
കോഴിക്കോട്: എസ്എസ്എൽസി പരീക്ഷയ്ക്കുള്ള ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ രണ്ടുപേരെ കൂടി പ്രതിചേർത്ത് ക്രൈംബ്രാഞ്ച്. കോഴിക്കോട് കൊടുവള്ളിയിലെ സ്വകാര്യ ട്യൂഷൻ സ്ഥാപനായ എം.എസ്. സൊല്യൂഷനിലെ രണ്ട് ജീവനക്കാരെയാണ് പ്രതി ചേർത്തത്.
ഇതിൽ ഒരാൾ ഒളിവിലാണ്. മറ്റൊരാൾ വിദേശത്തേക്ക് കടന്നു. ചോദ്യപേപ്പർ ചോർച്ചയിൽ ഷുഹൈബും രണ്ട് അധ്യാപകരും മലപ്പുറത്തെ സ്വകാര്യ സ്കൂളിലെ പ്യൂൺ അബ്‌ദുൽ നാസറുമാണ് നേരത്തെ പ്രതിപട്ടികയിൽ ഉണ്ടായിരുന്നത്. ഇവർക്ക് പുറമെയാണ് രണ്ടുപേരെ കൂടി ഇപ്പോൾ പ്രതിചേർത്തിരിക്കുന്നത്.
എം.എസ് സൊല്യൂഷൻസിലെ ഒരു അധ്യാപകനും മാനേജർക്കുമാണ് നേരിട്ട് പങ്കുള്ളതായി ഇപ്പോൾ ക്രൈംബ്രാഞ്ച് കണ്ടെത്തിരിക്കുന്നത്. ചോർത്തിയ ചോദ്യപേപ്പർ യുട്യൂബ് വഴി പുറത്തുവിടാൻ ഇരുവരും കൂട്ടുനിന്നതായാണ് കണ്ടെത്തൽ. ഇതിൻ്റ നിർണായക തെളിവുകളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിലെ മാനേജർ വിദേശത്ത് കടന്നിരുന്നു. ഇയാൾക്കായി ക്രൈംബ്രാഞ്ച് ഉടൻ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. ഒളിവിലുള്ള അധ്യാപകനെ കണ്ടെത്താനും ശ്രമം നടക്കുകയാണ്. എസ്എസ്എൽസി കെമിസ്ട്രി പരീക്ഷയ്ക്ക് എം എസ് സൊല്യൂഷൻ ക്ലാസിൽ പ്രവചിച്ച പാഠ ഭാഗങ്ങളിൽ നിന്നുള്ള 32 മാർക്കിൻ്റെ ചോദ്യങ്ങൾ പരീക്ഷയിൽ വന്നെന്നായിരുന്ന ആരോപണം.
കഴിഞ്ഞ മൂന്നു പാദവാർഷിക പരീക്ഷകളിലായി പൊതുവിദ്യാലയങ്ങളിലെ ചോദ്യക്കടലാസ് എംഎസ് സൊല്യൂഷൻസ് ചോർത്തി യുട്യൂബ് ചാനലിൽ നൽകിയതായി വിദ്യാഭ്യാസ വകുപ്പ് പരാതി നൽകിയിരുന്നു. വിശ്വാസ വഞ്ചന ഉൾപ്പടെ 7 വകുപ്പുകൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം നടത്തുന്നത്.