
അകക്കണ്ണിന്റെ വെളിച്ചത്തിൽ ഈ കുരുന്നുകൾ നേടിയ വിജയം കാണാതിരിക്കരുത്..! ഒളശ അദ്ധവിദ്യാലയത്തിന് നൂറിന്റെ വിജയത്തിളക്കം
തേർഡ് ഐ ബ്യൂറോ
കോട്ടയം: അകക്കണ്ണിന്റെ വെളിച്ചത്തിൽ ഈ കുരുന്നുകൾ നേടിയ വിജയത്തിന് നൂറു ശതമാനത്തിന്റെ തിളക്കം. വിജയത്തിന്റെ വെളിച്ചം ഉള്ളിൽ നിറച്ചു പരീക്ഷ എഴുതിയ കുട്ടികളിൽ ഒരാൾ എല്ലാ വിഷയങ്ങൾക്കും എപ്ലസും, മറ്റൊരാൾ ഒൻപത് ഏ പ്ലസും സ്വന്തമാക്കി. ഇതോടെയാണ് പരീക്ഷ എഴുതിയ അഞ്ചു കുട്ടികളും ഉജ്വല വിജയമാണ് സ്വന്തമാക്കിയത്.
നൂറ് ശതമാനവും കാഴ്ചയ്ക്കു വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥിയായ അതുൽ കൃഷ്ണയാണ് എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടി ഒന്നാമത് എത്തിയത്. പത്തനംതിട്ട ഇലന്തൂർ സോമന്റെയും ജയലക്ഷ്മിയുടെയും മകനാണ് അതുൽ കൃഷ്ണ. കാഴ്ച പരിമിതി നേരിടുന്ന മകന്റെ വിദ്യാഭ്യാസത്തിനായി ഒളശ അദ്ധവിദ്യാലയത്തിനു സമീപം വീടെടുത്ത് ഇവർ താമസിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒൻപത് വിഷയങ്ങൾക്കു എ പ്ലസ് നേടിയ ബി.അമൃത റിട്ട.സൈനിക ഉദ്യോഗസ്ഥനായ സതീഷ്‌കുമാർ ബീന ദമ്പതിമാരുടെ മകളാണ്. ചെട്ടികുളങ്ങര സ്വദേശികളായ ഇവരും മകളുടെ പഠനത്തിനായി ഒളശയ്ക്കു സമീപം തന്നെ താമസിക്കുകയാണ്. കാഴ്ചയില്ലാത്ത കുട്ടികൾക്കായുള്ള സംസ്ഥാനത്തെ എക ഹൈസ്കൂളിൽ മികച്ച വിദ്യാഭ്യാസത്തിനൊപ്പം സ്നേഹവും കരുതലും നല്കി കുട്ടികളെ വളർത്തിയെടുക്കുകയാണ്. 2020 /21 വർഷത്തിലെ എസ് എസ് എൽ സി ബാച്ചിൽ 9 കുട്ടികൾ പഠിക്കുന്നുണ്ടെന്നും, അടുത്ത വർഷവും മികച്ച വിജയം പ്രതിക്ഷിക്കുന്നതായും സ്കൂൾ ഹെഡ്മാസ്റ്റർ ഇ ജെ കുര്യൻ പറഞ്ഞു.