
ഡെന്നിമോൾ ജോർജ്
കോട്ടയം: കൊവിഡിനെ തുടർന്നു കഴിഞ്ഞ ഏഴു മാസമായി സ്‌കൂളുകൾ അടഞ്ഞു കിടക്കുന്നതിന്റെ ആശങ്ക ഉച്ഛസ്ഥായിയിലെത്തിയ ചില വീടുകളുണ്ട് കേരളത്തിൽ. പത്താം ക്ലാസിലെയും പ്ലസ്ടുവിലെയും കുട്ടികൾ പഠിക്കുന്ന വീടുകളാണ് ഇപ്പോഴും ആശങ്കയുടെ മുൾ മുനയിൽ നിൽക്കുന്നത്.
കഴിഞ്ഞ മാർച്ചിലാണ് സംസ്ഥാനത്ത് കൊവിഡ് ആദ്യ ഘട്ടത്തിൽ എത്തിയത്. അന്ന് എസ്.എസ്.എൽ.സി പരീക്ഷകൾ മാറ്റി വച്ചതോടെയാണ് വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് വലിയ പരീക്ഷണമാണ് എന്ന പ്രതീതിയാണ് തുടക്കം മുതൽ സൃഷ്ടിച്ചത്. എസ്.എസ്.എൽ.സി പരീക്ഷ മാറ്റി വയ്ക്കുകയും പിന്നീട് മാസങ്ങൾക്കു ശേഷം കനത്ത സുരക്ഷയിലാണ് എസ്.എസ്.എൽ.സി പരീക്ഷ നടത്തിയതും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സാധാരണ ജൂൺ മാസത്തിൽ തുറക്കുന്ന സ്‌കൂൽ ജൂലായിൽ എങ്കിലും തുറക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു വിദ്യാർത്ഥികളും അദ്ധ്യാപകരും. എന്നാൽ, എല്ലാ പ്രതീക്ഷയും തകിടം മറിച്ചാണ് കൊവിഡ് താണ്ഡവമാടിയത്. ഇതിനു പിന്നാലെ, സ്‌കൂളുകൾ തുറക്കുന്നത് സംസ്ഥാനത്ത് അനിശ്ചിതമായി വൈകുകയും ചെയ്തു.
കൊവിഡിനെ പ്രതിരോധിച്ച് ക്ലാസുകൾ ആരംഭിക്കാൻ സർക്കാർ കണ്ട പോംവഴി എന്നത് ഓൺൈലൻ ക്ലാസുകളായിരുന്നു. ഇത്തരത്തിൽ ഓൺലൈൻ ക്ലാസുകളിലൂടെ സർക്കാർ വിദ്യാർത്ഥികൾക്കു പഠന സൗകര്യം ഒരുക്കി നൽകി. എന്നാൽ, പത്താം ക്ലാസ് വിദ്യാർത്ഥികളുടെയും പ്ലസ്ടു വിദ്യാർത്ഥികളുടെയും സിലബസിന്റെ ഏഴയൽപക്കത്ത് പോലും എത്താൻ ഈ ഓൺലൈൻ പഠനത്തിലൂടെ സാധിച്ചിട്ടില്ല.
ഈ സാഹചര്യത്തിൽ സർക്കാർ സിലബസ് പരിഷ്‌കരിക്കുകയോ ഏതെങ്കിലും രീതിയിലുള്ള ക്രമീകരണം ഒരുക്കുകയോ ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു വിദ്യാർത്ഥികളും രക്ഷിതാക്കളും. എന്നാൽ, പഠന കാലത്തിന്റെ ആദ്യഘട്ടമായ ഡിസംബർ എത്തിയിട്ടും ഇതുവരെയും വിദ്യാർത്ഥികൾക്ക് കൃത്യമായ സിലബസ് പോലും തയ്യാറാക്കാൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ലെന്നതാണ് ഏറെ സങ്കടകരം.
പഠനത്തിനു കൃത്യമായ ക്രമീകരണം ഒരുക്കാതെ, അടുത്ത മാർച്ചിൽ പരീക്ഷ കൂടി നടത്താൻ പോയാൽ അക്ഷരാർത്ഥത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും വെട്ടാലാകുന്ന അവസ്ഥയാകും ഉണ്ടാകുക. ഇത് കൊവിഡ് കാലത്തിനു ശേഷമുള്ള ഈ വിദ്യാർത്ഥികളുടെ ഭാവിയെ തന്നെ ചോദ്യ ചിഹ്നമാക്കി മാറ്റും. വിഷയത്തിൽ സർക്കാർ കൃത്യമായ ഇടപെടൽ നടത്തുകയും, പ്ലസ്ടു എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെയെങ്കിലും പരീക്ഷ കൃത്യമായി നടത്താനുള്ള സംവിധാനം ഒരുക്കുകയെങ്കിലുമാണ് ചെയ്യേണ്ടത്.