
പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കെല്ലാം മാസ്‌ക്: ബോധവത്കരണ കുറിപ്പടിയുമായി ലഘുലേഖ; തിങ്കളാഴ്ചയോടെ പത്തു ലക്ഷം കുട്ടികൾക്കും ഇവയെത്തിക്കുമെന്നു സർക്കാർ; ചരിത്രത്തിൽ ഇല്ലാത്ത ജാഗ്രതയിൽ എസ്.എസ്.എൽ.സി പരീക്ഷ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനം ഇതുവരെ കണ്ടെട്ടില്ലാത്ത അതീവ ജാഗ്രതയിലാണ് എസ്.എസ്.എൽ.സി പരീക്ഷ നടക്കുന്നത്. കേരളത്തിൽ ഒരിടത്തും അണുവിട വിട്ടുവീഴ്ചകളില്ലാതെ എസ്.എസ്.എൽ.സി പരീക്ഷ നടത്തണമെന്ന ജാഗ്രതയിൽ തന്നെയാണ് സർക്കാർ. ഈ ജാഗ്രത തന്നെയാണ് സർക്കാരിന്റെ ഉറപ്പും.
ഈ പശ്ചാത്തലത്തിലാണ് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ എഴുതുന്ന സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും മാസ്‌കുകളും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പരീക്ഷാ മാർഗ നിർദ്ദേശങ്ങളടങ്ങിയ ലഘു ലേഖയും വീട്ടിലെത്തിച്ച് തുടങ്ങിയത്. പത്ത് ലക്ഷത്തോളം കുട്ടികൾക്ക് ഇവ ലഭിച്ചു കഴിഞ്ഞു. അദ്ധ്യാപകരും രക്ഷിതാക്കളും സന്നദ്ധ പ്രവർത്തകരും നിർമ്മിച്ച മാസ്‌കുകൾ ജനപ്രതിനിധികളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും ആശാ വർക്കർമാരുടെയും കോവിഡ് പ്രതിരോധ വാർഡ്തല സമിതിയുടേയും മറ്റ് വളണ്ടിയർമാരുടെയും സഹകരണത്തോടെയാണ് വിദ്യാർത്ഥികളുടെ വീട്ടിലെത്തിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ചയോടെ മുഴുവൻ കുട്ടികൾക്കുമായി വിതരണം പൂർത്തിയാക്കാൻ കഴിയുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷയും ചേർന്നാണ് കോവിഡ് പ്രതിരോധ മാർഗ രേഖ പ്രസിദ്ധീകരിച്ചത്. മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓരോ കുട്ടിയും അനുവർത്തിക്കേണ്ട മുൻകരുതലുകളും പരീക്ഷാ കേന്ദ്രത്തിൽ പാലിക്കേണ്ട ചിട്ടകളും ഈ മാർഗ രേഖയിൽ വ്യക്തമാക്കുന്നുണ്ട്.
പരീക്ഷാ കേന്ദ്രങ്ങളിൽ എസ്എസ്‌കെയുടെ പ്രവർത്തകരെ സന്നദ്ധ പ്രവർത്തനത്തിന് നിയോഗിക്കും. കുട്ടികൾ മാസ്‌ക് മറന്നു പോയിട്ടുണ്ടെങ്കിൽ അത് നൽകാനും ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും സാനിറ്റൈസർ സോപ്പ് എന്നിവയുടെ വിതരണത്തിനും തെർമൽ സ്‌കാനിങ് നടത്തുന്നതിനും ഇവർ സ്‌കൂളധികൃതരെ സഹായിക്കും.
പരീക്ഷാ ചീഫ് സൂപ്രണ്ട്, ഡപ്യൂട്ടി ചീഫ് സൂപ്രണ്ട്, ഇൻവിജിലേറ്റർമാർ എന്നിവർക്ക് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് നൽകുന്ന ഓൺലൈൻ ക്ലാസ് ഒരുക്കുന്നതിനും സമഗ്ര ശിക്ഷ നേതൃത്വം നൽകും. സംസ്ഥാനതലം മുതൽ സിആർസി തലം വരെ വിവിധ യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തിയിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.