വംശവെറിയുടെ പോരാട്ടങ്ങൾ; അനാഥത്വത്തിന്റെ പാലായനങ്ങൾ; രാഷ്ട്രീയ പകപോക്കലുകൾ; സായുധ പോരാട്ടങ്ങളുടെ സണ്ടക്കളങ്ങൾ; ചോരയുടെ നിറമുള്ള കണ്ണുനീർതുള്ളി; ഇത് ലങ്ക..!

Spread the love

ശ്രീലക്ഷ്മി സോമൻ

“ഒരു ദിവസം
ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍
എന്‍റെ രാജ്യത്തെ അരാഷ്ട്രീയ ബുദ്ധിജീവികള്‍
ചോദ്യം ചെയ്യപ്പെടും.
ഏകാന്തവും ചെറുതുമായ ഒരു ജ്വാല പോലെ
രാജ്യം ക്രമേണ മരിച്ചു കൊണ്ടിരുന്നപ്പോള്‍
എന്ത് ചെയ്തു എന്നവര്‍ ചോദ്യം ചെയ്യപ്പെടും
അവരുടെ വസ്ത്രങ്ങളെ പറ്റി,ഉച്ചയൂണിനു ശേഷമുള്ള നീണ്ട പകലുറക്കത്തെപ്പറ്റി അവരോടാരും ചോദിക്കില്ല.
ശൂന്യതയെ ചൊല്ലിയുള്ള അവരുടെ പൊള്ള തര്‍ക്കങ്ങളെ പറ്റി
ഒരാളും നാളെ അന്വേഷിക്കില്ല.
അവരുടെ സാമ്പത്തിക പദവിയെ ആരും കൂട്ടാക്കില്ല.
ഗ്രീക്ക് പുരാണങ്ങളെ പറ്റി അവര്‍ ചോദ്യം ചെയ്യപ്പെടില്ല.
ഭീരുവെപ്പോലെ അവരിലൊരുത്തന്‍ തൂങ്ങിച്ചാവുമ്പോള്‍
അവരനുഭവിക്കുന്ന ആത്മ വിദ്വെഷത്തെപ്പറ്റി അവര്‍ ചോദ്യം ചെയ്യപ്പെടില്ല.
ഒരു ദിവസം ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍
എന്‍റെ രാജ്യത്തിലെ അരാഷ്ട്രീയ ബുദ്ധിജീവികള്‍
ചോദ്യം ചെയ്യപ്പെടും.
അന്ന്
ദരിദ്രരായ മനുഷ്യര്‍ വരും,
ഈ അരാഷ്ട്രീയ ബുദ്ധിജീവികളുടെ
കവിതകളിലും കഥകളിലും
ഒരിക്കലും ഇടം കിട്ടിയിട്ടില്ലാത്തവര്‍.

എന്നാല്‍,ദിവസവും അവര്‍ക്ക്
അപ്പവും പാലും കൊടുത്തവര്‍
ഇറച്ചിയും മുട്ടയും കൊടുത്തവര്‍
അവരുടെ വസ്ത്രങ്ങള്‍ അലക്കിക്കൊടുത്തവര്‍
അവരുടെ കാറോടിച്ചവര്‍
അവരുടെ പട്ടികളെ വളര്‍ത്തിയവര്‍
അവരുടെ ഉദ്യാനങ്ങള്‍ കാത്ത്സൂക്ഷിച്ചവര്‍
അവര്‍ അവരും
വന്ന് ചോദിക്കും.


യാതനകളില്‍ ദരിദ്രന്‍റെ ജീവിതവും സ്വപ്നവും
കത്തിയെരികയായിരുന്നപ്പോള്‍
എന്ത് ചെയ്യുകയായിരുന്നു നിങ്ങള്‍?
അരാഷ്ട്രീയ ബുദ്ധിജീവികള്‍… ”
(ഓട്ടോ റെനെ കാസ്റ്റിലോ)
(ഗ്വാട്ടിമാലന്‍ വിപ്ലവകാരിയും കവിയും ഗറില്ല പോരാളിയുമായ കവിയെ ഭരണകൂടം ഭീകരമായി പീഡിപ്പിച്ച ശേഷം കത്തിക്കുകയായിരുന്നു.)

ഒരു നാടും അവിടുത്തെ ജനതയും അരക്ഷിതത്വത്തിന്റെ നിലയില്ലാക്കയത്തിൽ കിടന്ന് നിലവിളിക്കുകയാണ്, ഒരുപാട് അകലെയൊന്നുമല്ല, നമ്മുടെ രാജ്യത്ത് നിന്നും വെറും 24കിലോമീറ്റർ അപ്പുറത്ത്. സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങി തെരുവ് യുദ്ധത്തിലേക്ക് വരെ പോയ ഒരു നാട്, ശ്രീലങ്ക. കലുഷിത ഭൂമിയായ ലങ്കയുടെ ചരിത്രവഴികളിലൂടെ…

