
കൊച്ചി: സ്ക്രീനിനു പിന്നില്‍ പ്രേക്ഷകർ ഏറെ ആഘോഷമാക്കിയ ഗംഭീര കൂട്ടുകെട്ട്; സത്യൻ അന്തിക്കാടും ശ്രീനിവാസനും. ഇന്നും മലയാളി ‘ഈ ബുദ്ധി നമുക്ക് നേരത്തെ തോന്നാത്തതെന്തെടാ ദാസാ’, ‘പോളണ്ടിനെ പറ്റി ഒരക്ഷരം പറയരുത്’ എന്നൊക്കെ പറയുന്നെങ്കില്‍, അത് ഇങ്ങനെയൊരു കോംബോ ഉണ്ടായതിന്റെ ഫലമാണ്.
പറയാനൊരു വലിയ പട്ടികയുണ്ടെങ്കിലും, സാധാരണക്കാരന്റെ ജീവിതത്തിലേക്കും കുടുംബത്തിലേക്കും ഉറ്റുനോക്കിയ വരവേല്‍പ്പ്, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ, നാടോടിക്കാറ്റ്, സന്ദേശം, തലയണമന്ത്രം പോലുള്ള ചിത്രങ്ങള്‍ ക്‌ളാസ്സിക്കുകളായി നിലകൊള്ളുന്നു. എങ്കിലും, ഈ കൂട്ടുകെട്ട് സ്‌ക്രീനില്‍ സൂപ്പർ ഹിറ്റുകള്‍ പായിക്കുന്നതിന്റെ ഇടയില്‍ ഒരു നീണ്ട ഇടവേള ഉണ്ടായി.
അത് നീണ്ടു പോയത് ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ എന്ന ചിത്രത്തിന് ശേഷമുള്ള 16 വർഷത്തേക്ക്. പിന്നീട് അവർ ഒന്നിച്ച് ഹിറ്റടിപ്പിച്ച ‘ഞാൻ പ്രകാശൻ’ റിലീസിനു മുൻപ് സത്യൻ അന്തിക്കാട് ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യാത്രക്കാരുടെ ശ്രദ്ധക്ക് ശേഷം സത്യൻ അന്തിക്കാടും ശ്രീനിവാസനും തമ്മില്‍ നീണ്ട 16 വർഷത്തെ ഇടവേള. കാരണം?
അതെന്തുപറ്റിയെന്ന് ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും തന്നെയറിയില്ല. ആ സമയത്ത് ശ്രീനിവാസന് മറ്റു തിരക്കുണ്ടായി. ഞാൻ അന്ന് ലോഹിതദാസിനൊപ്പം ഉണ്ടായിരുന്നു. ലോഹിതദാസ് എഴുതാൻ തുടങ്ങി. പിന്നെ ഞാൻ ചെല്ലുമ്ബോഴേക്കും ശ്രീനിവാസൻ വേറേതെങ്കിലും സിനിമയിലാവും. ആദ്യം, കുറേക്കാലം ഒന്നിച്ചു വർക്ക് ചെയ്തശേഷം മനപ്പൂർവം ഒന്ന് മാറി നില്‍ക്കാമെന്ന് തീരുമാനിച്ചതാണ്. ശ്രീനിയന്ന് ഉദയനാണ് താരത്തിലേക്ക് കടന്നിരുന്നു. ആ സമയത്ത് ഞാനും ലോഹിതദാസും കൂടിയുള്ള പടങ്ങള്‍ ചെയ്യാൻ തുടങ്ങി. ശ്രീനി തിരക്കിലാവുമ്ബോള്‍ ശല്യം ചെയ്യാൻ നില്‍ക്കില്ല.
അവസാനം ഞാൻ തന്നെ വിനോദയാത്രക്ക് സ്ക്രിപ്റ്റ് എഴുതി. രസതന്ത്രവും, ഭാഗ്യദേവതയും അങ്ങനെ ഞാൻ തന്നെ എഴുതേണ്ടി വന്നു. അഞ്ചാറു പടങ്ങള്‍ അങ്ങനെ ഉണ്ടായി. വിനോദയാത്രക്ക് അവാർഡും കിട്ടി, ഓടുകയും ചെയ്തു. രസതന്ത്രവും വിജയിച്ചു. പിന്നെ, ഇത് വലിയൊരു ഭാരമാണ്. വേറൊരു എഴുത്തുകാരന്റെയും കൂടി സംഭാവനയും വേണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാൻ.
‘നിങ്ങള്‍ ഫ്രീ ആവുമ്പോ വാ, നമുക്ക് ഒന്നിച്ചു വർക്ക് ചെയ്യാമെന്ന്’ ഞാൻ പറഞ്ഞു. അങ്ങനെ കഴിഞ്ഞ വർഷം, അടുത്ത പടം ഒന്നിച്ചു ചെയ്യാമെന്ന് ശ്രീനി പറഞ്ഞു. ആദ്യം ഞങ്ങള്‍ ഒരു സോഷ്യല്‍, പൊളിറ്റിക്കല്‍ സറ്റയർ ആലോചിച്ചിരുന്നു. വരവേല്‍പ്പിനു ലഭിച്ചൊരു സ്വീകാര്യതയുണ്ടല്ലോ. പെട്ടെന്നാണീ കഥ കയറിവന്നത്. സരസമായ, കുടുംബങ്ങള്‍ക്ക് ഇഷ്ടപ്പെടാൻ സാധ്യതയുള്ള വിഷയമെന്ന രീതിയില്‍, രാഷ്ട്രീയം വിട്ടിട്ട് ഇങ്ങനെയൊരു സിനിമയില്‍ വരികയായിരുന്നു.



