
കോട്ടയം : കഷ്ടപ്പാടിലും അന്യന്റെ മുതൽ ആഗ്രഹിക്കാത്ത വാകത്താനം സ്വദേശി ബിനോയ്ക്ക് ആദരമേകി നാലുന്നാക്കൽ സെന്റ് ആദായിസ് ജി എൽ പി സ്കൂൾ അധ്യാപകരും, പൂർവ വിദ്യാർത്ഥികളും, നാട്ടുകാരും
മനുഷ്യർ പണത്തിലും സ്വാർത്ഥ താൽപര്യങ്ങൾക്കും പിന്നാലെ ഓടുന്ന ഇന്നത്തെ കാലത്ത്
വഴിയിൽ കിടന്നു കിട്ടിയ ആറുലക്ഷം രൂപ ഉടമയെ കണ്ടെത്തി തിരികെ നൽകി നാടിനൊന്നാകെ മാതൃകയായി മാറിയ ബിനോയുടെ സത്യസന്ധത വലിയ വാർത്തയായി മാറിയിരുന്നു. തുടർന്നാണ് ബിനോയ് പഠിച്ച നാലുന്നാക്കൽ സെന്റ് ആദായീസ് ജി എൽ പി സ്കൂൾ അധികൃതർ ബിനോയിയെ ആദരിക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞദിവസം മീനടത്തുള്ള മരണവീട്ടിലേക്ക് പോകുന്ന വഴിയാണ് ബിനോയിക്ക് റോഡരികിൽ കിടന്ന് 6 ലക്ഷം രൂപ ലഭിക്കുന്നത് ,ഇത് പാമ്പാടി പോലീസിൽ ഏൽപ്പിക്കുകയും തുടർന്ന് ഉടമയെ കണ്ടെത്തി തിരികെ നൽകുകയുമായിരുന്നു ഇദ്ദേഹം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കടംകയറി നട്ടംതിരിയുന്ന ജീവിത സാഹചര്യത്തിലാണ് ടൈൽ പണിക്കാരനായ ബിനോയ്ക്ക് ഈ പണം കിട്ടിയതെങ്കിലും അത് പോലീസിന് കൈമാറി ഉടമസ്ഥനെ കണ്ടെത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു,
ഇങ്ങനെയാണ് സംഭവം…..
ഒരു മരണവുമായി ബന്ധപ്പെട്ട് മീനടത്തേക്ക് ബൈക്കിൽ യാത്ര ചെയ്യുന്ന അവസരത്തിലാണ് തന്റെ തൊട്ടു മുൻപിൽ ഓടിക്കൊണ്ടിരുന്ന കാറിന്റെ മുകളിൽ ഒരു കെട്ട് ഇരിക്കുന്നത് ബിനോയിയുടെ ശ്രദ്ധയിൽ പെടുന്നത്. അബദ്ധത്തിൽ വച്ചിരിക്കുന്നതാണ് എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാക്കിയ ബിനോയി തുടർച്ചയായി ഹോൺ മുഴക്കിയെങ്കിലും ശ്രദ്ധിക്കാതെ സ്പീഡിൽ പോയ കാറിൽ നിന്നും വളവ് തിരിയവേ കെട്ട് റോഡിലേക്ക് തെറിച്ചു വീണു.
കെട്ടുമെടുത്ത് ബിനോയി ഇലക്കൊടിഞ്ഞി വരെ കാറിന്റെ പിന്നാലെ പോയെങ്കിലും കാർ പിന്നിട് കണ്ടില്ല. കെട്ടിൽ പണമാണെന്ന് മനസിലായ ബിനോയി സുഹൃത്തായ പോലീസ് ഉദ്യോഗസ്ഥനെ വിവരം അറിയിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം പണം അടങ്ങിയ കെട്ട് സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ പാമ്പാടി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.
ഇവരുടെ സാന്നിധ്യത്തിൽ നോട്ടുകൾ എണ്ണി തിട്ടപ്പെടുത്തിയപ്പോൾ അത് 6 ലക്ഷം രൂപാ ഉണ്ടായിരുന്നു. പിറ്റേന്ന് പത്രത്തിലൂടെ വിവരമറിഞ്ഞ പണം നഷ്ടപ്പെട്ടയാൾ പാമ്പാടി സ്റ്റേഷനിൽ എത്തി നിയമപരമായ നടപടികൾക്ക് ശേഷം 6 ലക്ഷം രൂപാ കൈപ്പറ്റി.
ബിനോയുടെ ഈ സത്യസന്ധതയെ നാട്ടുകാരും പോലീസും ഏറെ പ്രശംസിച്ചു,
സെന്റ് ആദായീസ് സ്കൂളിൽ നടന്ന ആദരിക്കൽ ചടങ്ങ് എഴുത്തുകാരൻ ജോയ് നാലുന്നാക്കൽ ഉദ്ഘാടനം ചെയ്തു, പിടിഎ പ്രസിഡന്റ് സന്തോഷ് മാത്യു അധ്യക്ഷനായ ചടങ്ങിൽ പ്രധാനാധ്യാപിക ടെനി മേരി ഫിലിപ്പ് സ്വാഗതം പറഞ്ഞു, തുടർന്ന് നടന്ന പരിപാടിയിൽ ബിനോയിയെ ആദരിച്ചു.
വാകത്താനം പഞ്ചായത്തിൽ 17-ാം വാർഡിൽ മുരിക്കാട്ട് പറമ്പിൽ ജോൺ, ദീനാമ്മ ദമ്പതികളുടെ ഇളയ മകനാണ് ബിനോയി. ഭാര്യ : ഷിന്റു, മകൻ : ഏദൻ.