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘എന്നെങ്കിലും ഒരു നാള്‍ ഇത് യുദ്ധമില്ലാത്ത നാടായി മാറും, ഈ മണ്ണില്‍ പുലരി വരും..’
‘എന്ന്..?’
സുജാത രംഗരാജന്റെ അമുതാവും അവനും എന്ന തമിഴ് നോവലില്‍ എല്‍ടിടിഇ പ്രവര്‍ത്തകയായ ശ്യാമയോട് മകള്‍ അമുത ചോദിക്കുന്ന ചോദ്യമാണിത്. പിന്നീട് എംടിയുടെ നിന്റെ ഓര്‍മ്മയ്ക്ക് എന്ന കഥയിലും കണ്ടു, വിളറിയ നിറത്തില്‍ വട്ടമുഖവും വിടര്‍ന്ന കണ്ണുകളും കഴുത്തുവരെ വളര്‍ത്തിയ ചുരുണ്ട ചെമ്പന്‍മുടിയുള്ള ഒരു സിംഹള പെണ്‍കുട്ടിയെ- ലീല. അവസാനമായി യൂട്യൂബ് റെക്കോര്‍ഡുകള്‍ കീഴടക്കിയ എന്‍ജോയ് എന്‍ജാമി എന്ന തിരുക്കുറല്‍ അറിവിന്റെയും ദീയുടെയും പാട്ടിലും ഒരു നാടിന്റെ രാഷ്ട്രീയം പറഞ്ഞിരുന്നു. ഇതിലൊക്കെ പരാമര്‍ശിച്ച ആ നാട് ലങ്കയാണ്. സായുധ പോരാട്ടങ്ങള്‍ക്ക് നടുവില്‍ വീര്‍പ്പുമുട്ടി കഴിയുന്ന ജനതയുടെ നാട്. ഇന്ത്യയുടെ കണ്ണുനീര്‍ തുള്ളി എന്നറിയപ്പെടുന്ന ശ്രീലങ്ക. ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെ തന്നെ ദുഃഖപുത്രിയായിരുന്നു പല കാലഘട്ടത്തിലും ആ കുഞ്ഞന്‍ ദ്വീപ്..!

വേരുകളെച്ചൊല്ലി കലഹിക്കുന്നവര്‍…

ശ്രീലങ്കയില്‍ പ്രധാനപ്പെട്ട രണ്ട് വംശങ്ങളാണുള്ളത്. ശ്രീലങ്കരും തമിഴരും. രണ്ട് കൂട്ടരും ആ മണ്ണിന്റെ അവകാശികള്‍ അവരാണെന്ന് പറയുന്നു. ഇതിനെ സാധൂകരിക്കുന്ന ഐത്യഹ്യങ്ങളും ഇരുകൂട്ടരും നിരത്തുന്നു. വിജയ എന്ന രാജാവിനെയാണ് സിംഹളര്‍ അവരുടെ വംശസ്ഥാപകനായി കണ്ട് ആരാധിക്കുന്നത്.
തന്നിഷ്ടക്കാരനായ ഈ രാജാവ് നാട്കടത്തപ്പെട്ട ശേഷം തിരികെ വന്ന് കുവൈനി എന്ന യുവതിയെ വിവാഹം കഴിച്ചു. അതിന് ശേഷം മധുര രാജാവിന്റെ മകളെയും വിജയ വിവാഹം കഴിച്ചു.

കാട്ടിലേക്ക് ഓടിച്ച കുവൈനിയും മക്കളുമാണ് യഥാര്‍ത്ഥ സിംഹള പരമ്പരയെന്നും എന്നാല്‍ 3000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ തങ്ങളുടെ നാഗപരമ്പര ലങ്കയില്‍ ഉണ്ടായിരുന്നതായി തമിഴരും അവകാശപ്പെടുന്നു. തങ്ങള്‍ ഇന്ത്യയിലെ ദ്രാവിഡവംശജരാണെന്ന് ശ്രീലങ്കയിലെ തമിഴരും തങ്ങള്‍ ആര്യന്മാരാണെന്ന് സിംഹളരും അവകാശപ്പെടുന്നു. ഭാരത ചരിത്രത്തിലെ ആര്യ-ദ്രാവിഡ കലഹം പോലെയാണ് ശ്രീലങ്കയിലെ സിംഹള- തമിഴ് പോരാട്ടം.

വംശീയത വെറുപ്പിന് വഴിമാറിയപ്പോള്‍…

പോര്‍ച്ചുഗീസുകാര്‍ ആയിരത്തി അഞ്ഞൂറ്റിഅഞ്ചില്‍ ദ്വീപ് രാഷ്ട്രമായ ശ്രീലങ്കയില്‍ എത്തി. അവര്‍ അതിനെ സിലാവോ എന്നും പിന്നീട് ബ്രിട്ടീഷ് കോളനി ആയപ്പോള്‍ സിലോണ്‍ എന്നും വിളിച്ചു. ലങ്ക ബ്രീട്ടീഷ് കോളനിയായിരുന്ന സമയത്ത്, ശ്രീലങ്കയിലെ തേയില തോട്ടങ്ങളില്‍ പണിയെടുക്കാനായി ധാരാളം തമിഴ്‌നാട്ടുകാരെ ബ്രിട്ടീഷുകാര്‍ അങ്ങോട്ടേയ്ക്ക് കൊണ്ടുപോയിരുന്നു. ഇവരെ തമിഴ് ആധിപത്യ മേഖലയായ വടക്കന്‍ ശ്രീലങ്കയിലായിരുന്നു പാര്‍പ്പിച്ചിരുന്നത്.

തുടക്കത്തില്‍ സിംഹളരും തമിഴരും തമ്മില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷുകാരുടെ സ്ഥിരം തന്ത്രം ലങ്കയിലും അവര്‍ പയറ്റി. തമിഴര്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കി. തല്ഫലമായി കമ്പനിയുടെ ഉന്നതസ്ഥാനങ്ങളില്‍ സിംഹളരേക്കാള്‍ അധികമായി തമിഴര്‍ കയറിക്കൂടി. ഇത് കുറച്ചൊന്നുമല്ല സിംഹള ജനതയെ ചൊടിപ്പിച്ചത്. എങ്കിലും ഇരുകൂട്ടരും തമ്മില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ബ്രിട്ടീഷുകാരുടെ കാലത്ത് അരങ്ങേറിയില്ല.

