന്നതാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group