
സ്വന്തം ലേഖിക
കൊച്ചി: നടന്‍ ശ്രീനാഥ് ഭാസി അഭിമുഖത്തിനിടെ യുടൂബ് ചാനല്‍ അവതാരകയെ അപമാനിച്ച കേസ് ഹൈക്കോടതി റദ്ദാക്കി.
അവതാരകയുമായി ഒത്തുതീര്‍പ്പിലെത്തിയതിന്‍റെ അടിസ്ഥാനത്തില്‍ ശ്രീനാഥ് ഭാസി നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. അഭിമുഖത്തിനിടെ അസഭ്യം പറഞ്ഞെന്ന് ചൂണ്ടികാട്ടി മരട് പൊലീസില്‍ യൂട്യൂബ് അവതാരക നല്‍കിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിക്കാരിയുമായി ഒത്തുതീര്‍പ്പിലെത്തിയെന്നും പ്രോസിക്യൂഷന്‍ നടപടിയുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ലെന്ന് അവതാരക അറിയിച്ചതായും കേസ് റദ്ദാക്കണമെന്നും നടന്‍ ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ പ്രാഥമിക വാദം കേട്ട കോടതി മരട് പൊലീസ് എടുത്ത കേസിലെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തു.
തനിക്ക് പരാതിയില്ലെന്നും കേസുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ലെന്നും പരാതിക്കാരിയും ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. പിന്നാലെയാണ് കോടതി കേസ് റദ്ദാക്കിയത്.
അവതാരകയെ അപമാനിച്ച സംഭവത്തിന് പിന്നാലെ ശ്രീനാഥ് ഭാസിയെ നിര്‍മാതാക്കളുടെ സംഘടന താല്‍ക്കാലികമായി വിലക്കിയിരുന്നു. നിര്‍മാതാക്കളുടെ സംഘടനയ്ക്ക് അവതാരക പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നാണ് നടനെ താത്കാലികമായി സിനിമ രംഗത്ത് നിന്ന് മാറ്റിനിര്‍ത്താനുള്ള തീരുമാനം എടുത്തത്.