സിംഹള ഭാഷാ നിയമവും പൗരത്വനിയമവും…

1919ല്‍ ഇരുകൂട്ടരും ചേര്‍ന്ന് സിലോണ്‍ നാഷനല്‍ കോണ്‍ഗ്രസ് സ്ഥാപിച്ചു. ഇതിന് ശേഷമാണ് പ്രശ്‌നങ്ങള്‍ പുറംലോകമറിഞ്ഞ് തുടങ്ങിയത്. തങ്ങള്‍ക്കാണ് ഈ നാട്ടില്‍ ആധിപത്യം എന്ന് കാണിക്കാനായി തൊഴില്‍ അവസരങ്ങളും വാണിജ്യവും സിംഹളര്‍ കീഴടക്കി. ഇതേസമയം സിലോണിലെ ന്യൂനപക്ഷ ജനതയായിരുന്ന തമിഴ് വംശജര്‍ പെരുകിക്കൊണ്ടിരുന്നു. 1946ല്‍ രൂപീകരിച്ച യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി തുടക്കത്തില്‍ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിച്ചെങ്കിലും പിന്നീട് സിംഹള ഭൂരിപക്ഷമുള്ള കക്ഷിയായി. 1948ല്‍ രാജ്യം സ്വതന്ത്രമായപ്പോള്‍ അവര്‍ ഭരണം ഏറ്റെടുത്തു.

സിംഹളന്മാരുടെ പിന്തുണ ഉറപ്പാക്കാനായി പുതിയ ഗവണ്‍മെന്റ് സകല മേഖലകളില്‍ നിന്നും ന്യൂനപക്ഷവിഭാഗമായ തമിഴരെ ഒഴിവാക്കി. 1948ലെ പൗരത്വ നിയമവും 1956ലെ സിംഹള ഭാഷാ നിയമവും എരിതീയില്‍ ഒഴിച്ച എണ്ണയായിരുന്നു. തേയില തോട്ടങ്ങളില്‍ പണിയെടുത്തിരുന്ന തമിഴരെ പൗരത്വം നല്‍കാതെ രണ്ടാംകിട പൗരന്മായി കണ്ടു. സിംഹള ദേശത്ത് സിഹളഭാഷ മാത്രം മതിയെന്ന തീരുമാനം ഭാഷയ്ക്ക് വേണ്ടി എക്കാലവും പോരാടിയ തമിഴര്‍ക്ക് സഹിക്കാവുന്നതിലും അധികമായിരുന്നു.

വിടുതലൈ പുലിയുഗം പിറക്കുന്നു…

തമിഴ് വംശജര്‍ കൂടുതലുള്ള ശ്രീലങ്കയുടെ വടക്ക് – കിഴക്കന്‍ മേഖലയെ എല്ലാ വികസന പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിച്ചുനിര്‍ത്തി. സര്‍ക്കാരും അധികൃതരും തങ്ങളെ അവഗണിക്കുന്നുവെന്ന് മനസ്സിലാക്കിയ തമിഴര്‍ ശ്രീലങ്കയില്‍ തമിഴ് രാഷ്ട്രം വേണമെന്ന ആവശ്യമുന്നയിച്ചു. ഈ ആവശ്യവുമായി മുന്നോട്ട് വന്നതില്‍ ഏറ്റവും തീവ്രസ്വഭാവമുള്ള സംഘടനയായിരുന്നു ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം- എല്‍ടിടിഇ.

ലങ്കയുടെ മണ്ണില്‍ കാര്യമായ സ്വാധീനമുണ്ടായിരുന്ന പ്രസ്ഥാനമായിരുന്നു എല്‍ടിടിഇ. എയര്‍ഫോഴ്‌സും കപ്പല്‍പ്പടയും വരെ സ്വന്തമായുണ്ടായിരുന്ന, പടക്കോപ്പുകള്‍ കൊണ്ട് അമ്മാനമാടിയിരുന്ന ഉശിരുള്ള ഒരു കൂട്ടം യുവാക്കളുടെ സംഘടന. ഇന്ത്യയടക്കമുള്ള മുപ്പത്തിരണ്ട് രാജ്യങ്ങള്‍ക്ക് എല്‍ടിടിഇ തീവ്രവാദ സംഘടനയായിരുന്നുവെങ്കില്‍, തമിഴര്‍ക്ക് അവരുടെ വംശീയതയുടെയും ദ്രാവിഡ രക്തത്തിന്റെയും പ്രതിരൂപമായിരുന്നു ആ പോരാളിക്കൂട്ടം.

തലൈവര്‍..

എഴുപതുകളുടെ പകുതിയോടെ ലങ്കയിലെ ആഭ്യന്തര യുദ്ധങ്ങളുടെ നിറംമാറി. ഒളിച്ചിരുന്ന് ഏറ്റുമുട്ടിയിരുന്ന സിംഹളരും തമിഴരും തെരുവില്‍ കോഴിപ്പോരിലെന്ന പോലെ ഏറ്റുമുട്ടി പരസ്പരം മുറിവേല്‍പ്പിച്ചു. ഈ പോരാട്ടങ്ങള്‍ തമിഴ് യുവാക്കളെ വിടുതലൈ പുലികള്‍ എന്ന സംഘടനയിലേക്ക് ആകര്‍ഷിച്ചു. സംഘടിച്ചില്ലെങ്കില്‍ തങ്ങള്‍ ഈ മണ്ണില്‍നിന്ന് അപ്രത്യക്ഷരാകുന്ന കാലം വിദൂരമല്ലെന്നും സഹനത്തിന്റെ നാളുകള്‍ കഴിഞ്ഞെന്നും ഇനി കണ്ണിന് കണ്ണും പല്ലിന് പല്ലുമാണെന്നും അവരെ പറഞ്ഞ് പഠിപ്പിച്ച നേതാവ് പുലിക്കൂട്ടത്തിലെ ചീറ്റയായ പ്രഭാകരനായിരുന്നു.
ശ്രീലങ്കയുടെ വടക്ക് കിഴക്കന്‍ കടലോരത്തുള്ള ജാഫ്‌ന എന്ന പട്ടണത്തിലെ വാഴ് വെട്ടിത്തുറയെന്ന ഗ്രാമത്തില്‍ 1954 നവംബര്‍ 24നാണ് പ്രഭാകരന്റെ ജനനം. കടുത്ത അഹിംസാവാദിയും ഡിസ്ട്രിക്ട് ലാന്‍ഡ് ഓഫീസറുമായിരുന്ന തിരുവെങ്കിടം വേലുപ്പിള്ളയുടെയും വള്ളിപുരം പാര്‍വ്വതിയുടെയും നാല് മക്കളില്‍ ഏറ്റവും ഇളയവന്‍.

