വ്യാജരേഖ ആരോപണം: റേഷൻ കാർഡ് റദ്ദാക്കിയതിന് പിന്നാലെ കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തു

Spread the love

പത്തനംതിട്ട: കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. അടൂർ ആർഡിഒയുടെ ഉത്തരവിനെ തുടർന്ന് എടുത്ത നടപടിയാണിത്. വ്യാജരേഖകൾ ഉപയോഗിച്ച് റേഷൻ കാർഡിൽ പേര് ചേർത്തുവെന്ന പരാതിയെ തുടർന്ന് സപ്ലൈ വകുപ്പ് ബന്ധപ്പെട്ട റേഷൻ കാർഡ് നേരത്തെ റദ്ദാക്കിയിരുന്നു.

video
play-sharp-fill

ഇതേ വിഷയത്തിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വോട്ടർ പട്ടികയിൽ നിന്നുമുള്ള പേരും നീക്കം ചെയ്തത്. റദ്ദാക്കിയ റേഷൻ കാർഡിലെ മേൽവിലാസം അടിസ്ഥാനമാക്കിയാണ് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തിയിരുന്നതെന്നാണ് വിവരം. കാർഡ് ഉടമയുടെ മകൻ ശ്യാംജിത്ത് എസ് പിള്ള നൽകിയ പരാതിയിൽ, കാർഡിൽ ‘ഭർത്തