48 വര്‍ഷത്തെ സിനിമാ ജീവിതം! നടനും തിരക്കഥാകൃത്തും സംവിധായകനുമായി മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടൻ ശ്രീനിവാസന്‍ അന്തരിച്ചു ; വിടവാങ്ങുന്നത് സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭ

Spread the love

തിരുവനന്തപുരം: മലയാളികളുടെ പ്രിയ താരം വിടവാങ്ങി, നടനും തിരക്കഥാകൃത്തും സംവിധായകനുമായി മലയാള സിനിമയിൽ നിറഞ്ഞു നിന്ന ശ്രീനിവാസന്‍ അന്തരിച്ചു. 69 വയസ്സ് ആയിരുന്നു.

video
play-sharp-fill

ഇന്ന് പുലര്‍ച്ചെ തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. ഇരുന്നൂറോളം സിനിമകളില്‍ അഭിനയിച്ച അദ്ദേഹം ഹാസ്യനടനായും നായകനായും വെള്ളിത്തിരയില്‍ തിളങ്ങി. നീണ്ട 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചാണ് മടക്കം.

സന്മസുളളവര്‍ക്ക് സമാധാനം, ടി പി ബാലഗോപാലന്‍ എം എ, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ് , തലയണമന്ത്രം, ഗോളാന്തരവാര്‍ത്ത,ചമ്ബക്കുളം തച്ചന്‍, വരവേല്‍പ്, സന്ദേശം,ഉദയനാണ് താരം , മഴയെത്തും മുമ്ബേ,അഴകിയ രാവണന്‍, ഒരു മറവത്തൂര്‍ കനവ് , അയാള്‍ കഥയെഴുതുകയാണ്, കഥ പറയുമ്ബോള്‍ ,ഞാന്‍ പ്രകാശന്‍ തുടങ്ങിയ നിരവധി ഹിറ്റ്ചിത്രങ്ങള്‍ക്ക് തിരകഥ ഒരുക്കി. 1991ല്‍ പുറത്തിറങ്ങിയ ആക്ഷേപഹാസ്യചിത്രമായ സന്ദേശം കേരളത്തിന്റെ രാഷ്ട്രീയസാമൂഹ്യമണ്ഡലങ്ങളില്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നു. ശ്രീനിവാസന്‍ എഴുതി സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങള്‍ സംസ്ഥാന,ദേശീയ പുരസ്‌കാരങ്ങള്‍ നേടി.വിമലയാണ് ഭാര്യ. സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ , നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ മക്കളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1956 ഏപ്രില്‍ 4-ന് തലശേരിക്കടുത്തുള്ള പാട്യത്ത് ജനിച്ചു. കതിരൂര്‍ ഗവ സ്‌കൂളിലും പഴശ്ശിരാജ എന്‍എസ്സ്‌എസ്സ് കോളജിലുമാണ് പഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് മദ്രാസിലെ ഫിലിം ചേംബര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സിനിമാ അഭിനയത്തില്‍ ഡിപ്ലോമ എടുത്തു. പ്രശസ്ത സിനിമാനടന്‍ രജനികാന്ത് സഹപാഠിയായിരുന്നു. ഡിപ്ലോമ കഴിഞ്ഞതിനു ശേഷം 1977-ല്‍ പി.എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് ശ്രീനിവാസന്‍ പ്രവേശിക്കുന്നത്. തുടര്‍ന്ന് തിരക്കഥാകൃത്തായും സംവിധായകനായും നായകനായും ഹാസ്യനടനുമായെല്ലാം മലയാള സിനിമയുടെ ഹൃദയവും ആത്മാവുമായി മാറുക ആയിരുന്നു.