അനേകായിരം തമിഴരുടെ മരണത്തിന് കാരണക്കാരനായ ദുരയപ്പയെന്ന ജാഫ്‌ന മേയറെ പോയിന്റ് ബ്ലാങ്കില്‍ നിര്‍ത്തി വെടിവെച്ചിട്ട ആ ക്ഷുഭിത യൗവനത്തെ, വീരപുരുഷനായി കണ്ട് ആരാധിച്ച തമിഴ് യുവത അയാളെ തലൈവര്‍ എന്ന് വിളിച്ചു- അവരുടെ ക്യാപ്റ്റനായി അയാള്‍ അവരോധിക്കപ്പെട്ടു- വേലുപ്പിള്ള പ്രഭാകരന്‍.

ഗറില്ലാക്കൂട്ടം…

എണ്ണത്തില്‍ പുലികളുടെ അനേകമിരട്ടിയായിരുന്നു ശ്രീലങ്കന്‍ സൈന്യവും സിംഹള പോരാളികളും. എങ്കിലും തിരിച്ചറിവാകാത്ത കുഞ്ഞുങ്ങളെ വരെ പ്രതിരോധ മുറകള്‍ അഭ്യസിപ്പിച്ച് പുലികള്‍ സംഘടനാ ബലം ഉയര്‍ത്തിക്കൊണ്ടിരുന്നു.
വിടുതലൈ(വിമോചനം, സ്വാതന്ത്ര്യം)പുലികളില്‍ നിന്നും തെരഞ്ഞെടുത്ത മിടുക്കരായ ആണ്‍പുലികളും പെണ്‍പുലികളും ചേര്‍ന്ന സംഘമായിരുന്നു ഗറില്ലാ ഫോഴ്‌സ്.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഗറില്ലാ ഫോഴ്‌സ് വാര്‍ത്തെടുത്തത് പ്രഭാകരനായിരുന്നു. തികഞ്ഞ നിഷ്ഠയോടെയായിരുന്നു ആര്‍മിയില്‍ പുലികളുടെ ജീവിതം. മദ്യം, മയക്ക്മരുന്ന്, ലൈംഗികത, വിവാഹം തുടങ്ങിയതെല്ലാം അവര്‍ക്ക് നിഷിദ്ധമായിരുന്നു. നിഷ്ഠകള്‍ തെറ്റിച്ചവരെ ഒരുനിമിഷം ആലോചിക്കാതെ തന്റെ തോക്കിന്‍ കുഴലില്‍ ചുട്ടെരിച്ചു. മുന്നോട്ട് ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ദൗര്‍ബല്യവും പുലികളില്‍ ഉണ്ടാകാതെ പ്രഭാകരന്‍ ശ്രദ്ധിച്ചു. ജീവിക്കുന്നതും മരിക്കുന്നതും തമിഴ് രാഷ്ട്രത്തിന് വേണ്ടിയാകണെമന്നും സിംഹളരോട് ഒരിക്കലും സഹതാപമരുതെന്നും അയാള്‍ നിരന്തരം ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു.

അജ്ഞാതവാസക്കാലം…

ലങ്കയില്‍ പുലികളുടെ സാന്നിധ്യം ശക്തമാണെന്നും ഇവരെ ഇല്ലാതാക്കേണ്ടത് രാജ്യത്തിന്റെ സൈ്വര്യജീവിതത്തിന് അത്യന്താപേക്ഷിതമാണെന്നും വിശ്വസിച്ച ജയവര്‍ധന ഗവണ്‍മെന്റ് പിടിഎ(പ്രിവന്‍ഷന്‍ ഓഫ് ടെററിസം ആക്ട്)ക്ക് രൂപം നല്‍കി. 1978ലായിരുന്നു ഇത്. പിടിക്കപ്പെട്ടാല്‍ പുറംലോകം കാണില്ലെന്നും തലപോകുമെന്നും ഉറപ്പുണ്ടായിരുന്ന പുലികളില്‍ ഭൂരിപക്ഷവും ഈ കാലത്ത് ഒളിവില്‍ പോയി. തമിഴ് ജനതയില്‍ ചെറിയൊരു വിഭാഗമെങ്കിലും തങ്ങളെ പിന്തുണച്ച് ഒപ്പം നില്‍ക്കുമെന്ന് ഉറപ്പുണ്ടായിരുന്നതിനാല്‍ പ്രഭാകരന്‍, ഉമാമഹേശ്വരന്‍ തുടങ്ങിയ നേതാക്കളും സംഘവും അജ്ഞാതവാസത്തിന് തെരഞ്ഞെടുത്തത് തമിഴ്‌നാട്ടിലെ തീരമേഘലകളായിരുന്നു.

