ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തിന്‌ അക്രമിസംഘം ഉപയോഗിച്ച ബൈക്കുകളിലൊന്ന്‌ എത്തിച്ച ആളെ തിരിച്ചറിഞ്ഞ് പൊലീസ്

Spread the love

സ്വന്തം ലേഖകൻ
പാലക്കാട്‌: ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തിന്‌ അക്രമിസംഘം ഉപയോഗിച്ച ബൈക്കുകളിലൊന്ന്‌ എത്തിച്ചത്‌ പാലക്കാട്‌ ശംഖുവാരത്തോട്‌ സ്വദേശി അബ്‌ദുറഹ്‌മാനെന്ന്‌ പോലീസിന്‌ വിവരം ലഭിച്ചു.

ചിറ്റൂര്‍ സ്വദേശിനി അനിതയുടെ ഉടമസ്‌ഥതയിലുള്ളതാണ്‌ ഹീറോഹോണ്ട സ്‌പ്ലെന്‍ഡര്‍ ബൈക്ക്‌.

അനിതയുടെ ഭര്‍ത്താവ്‌ പണയംവച്ച ബൈക്ക്‌ പല കൈമറിഞ്ഞാണ്‌ കൊലയാളി സംഘത്തിന്റെ പക്കലെത്തിയതെന്നാണ്‌ കണ്ടെത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീനിവാസനെ കൊലപ്പെടുത്താന്‍ ആറംഗ അക്രമി സംഘമെത്തിയത്‌ മൂന്നു ബൈക്കുകളിലായിരുന്നു. ഇതിലൊന്ന്‌ കുന്നുംപുറത്തെ പലചരക്ക്‌ വ്യാപാരി ഷംസുദ്ദീന്റെ പക്കലുണ്ടായിരുന്നതാണ്‌.

ശനിയാഴ്‌ച രാവിലെ പത്തുമണിയോടെ ശംഖുവാരത്തോട്‌ സ്വദേശി അബ്‌ദുറഹ്‌മാനാണ്‌ ബൈക്ക്‌ വാങ്ങിക്കൊണ്ടുപോയതെന്ന്‌ ഷംസുദ്ദീന്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്‌.
ബൈക്കിന്റെ യഥാര്‍ഥ ഉടമ ചിറ്റൂര്‍ സ്വദേശി അനിതയാണ്‌.

രണ്ടുകൊല്ലം മുമ്ബ്‌ ഏഴായിരം രൂപയ്‌ക്ക്‌ ബൈക്ക്‌ പണയംവച്ചെന്നാണ്‌ അനിത പറയുന്നത്‌. പാലക്കാട്‌ സ്വദേശി റഷീദിനാണ്‌ വണ്ടി നല്‍കിയത്‌. റഷീദ്‌ ഇതു ഒലവക്കോട്‌ സ്വദേശിക്ക്‌ മറിച്ചു നല്‍കി. ഇതാണ്‌ ഒടുവില്‍ കുന്നുംപുറത്തെ പലചരക്ക്‌ വ്യാപാരി ഷംസുദ്ദീന്റെ കൈയിലെത്തിയത്‌.

മന്‍സൂര്‍ എന്നയാളില്‍ നിന്നും 20,000 രൂപ നല്‍കിയാണ്‌ ബൈക്ക്‌ വാങ്ങിയതെന്നാണ്‌ ഷംസുദ്ദീന്‍ പറയുന്നത്‌. ശനിയാഴ്‌ച രാവിലെ മകന്റെ സുഹൃത്തായ അബ്‌ദുറഹ്‌മാന്‍ ഒരു മരണവീട്ടില്‍ പോകണമെന്ന ആവശ്യം പറഞ്ഞാണ്‌ ബൈക്ക്‌ വാങ്ങി പോയത്‌.

അബ്‌ദുറഹ്‌മാനെയും ബൈക്കും കണ്ടെത്താനുള്ള ശ്രമം പോലീസ്‌ ഊര്‍ജിതമാക്കിയിട്ടുണ്ട്‌.