ഇത്രയ്ക്കുണ്ട് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവാദിത്വം: പരീക്ഷ എഴുതി മണിക്കൂറുകൾക്കകം എസ്.എസ്.എൽ.സി ഉത്തരക്കടലാസ് പെരുവഴിയിൽ
സ്വന്തം ലേഖകൻ
കൊഴിക്കോട്: എസ്.എസ്.എൽസി പരീക്ഷ എഴുതിക്കഴിഞ്ഞ് ജീവിതത്തെ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന വിദ്യാർത്ഥികളുടെ ജീവിതത്തെ തന്നെ വെല്ലുവിളിച്ച് വിദ്യാഭ്യാസവകുപ്പിന്റെ കുത്തഴിഞ്ഞ പ്രവർത്തനം. എസ്.എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് പരീക്ഷയെഴുതി മണിക്കൂറുകൾക്കകം റോഡരികിൽ നിന്നും ലഭിച്ചത്.
കോഴിക്കോട് ജില്ലയിലെ കായണ്ണയിലാണ് സംഭവം. കായണ്ണ ജിഎച്ച്എസ്എസിൽ ബുധനാഴ്ച്ച നടന്ന പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് വഴിയേ പോയ നാട്ടുകാരന് ലഭിച്ചത്. സ്‌കൂളിൽ നിന്നും കായണ്ണ അങ്ങാടിയിലേക്കുള്ള വഴിയിൽ കുറ്റി വയലിൽ നിന്നുമാണ് ഉത്തരക്കടലാസിന്റെ കെട്ട് കണ്ടെടുത്തത്. ഇത് തപാൽ മാർഗം അയയ്ക്കുന്നതിന് വേണ്ടി സ്‌കൂൾ ജീവനക്കാരൻ കൊണ്ടു പോകും വഴി ബൈക്കിൽ നിന്നും തെറിച്ച് പോയതാകാമെന്നാണ് ലഭിക്കുന്ന വിവരം.
മലയാളം, സംസ്‌കൃതം, അറബിക് പരീക്ഷകളുടെ ഉത്തരക്കടലാസുകളാണ് വഴിയാത്രക്കാരന് ലഭിച്ചത്. സംഭവത്തിൽ ഓഫീസ് അറ്റൻഡന്റ് സിബിയെ ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടർ ഇ.കെ. സുരേഷ് കുമാർ പരീക്ഷാജോലികളിൽനിന്ന് നീക്കി. തുടരന്വേഷണവുമുണ്ടാകും.വൈകീട്ട് 3.30-ന് പരീക്ഷ കഴിഞ്ഞശേഷം കോഴിക്കോട് തപാലോഫീസിൽ എത്തിച്ച് അയയ്ക്കാനായാണ് ഇവ കൊണ്ടുപോയത്. കെട്ട് ലഭിച്ചയാൾ ഫോൺവഴി സ്‌കൂൾ അധികൃതരെ വിവരമറിയിച്ചു. തുടർന്ന് അദ്ധ്യാപകരെത്തി ഉത്തരക്കടലാസുകൾ സ്‌കൂളിലെത്തിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ വഴിയരികിൽ കണ്ട സംഭവത്തിൽ ജീവനക്കാരന്റെയടുത്ത് ഗുരുതര വീഴ്ചയുണ്ടായതിനാൽ പരീക്ഷാജോലികളിൽനിന്ന് മാറ്റിനിർത്തിയിട്ടുണ്ടെന്ന് ഡി. ഡി.ഇ. ഇ.കെ. സുരേഷ് കുമാർ വ്യക്തമാക്കി. തുടർ അച്ചടക്ക നടപടി വ്യാഴാഴ്ചയുണ്ടാകും. കെട്ടുകൾ സീൽ പൊട്ടാതെ, ഒരു പോറൽപോലും പറ്റാത്ത സ്ഥിതിയിലായിരുന്നെന്നും അദ്ദേഹം അറിയിച്ചു.
ബുധനാഴ്ച ഉത്തരക്കടലാസുകൾ പൊലീസ് കാവലിൽ സ്‌കൂളിൽത്തന്നെ സൂക്ഷിക്കും. വ്യാഴാഴ്ച തപാൽവഴി ബന്ധപ്പെട്ടവർക്ക് കൈമാറുമെന്നും അധികൃതർ അറിയിച്ചു.രോഗിയാണെന്നും തലചുറ്റി ബൈക്കിൽനിന്നുവീണ് പീടികയിൽ കയറിയിരുന്ന സമയം നാട്ടുകാർ കെട്ടെടുത്ത് വിവരമറിയിക്കുകയായിരുന്നെന്നാണ് ജീവനക്കാരൻ ഡി.ഡി.ഇ.യോട് പറഞ്ഞത്.