ലങ്കയില്‍ പുലികളുടെ സാന്നിധ്യം കുറഞ്ഞുവെന്ന് മനസ്സിലാക്കിയ സിംഹള പോരാളികളില്‍ ഒരു വിഭാഗം തമിഴരുടെ ഹൃദയവികാരമായിരുന്ന, അവരുടെ അമൂല്യഗ്രന്ഥങ്ങള്‍ സൂക്ഷിച്ചിരുന്ന ജാഫ്‌നാ ലൈബ്രറിക്ക് തീവെച്ചു. ഇത് ഭാഷാ സ്‌നേഹികളായ തമിഴര്‍ക്ക് പൊറുത്ത് കൊടുക്കാവുന്ന തെറ്റായിരുന്നില്ല. രണ്ട് വര്‍ഷം നീണ്ട അജ്ഞാതവാസത്തിനൊടുവില്‍ പ്രഭാകരനും സംഘവും 1983ല്‍ ലങ്കന്‍ മണ്ണില്‍ കാല്‍കുത്തി.

ബ്ലാക്ക് ജൂലൈ…

തിരികെ വന്ന പുലികള്‍ ആദ്യം ചെയതത് ശ്രീലങ്കന്‍ സൈന്യത്തെ ആക്രമിക്കുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം 1983 ജൂലൈ 23ന് ഗറില്ലാ പോരാളികളുടെ ഒരു സംഘം, ജാഫ്‌നയിലെ ഫോര്‍ ഫോര്‍ ബ്രാവോ പട്രോള്‍ സംഘത്തെയും ആക്രമിച്ചു. ഇതില്‍ പതിമൂന്ന് സിംഹള സൈനികരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണം ശ്രീലങ്കയിലെ ആഭ്യന്തരകലാപങ്ങള്‍ക്ക് വഴിവച്ചു.

പിന്നീട് ലങ്കന്‍മണ്ണ് തമിഴ് വിരുദ്ധ കലാപങ്ങളുടെ പോര്‍നിലമായി മാറി. മൂവായിരത്തോളം തമിഴര്‍ കൊല്ലപ്പെടുകയും എണ്ണായിരത്തോളം വീടുകള്‍ അഗ്നിക്ക് ഇരയാവുകയും ചെയ്തു. ഒന്നരലക്ഷത്തോളം തമിഴ് വംശജരാണ് ജീവന്‍ മാത്രം കയ്യില്‍ പിടിച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തത്. ജൂലൈ മാസത്തില്‍ നടന്ന ഈ കലാപങ്ങളെ മാധ്യമങ്ങളും ലോകരാജ്യങ്ങളും ബ്ലാക്ക് ജൂലൈ എന്ന് വിശേഷിപ്പിച്ചു.

എംജിആര്‍ കൊടുത്ത ആറ് കോടി മൂലധനം…

ബ്ലാക്ക് ജൂലൈ കൂട്ടക്കൊലകള്‍ക്ക് ശേഷം വീണ്ടും പ്രഭാകരന്‍ ഇന്ത്യയില്‍ തിരിച്ചെത്തി. ശ്രീലങ്കന്‍ തമിഴ് മക്കളുടെ അഭിമാനപോരാട്ടങ്ങള്‍ക്ക് ഇന്ദിരാഗാന്ധിയുടെ സഹായഹസ്തങ്ങള്‍ ലഭിച്ചു. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിഞ്ഞ തമിഴ് ഈഴം പോരാട്ടസംഘടനകളായ ടിഎല്‍ഒ, ഇല്‍ഒ, ഇപിആര്‍എല്‍എഫ്, പ്ലോട്ട് തുടങ്ങിയ സംഘടനകളിലെ പോരാളികള്‍ക്ക് ഇന്ത്യന്‍ സൈന്യം പരിശീലനം നല്‍കി. ഇതിനൊപ്പം എല്‍ടിടിഇ പ്രവര്‍ത്തകര്‍ക്ക് ഡെറാഡൂണില്‍ വച്ച് റിസേര്‍ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്റെ(റോ) പ്രത്യേക പരിശീലനം ഇന്ത്യന്‍ ഭരണകൂടം തീരുമാനിച്ചു, ഒപ്പം സൈന്യത്തിന്റെ ആയുധങ്ങളും.

എന്നാല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ തുരുമ്പെടുത്ത, പ്രഹരശേഷി കുറഞ്ഞ ആയുധങ്ങള്‍ വച്ച് തിരികെ ശ്രീലങ്കയിലേക്ക് മടങ്ങിയാല്‍ തങ്ങള്‍ക്ക് പിടിച്ച് നില്‍ക്കാനാവില്ലെന്ന് പ്രഭാകരന്‍ തുറന്നടിച്ചു. പുതിയ ആയുധങ്ങള്‍ വരുത്തിക്കാന്‍ ഫണ്ടില്ലാതെ എല്‍ടിടിഇ വിഷമിച്ച കാലത്ത് ആറ് കോടി രൂപ പ്രഭാകരന്റെ കയ്യിലേല്‍പ്പിച്ചത് മലയാളികളായ ഗോപാലന്‍ മേനോനും സത്യഭാമക്കും ശ്രീലങ്കയില്‍ ജനിച്ച മകനായിരുന്നു- മരുതൂര്‍ ഗോപാല രാമചന്ദ്രന്‍ എന്ന എംജിആര്‍, അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി.

