video
play-sharp-fill

Tuesday, May 20, 2025
HomeCrimeശ്രീറാം വെങ്കിട്ടരാമൻ കേസ്: കാറിന് ഉടൻ ക്രാഷ് ടെസ്റ്റ്; വഫയുടെ ഡ്രൈവിംങ് ലൈസൻസ് സസ്‌പെന്റ് ചെയ്തില്ല;...

ശ്രീറാം വെങ്കിട്ടരാമൻ കേസ്: കാറിന് ഉടൻ ക്രാഷ് ടെസ്റ്റ്; വഫയുടെ ഡ്രൈവിംങ് ലൈസൻസ് സസ്‌പെന്റ് ചെയ്തില്ല; ബഷീറിനു നേരെ കാറോടിച്ച് കയറ്റിയതിന് മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന സംശയം ബലപ്പെടുന്നു

Spread the love
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഒരു കാർ അപകടക്കേസിൽ ഇത്രത്തോളം ഒളിച്ചു കളി നടത്തേണ്ടതുണ്ടോ..? ശ്രീറാം വെങ്കിട്ടരാമൻ പ്രതിയായ മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്റെ മരണത്തിലെ ദുരൂഹതകൾക്കു മുകളിൽ പുകച്ചുരളുകൾ നീങ്ങുന്നില്ല. വെറുമൊരു അപകടം മാത്രമായിരുന്നെങ്കിൽ ശ്രീറാം വെങ്കിട്ടരാമൻ കേസിൽ ഇത്രത്തോളം ഒളിച്ചു കളി നടത്തേണ്ടിയിരുന്നോ എന്ന സംശയമാണ് ബലപ്പെടുന്നത്. മദ്യപിച്ച് വാഹനം ഓടിച്ച ശ്രീറാം വൈദ്യ പരിശോധനയിൽ നിന്നു രക്ഷപെടാൻ കാട്ടിയ മിടുക്കും, ഒപ്പമുണ്ടായിരുന്ന വഫയെ അതിവേഗം വീട്ടിലേയ്ക്ക് അയക്കാൻ കാട്ടിയ തിടുക്കവും, കെ.എം ബഷീറിന്റെ മൊബൈൽ ഫോൺ അപകട സ്ഥലത്തു നിന്നു കാണാതായി എന്ന വാർത്തയും കൂട്ടി വായിക്കുമ്പോഴാണ് ശ്രീറാം വെങ്കിട്ടരാമൻ പ്രതി ചേർക്കപ്പെട്ട അപകടത്തിന്റെ ആഴം വർധിക്കുന്നത്.
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ രാത്രിയിൽ പിൻതുടർന്ന് ഇടിച്ചു വീഴ്ത്തി കൊലപ്പെടുത്താൻ തക്കതായ എന്തെങ്കിലും തെളിവുകൾ ബഷീറിന്റെ കാണാതായ മൊബൈൽ ഫോണിൽ ഉണ്ടായിരുന്നോ എന്ന സംശയമാണ് ബലപ്പെടുന്നത്. തിരുവനന്തപുരം നഗരത്തിലൂടെ അതിവേഗം ശ്രീറാം കാറോടിച്ചു എന്ന വാദം ഈ സംശയത്തെ ബലപ്പെടുത്തുന്നതാണ്. പല സിസിടിവി ക്യാമറകളും കൃത്യമായി ഓഫ് ചെയ്യപ്പെട്ടു എന്നതും , ശ്രീറാമിനായി പൊലീസ് എഫ്‌ഐആറിലെ വിവരങ്ങൾ തിരുത്തപ്പെട്ടു എന്നതും സംശയത്തിന്റെ ആക്കം കൂട്ടുന്നതാണ്.
ഇതിനിടെ ശ്രീറാം വെങ്കട്ടരാമനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാൻ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ വിസമ്മതിച്ചെന്ന പൊലീസ് റിപ്പോർട്ടും ദുരൂഹത വർധിക്കുന്നു. ഇതിനെതിരെ ഡോക്ടർമാരുടെ സംഘടന തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. പൊലീസിന്റെ വീഴ്ച ഡോക്ടർമാരുടെ തലയിൽ കെട്ടിവയ്ക്കാനാണ് ശ്രമമെന്നും ഇതിനെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകുമെന്നും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ അറിയിച്ചു. ഈ റിപ്പോർട്ട് അടക്കമുള്ളത് ശ്രീറാം പ്രതിയായ വാഹനാപകടക്കേസിന്റെ ദുരൂഹത ഇരട്ടിയാക്കി മാറ്റുന്നുണ്ട്. വാഹനാപകടത്തിന് പിന്നാലെ ശ്രീറാമിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെന്നും എന്നാൽ അവിടുത്തെ ഡോക്ടർ വൈദ്യപരിശോധനയ്ക്ക് വിസമ്മതിച്ചെന്നും നേരത്തെ പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു.
എന്നാൽ ശ്രീറാമിന്റെ കേസിൽ നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ചെയ്തിട്ടുണ്ട്. പൊലീസ് രേഖാമൂലം ആവശ്യപ്പെട്ടാൽ മാത്രമേ വൈദ്യപരിശോധന നടത്താവൂ എന്നാണ് ചട്ടം. എന്നാൽ പൊലീസ് രക്തപരിശോധന നടത്താൻ ആവശ്യപ്പെട്ടില്ലെന്നതാണ് യാഥാർഥ്യം. മാത്രമല്ല, മദ്യത്തിന്റെ മണമുണ്ടെന്ന് ഒ.പി. ടിക്കറ്റിൽ രേഖപ്പെടുത്തുകയും ചെയ്തു. വാക്കാൽ ആവശ്യപ്പെട്ടെന്നാണ് പൊലീസിന്റെ റിപ്പോർട്ട്. ഇത് എന്തുകൊണ്ടാണ് എന്നതാണ് ഇനി വ്യക്തമാകേണ്ടത്.
അതേസമയം, അപകട സ്ഥലത്ത് നിന്ന് നഷ്ടപ്പെട്ട കെ.എം ബഷീറിന്റെ ഫോൺ കണ്ടെത്തുന്ന കാര്യത്തിൽ പൊലീസിന്റെ അലംഭാവവും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അപകടമുണ്ടായി ആഴ്ചകൾ പിന്നിട്ടിട്ടും കെ.എം ബഷീറിന്റെ ഫോൺ കണ്ടെത്തുന്നതിൽ പൊലീസ് ഗുരുതരവീഴ്ചയാണ് വരുത്തിയത്. അപകടമുണ്ടായി ഒരുമണിക്കൂറിനുശേഷം മ്യൂസിയം പൊലീസ് ബഷീറിന്റെ ഫോണിലേക്ക് വിളിച്ചിരുന്നു. ഈ കോൾ അറ്റൻഡ് ചെയ്തയാൾ അവ്യക്തമായും പരസ്പര വിരുദ്ധമായും എന്തൊക്കെയോ സംസാരിച്ചശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്തു. ഫോൺ കണ്ടെത്താനായി അതിന്റെ ഐ.എം.ഇ.ഐ നമ്ബർ ശേഖരിച്ച് സൈബർ പൊലീസിന്റെ സഹായം തേടിയതായി പ്രത്യേക അന്വേഷണ സംഘത്തലവൻ ഷീൻ തറയിൽ വെളിപ്പെടുത്തി.
സംഭവത്തിൽ അപകടത്തിനിടയാക്കിയ കാറിന്റെ ക്രാഷ് ടെസ്റ്റ് നടത്താൻ തീരുമാനമായിട്ടുണ്ട്. അപകടസമയത്തുള്ള വാഹനത്തിന്റെ വേഗത അറിയാനാണ് പരിശോധന. കാറിന്റെ ക്രാഷ് ഡാറ്റ റെക്കോർഡ് പരിശോധിക്കാനാണ് ശ്രമം. ശ്രീറാം വാഹനമോടിച്ചത് അമിത വേഗത്തിലാണോ എന്ന് കണ്ടെത്തുന്നതിനായി സി.സി.ടിവി ദൃശ്യങ്ങൾ കൃത്യമായി ലഭിച്ചിരുന്നില്ല. ഫോക്സ് വാഗൺ കമ്പനി നേരിട്ട് നടത്തുന്ന സാങ്കതിക പരിശോധനയിലൂടെ വേഗതയടക്കമുള്ള കാര്യങ്ങൾ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രത്യേക അന്വേഷണ സംഘത്തിന്റെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്.
RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments