
സുശാന്ത് സിംങ് കേസ്; പ്രമുഖ ബോളിവുഡ് നടൻ അറസ്റ്റിലേയ്ക്ക്; നിർണ്ണായക തെളിവുകൾ പുറത്തു വന്നതായി അന്വേഷണ സംഘം
തേർഡ് ഐ ബ്യൂറോ
മുംബൈ: സുശാന്ത് സിംങ് കേസിൽ ബോളിവുഡിലെ പ്രമുഖ നടൻ അറസ്റ്റിലേയ്ക്ക്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണ് മുംബൈയിലെയും, ബോളിവുഡ് സിനിമയിലെ ലഹരി മാഫിയയെയും പുറത്തു കൊണ്ടു വന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസ് കൂടുതൽ പ്രമുഖരിലേക്ക് നീങ്ങുന്നതായാണ് സൂചന ലഭിച്ചിരിക്കുന്നത്. ലഹരി ഇടപാടുകാരുമായി ബന്ധം പുലർത്തിയ ബോളിവുഡിലെ മൂന്ന് പ്രമുഖരുടെ വിവരം ലഭിച്ചതായി നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറിയിച്ചു. കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും ബോളിവുഡ് നടിനടൻമാരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നുമാണ് സൂചന.
ഒരു കാലത്ത് ഹിന്ദിയിൽ സൂപ്പർ മോഡലായി തിളങ്ങുകയും പിന്നീട് ബോളിവുഡ് സിനിമ മേഖലയിൽ അതിവേഗം ചുവടുറപ്പിക്കുകയും ചെയ്ത നായകനിലേക്ക് അന്വേഷണം നീങ്ങുന്നതായും ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ലഹരിമരുന്നു കേസിൽ നേരത്തെ അറസ്റ്റിലായ റിയ ചക്രബർത്തിയാണ് മയക്കുമരുന്ന് മാഫിയയെ സിനിമ മേഖലയുമായി ബന്ധിപ്പിച്ചിരുന്നതെന്നും എൻ.സി.ബി ആവർത്തിച്ചു. എന്നാൽ ബോളിവുഡിലെ ആ സൂപ്പർ താരം ആരെന്ന് എൻ.സി.ബി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോളിവുഡിലെ ഉന്നതർക്ക് ലഹരി എത്തിച്ചിരുന്നത് ഈ നടനാണെന്നും കൂടുതൽ പ്രമുഖരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. ബോളിവുഡിലെ പ്രമുഖ താരങ്ങളെ പ്രതിക്കൂട്ടിലാക്കി നടി റിയ ചക്രവർത്തിയുടെ പേരിൽ പ്രചരിക്കുന്ന മൊഴികൾ കളവാണെന്നും നടി അത്തരമൊരു മൊഴി നൽകിയിട്ടില്ലെന്നും റിയയുടെ അഭിഭാഷകൻ പറഞ്ഞു.
ലഹരിക്കേസിൽ ദീപിക പദുകോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ, രാകുൽ പ്രീത് സിംഗ് എന്നീ നടിമാർക്കു ക്ലീൻ ചിറ്റ് നൽകിയെന്ന പ്രചാരണം എൻ.സി.ബി തള്ളിയിരുന്നു. ഇവരിൽ നിന്ന് ലഹരിമരുന്നു കണ്ടെടുത്തിട്ടില്ലാത്തതിനാൽ ഫോൺവിളി, ചാറ്റ് എന്നീ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ വേണം ഇവർക്കെതിരെയുള്ള തുടർനടപടികൾ തീരുമാനിക്കാൻ.
അതേസമയം ലഹരിമരുന്ന് കേസിന് സുശാന്തിന്റെ മരണവുമായി ബന്ധമില്ലെന്നും നടന്റെ ശരീരത്തിൽ വിഷാംശം കണ്ടെത്താനായിട്ടില്ലെന്നും നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറിയിച്ചു. ഡൽഹി എംയിസിലെ ഫൊറൻസിക് സംഘത്തിന്റെ റിപ്പോർട്ടിനു പിന്നാലെയാണ് എൻ.സി.ബി ഇക്കാര്യം അറിയിച്ചത്.