ഓപ്പറേഷന്‍ പൂമാലൈ…

ഇന്ദിരാഗാന്ധിയുടെ മരണത്തിന് ശേഷം, പ്രഭാകരനും കൂട്ടരും എംജിആര്‍ നല്‍കിയ മൂലധനമുപയോഗിച്ച് വാങ്ങിയ യുദ്ധക്കോപ്പുകളുമായി 1987ല്‍ ശ്രീലങ്കയില്‍ തിരിച്ചെത്തുന്നു. പ്രഭാകരന്റെ ഭാഗത്ത് നിന്നും ആദ്യം ആക്രമണമുണ്ടാകാന്‍ തക്കം പാര്‍ത്തിരുന്ന പ്രസിഡന്റ് ജയവര്‍ധനയും സൈന്യവും ഓപ്പറേഷന്‍ ലിബറേഷന് തുടക്കം കുറിച്ചു. 1987 മെയ് 26 മുതല്‍ തമിഴ് വംശജരുടെ പ്രദേശങ്ങള്‍ പോര്‍വിമാനം ഉപയോഗിച്ച് തകര്‍ക്കാനും അവിടങ്ങളില്‍ നിരന്തരം ഷെല്ലാക്രമണം നടത്താനും തുടങ്ങി ലങ്കന്‍ സൈന്യം.

ഭക്ഷണത്തിനും മരുന്നിനും പോലും മാര്‍ഗമില്ലാതിരുന്ന തമിഴ്ജനതയ്ക്ക് സഹായഹസ്തവുമായി രാജീവ് ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം ഇന്ത്യന്‍ നാവിക സേന പുറപ്പെട്ടു. എന്നാല്‍ അവശ്യസാധനങ്ങളുമായി പുറപ്പെട്ട റിലീഫ് ഷിപ്‌മെന്റ് പോലും പുറംകടലില്‍ വച്ച് തന്നെ തിരിച്ചയയ്ക്കാന്‍ ശ്രീലങ്കന്‍ നാവികസേന പ്രത്യേകം ശ്രദ്ധിച്ചു.

തോറ്റ് പിന്മാറാന്‍ തയ്യാറാകാതിരുന്ന ഇന്ത്യന്‍ ഭരണകൂടം, 1987 ജൂണ്‍ നാലിന് ഇന്ത്യന്‍ വ്യോമസേനയുടെ ഓപ്പറേഷന്‍ പൂമാലൈ നടപ്പിലാക്കി. അഞ്ച് ആന്റണോവ് 32 വിമാനങ്ങള്‍, അകമ്പടിയായി അഞ്ച് മിറാഷ് 2000 പോര്‍ വിമാനങ്ങള്‍. തമിഴ് ജനതയ്ക്കായി ജാഫ്‌ന പട്ടണത്തില്‍ അന്ന് ഇന്ത്യന്‍ വ്യോമ സേന ഇറക്കിയത് 25 ടണ്‍ ഭക്ഷണവും മരുന്നുകളുമാണ്.

ലങ്കന്‍ മണ്ണില്‍ ഏറ്റുമുട്ടി, പുലികളും ഇന്ത്യന്‍ സൈന്യവും…

തമിഴ്പുലികള്‍ക്ക് എല്ലാ സഹായവും എത്തിച്ച് നല്‍കി ഇന്ത്യന്‍ ഭരണകൂടം ഒപ്പം നിന്നെങ്കിലും ലങ്കന്‍ മണ്ണിലെ കലാപങ്ങള്‍ക്ക് അറുതി വരുത്തണമെന്ന് തീരുമാനിച്ച് ഇന്ത്യ-ശ്രീലങ്ക ഉടമ്പടിയില്‍ രാജീവും രജവര്‍ധനയും ഒപ്പ് വച്ചു. 1987 ഓഗസ്റ്റ് 4ന് ഈ ഉടമ്പടി വിശദീകരിക്കാന്‍, ഉത്തര ജാഫ്‌നയിലെ സൂത്തുമലയിലെ അമ്മന്‍കോവിലില്‍ പ്രഭാകരന്‍ ഒരു യോഗം വിളിച്ചു ചേര്‍ത്തു. ഒരു ലക്ഷം തമിഴര്‍ പങ്കെടുത്ത ആ വേദിയില്‍ വച്ച് ഉടമ്പടിയെ അംഗീകരിക്കുന്നതായും എന്നാല്‍ ഇനി അങ്ങോട്ട് ശ്രീലങ്കയിലെ തമിഴ്മക്കളുടെ സുരക്ഷിതത്വം ഇന്ത്യാ ഗവണ്‍മെന്റിനാണെന്നും പ്രഭാകരന്‍ പറഞ്ഞു.

ഉടമ്പടി ഒപ്പ് വയ്ക്കാന്‍ ചെന്നതിന്റെ പിറ്റേദിവസം, 1987 ജൂലൈ 30ന്, ലങ്കന്‍ സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുന്നതിനിടയില്‍ ലങ്കന്‍ സൈനികനായ വിജിത രോഹന വിജിമുനി തന്റെ തോക്കിന്റെ പാത്തി കൊണ്ട് രാജീവ് ഗാന്ധിയെ ആക്രമിക്കുന്നുണ്ട്. ഓപ്പറേഷന്‍ ലിബറേഷന്റെ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ പറ്റാതെ പോയതും ഓപ്പറേഷന്‍ പൂമലൈയുമൊക്കെ ആ സിംഹളക്കാരന്റെ മനസ്സില്‍ രാജീവിനോടുള്ള അമര്‍ഷത്തിന് കാരണമായി.

