കൊടിതോരണങ്ങളും മുത്തുക്കുടകളും ചൂടി അരുവിത്തുറ പട്ടണം ; ഇനി 18 ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ദിനങ്ങൾ ; അരുവിത്തുറ സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ തിരുനാളിനു നാളെ (22/04/2025) കൊടിയേറും

Spread the love

അരുവിത്തുറ: മധ്യകേരളത്തിലെ പ്രമുഖ തീര്‍ഥാടന ദേവാലയമായ അരുവിത്തുറ സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ (അരുവിത്തുറ വല്യച്ചൻ) തിരുനാളിനു നാളെ കൊടിയേറും.

24നാണ് പ്രധാന തിരുനാള്‍. 18 ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ മേയ് രണ്ടിനു സമാപിക്കും. പേപ്പല്‍ പതാകകളും കൊടിതോരണങ്ങളും മുത്തുക്കുടകളും ചൂടി അരുവിത്തുറ പട്ടണം തിരുനാളിനായി ഒരുങ്ങി. നാളെ വൈകുന്നേരത്തോടെ പള്ളിയും പരിസരവും ദീപാലംകൃതമാകും.

തിരുനാളിന് ഒരുക്കമായുള്ള നൊവേന 12ന് ആരംഭിച്ചിരുന്നു. നാളെ വൈകുന്നേരം നാലിന് വികാരി ജനറാള്‍
ഫാ. സെബാസ്റ്റ്യന്‍ വേത്താനത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 5.45ന് ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ കൊടിയേറ്റുകര്‍മം നിര്‍വഹിക്കും. തുടര്‍ന്ന് ആറിനു പുറത്തു നമസ്‌കാരം. 6.45ന് 101 പൊന്‍കുരിശുകളുമായി നഗരപ്രദക്ഷിണം. കൊടിയേറ്റിനു ശേഷം വടക്കേക്കര കുരിശു പള്ളിയിലേക്ക് നടക്കുന്ന 101 സ്വര്‍ണക്കുരിശുമേന്തിയുള്ള നഗരപ്രദക്ഷിണമാണ് തിരുനാളിന്‍റെ പ്രധാന ആകര്‍ഷണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

23ന് രാവിലെ 9.30ന് അരുവിത്തുറ വല്യച്ചന്‍റെ പ്രസിദ്ധമായ തിരുസ്വരൂപം മോണ്ടളത്തില്‍ പരസ്യവണക്കത്തിനായി പ്രതിഷ്ഠിക്കും. രാവിലെ 10നും 12നും 1.30നും 2.45നും വിശുദ്ധ കുര്‍ബാന, നൊവേന.

വൈകുന്നേരം 4.30ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച്‌ സന്ദേശം നല്‍കും. 6.30ന് തിരുനാള്‍ പ്രദക്ഷിണം. പ്രധാന തിരുനാള്‍ ദിനമായ 24ന് പൂര്‍ണദണ്ഡവിമോചന ദിനമാണ്. അന്നേ ദിവസം രാവിലെ 10ന് സീറോ മലബാര്‍ സഭ കൂരിയാ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ തിരുനാള്‍ റാസ അര്‍പ്പിച്ച്‌ സന്ദേശം നല്‍കും. 12.30ന് തിരുനാള്‍ പ്രദക്ഷിണം. രാവിലെ 5.30നും 6.45നും എട്ടിനും ഉച്ചകഴിഞ്ഞ് മൂന്നിനും 4.15നും 5.30നും 6.45നും വിശുദ്ധ കുര്‍ബാന, നൊവേന.

25ന് ഇടവകക്കാരുടെ തിരുനാളായി ആചരിക്കും. രാവിലെ 5.30 നും 6.45 നും 8 നും 9.15നും 10.30നും 12 നും 1.30 നും 2.45 നും വിശുദ്ധ കുര്‍ബാന, നൊവേന. വൈകുന്നേരം 4.30ന് ബിഷപ് മാര്‍ ജോസ് പുളിക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച്‌ സന്ദേശം നല്‍കും. രാത്രി ഏഴിന് തിരുസ്വരൂപ പുനഃപ്രതിഷ്ഠ. 7.30ന് ഫ്യൂഷന്‍ പ്രോഗ്രാം. മേയ് ഒന്ന് എട്ടാമിട ദിനത്തില്‍ വൈകുന്നേരം നാലിന് ബിഷപ് മാര്‍ ജോസഫ് കൊല്ലംപറന്പില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച്‌ സന്ദേശം നല്‍കും. പൂര്‍വിക സ്മരണയോടെ മേയ് രണ്ടിന് തിരുനാള്‍ സമാപിക്കും.