ഉടമ്പടിയുടെ ഭാഗമായി ലങ്കന്‍ ഭരണകൂടം തമിഴ് ഭാഷയ്ക്ക് അംഗീകാരം നല്‍കി, തടവിലാക്കപ്പെട്ട പുലികളെ വിട്ടയച്ചു, സൈന്യത്തെ തിരിച്ചുവിളിച്ചു. എന്നാല്‍ പുലികളുടെ സമ്പൂര്‍ണ്ണ നിരായുധീകരണമായിരുന്നു ലങ്കന്‍ ഭരണകൂടം തിരിച്ച് ആവശ്യപ്പെട്ടത്. പുലികളെ നിരായുധീകരിക്കാന്‍ ഇന്ത്യന്‍ സൈന്യം വരണമെന്ന് ജയവര്‍ധന ആവശ്യപ്പെട്ടു.

ഇത് അനുസരിച്ച് ഇന്ത്യന്‍ പീസ് കീപ്പിംഗ് ഫോഴ്‌സ് ലങ്കയില്‍ എത്തി. രാജീവിനെയും ഇന്ത്യന്‍ ഭരണകൂടത്തെയും സംശയത്തിന്റെ നിഴലിലൂടെ മാത്രം നോക്കിക്കണ്ട പ്രഭാകരന്‍ സമ്പൂര്‍ണ്ണ നിരായുധീകരണത്തിന് തയ്യാറാകാതിരുന്നത് കാര്യങ്ങള്‍ കുഴച്ചുമറിച്ചു. ഒടുവില്‍ ലങ്കന്‍ മണ്ണില്‍ പുലികളും ഇന്ത്യന്‍ സൈന്യവും 32 മാസക്കാലം ഏറ്റുമുട്ടി. ഈ കാലയളവില്‍ പുലികള്‍ക്ക് ആയുധം എത്തിച്ച് സഹായം ചെയ്തതാകട്ടെ, ജയവര്‍ധനയും..! 1989ല്‍ രാജീവ് ഗാന്ധിക്ക് അധികാരം നഷ്ടപ്പെട്ട് വി.പി സിംഗ് പ്രധാനമന്ത്രിയായപ്പോളാണ് ഇന്ത്യന്‍ പീസ് കീപ്പിംഗ് ഫോഴ്‌സിനെ അന്നത്തെ ലങ്കന്‍ പ്രസിഡന്റ് പ്രേമദാസയുടെ അഭ്യര്‍ത്ഥന മാനിച്ച് തിരിച്ച് വിളിക്കുന്നത്.

രാജീവ് പറഞ്ഞു, റിലാക്‌സ് ബേബി…
1991 മെയ്. ഇന്ത്യയിലെ അടുത്ത തെരഞ്ഞെടുപ്പ് കാലം. രാജീവ് അധികാരത്തില്‍ വന്നാല്‍ ഇന്ത്യന്‍ പീസ് കീപ്പിംഗ് ഫോഴ്‌സ് ലങ്കയില്‍ തിരിച്ച് എത്തുമെന്ന് പ്രഭാകരന്‍ ഉറച്ച് വിശ്വസിച്ചു. 32 മാസക്കാലം കൊണ്ട് തന്റെ അയ്യായിരത്തോളം പുലികളെ കൊന്ന, നിരവധി പെണ്‍പുലികളെ പീഡിപ്പിച്ച ഐപികെഎഫിനെ നിയോഗിച്ച രാജീവിനോട്, ലങ്കന്‍ ഭരണകൂടത്തിനോടുള്ളതിനേക്കാള്‍ വൈരമുണ്ടായി പ്രഭാകരന്.

ഈ വൈരവും ഐപികെഫ് തിരിച്ച് വരുമോ എന്ന പേടിയുമാണ് രാജീവിനെ വധിക്കാനുണ്ടായ പ്രഭാകരന്റെ തീരുമാനത്തിന് പിന്നില്‍. എല്‍ടിടിഇയുടെ ഇന്റലിജന്‍സ് വിഭാഗം ചീഫ് ആയിരുന്ന പൊട്ടു അമ്മന്റെ നിര്‍ദ്ദേശ പ്രകാരം ഒറ്റക്കണ്ണന്‍ എന്നറിയപ്പെട്ടിരുന്ന ശിവരാശനെ പ്രഭാകരന്‍ ദൗത്യം ഏല്‍പ്പിച്ചു. എക്‌സ്‌പ്ലോസീവ് സ്‌പെഷ്യലിസ്റ്റ് മുരുകനും ചാവേറായ തനു എന്ന തേന്‍മൊഴി രാജരത്‌നവും ശിവരാശനൊപ്പം പോയി.

1991 മെയ് 21ന് ശ്രീപെരുമ്പത്തൂരില്‍ മരതകം ചന്ദ്രശേഖര്‍ എന്ന സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനെത്തിയ രാജീവ് ഗാന്ധിയെ കാണാന്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിനൊപ്പം ഒരു പൂമാലയും കയ്യില്‍ പിടിച്ച് തനുവും കാത്ത് നില്‍പ്പുണ്ടായിരുന്നു. രാജീവിനടുത്തേക്ക് ഓടിയെത്താന്‍ ശ്രമിച്ച തനുവിനെ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന അനുസൂയ ഡെയ്‌സി എന്ന ലേഡി സബ്ഇന്‍സ്‌പെക്ടര്‍ തടഞ്ഞു. ദൂരെ നിന്ന് ഇത് കണ്ട രാജീവ് തനുവിനെ കടത്തിവിടാന്‍ അനുസൂയയ്ക്ക് നിര്‍ദ്ദേശം നല്‍കി.

റിലാക്‌സ് ബേബി… എന്ന് പറഞ്ഞ് തനുവിനെ വരവേറ്റ അദ്ദേഹം തന്റെ ഘാതകിയെ നോക്കി എപ്പോഴത്തേയും പോലെ സൗമ്യമായി പുഞ്ചിരിച്ചു. തനുവിന്റെ ദേഹത്ത് നീല നിറത്തിലുള്ള ഡെനീം ബെല്‍റ്റില്‍ ബന്ധിച്ചിരുന്ന ആര്‍ഡിഎക്‌സ് ബോംബില്‍ പതിനായിരത്തിലധികം സ്റ്റീല്‍ പെല്ലറ്റുകളാണ് ഉണ്ടായിരുന്നത്. കയ്യിലുണ്ടായിരുന്ന മരണമാല്യം രാജീവിനെ അണിയിച്ച് അദ്ദേഹത്തിന്റെ ആശീര്‍വാദത്തിനായി എന്ന ഭാവേന കുനിഞ്ഞ് ബെല്‍റ്റ് ബോംബിന്റെ ബട്ടണ്‍ അമര്‍ത്തി. രാജീവും തനുവും പിന്നെ വലിയൊരാള്‍ക്കൂട്ടവും ഛിന്നഭിന്നമായി..!

ഏകാധിപതി പ്രഭാകരന്‍ ഇല്ലാതാക്കിയ എല്‍ടിടിഇ

രാജീവ് ഗാന്ധി വധത്തോടെ തമിഴ്‌നാട്ടില്‍ എല്‍ടിടിഇക്ക് ഉണ്ടായിരുന്ന സ്വാധീനം പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. ഏറ്റവും മികച്ച ഗറില്ലാ സംഘം തനിക്കൊപ്പമുണ്ടെന്ന അഹങ്കാരം പ്രഭാകരനെ ഏകാധിപതിയാക്കി. തനിക്ക് നേരെ തിരിയുന്ന എല്ലാവരെയും തമിഴന്‍- സിംഹളന്‍ ഭേദമില്ലാതെ അയാള്‍ കൊന്നൊടുക്കാന്‍ തുടങ്ങി. സ്വന്തം സംഘത്തിലെ ഡപ്യൂട്ടികളെപ്പോലും വിശ്വാസമില്ലാത്ത നേതാവായി മാറിക്കഴിഞ്ഞിരുന്ന പ്രഭാകരനെതിരെ പുലികളില്‍ ഒരു വിഭാഗം തന്നെ ശബ്ദമുയര്‍ത്തി.

എല്‍ടിടിഇയുടെ കിഴക്കന്‍ പ്രവിശ്യയിലെ പോരാളികള്‍ പുലിവേഷം അഴിച്ച് വച്ച് ഖദറിട്ട് തുടങ്ങിയതോടെ സംഘത്തിന്റെ തായ് വേരിളകി. അന്ന് വരെ പുലികള്‍ അനുഷ്ഠിച്ചിരുന്ന ബ്രഹ്മചര്യം, മതിവദനിയെ വിവാഹം കഴിക്കാന്‍ പ്രഭാകരന്‍ തിരുത്തിയെഴുതി. സംഘത്തില്‍ അഞ്ച് വര്‍ഷം കഴിഞ്ഞവര്‍ക്ക് വിവാഹമാകാം എന്നായിരുന്നു അത്. എന്നാല്‍ പ്രണയത്തിലായിരുന്ന ത്യാഗുവിനെയും ജൂലിയേയും കണ്ണ് മൂടിക്കെട്ടി പിന്‍കഴുത്തില്‍ വെടിവച്ച് പ്രഭാകരന്‍ കൊന്നു. അന്ന് ജൂലി ഗര്‍ഭിണിയായിരുന്നു.

തിരുനെറ്റി തുളച്ച വെടിയുണ്ട…

പുലികള്‍ തമ്മില്‍ തെറ്റിയതും ലങ്കന്‍ സൈന്യത്തിന്റെ ആക്രമണം രൂക്ഷമായതും എല്‍ടിടിഇയുടെ തകര്‍ച്ച പൂര്‍ണ്ണമാക്കി. പുലികളെ കൊല്ലാനുള്ള സൈന്യത്തിന്റെ വേട്ടയ്ക്കിടയില്‍ ധാരാളം സിംഹളര്‍ക്കും നിരപരാധികളായ തമിഴര്‍ക്കും ജീവന്‍ നഷ്ടമായി.

2009 മെയ് 17ന് ഒരു കണ്ടല്‍ക്കാടിനടുത്ത് വച്ചുണ്ടായ പുലികളും സൈന്യവുമായുള്ള പോരാട്ടത്തില്‍ വേലുപ്പിള്ള പ്രഭാകരന്റെ നെറ്റി തുളച്ചു കളഞ്ഞു, ശ്രീലങ്കന്‍ സൈന്യത്തിന്റെ ബുള്ളറ്റ്.

അറവ് മാടിന് നീട്ടിയ ആഹാരം…

പ്രഭാകരന്‍ കൊല്ലപ്പെട്ട് രണ്ട് ദിവസത്തിന് ശേഷം അയാളുടെ മകന്‍ ബാലചന്ദ്രനെയും സൈന്യം പിടിച്ചു. പന്ത്രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞ്. ബാലചന്ദ്രന്റെ രണ്ട് ചിത്രങ്ങള്‍ ശ്രീലങ്കന്‍ സൈന്യം പുറത്ത് വിട്ടു. ആദ്യത്തേതില്‍ സൈന്യം നല്‍കിയ ബിസ്‌കറ്റ് കഴിച്ചുകൊണ്ടിരിക്കുകയാണ് അവന്‍. രണ്ടാമത്തേതില്‍ നിലത്ത് കിടക്കുകയായിരുന്നു, നെഞ്ച് തുളച്ചിറങ്ങിയ നാലോ അഞ്ചോ ബുള്ളറ്റുകളുമായി..!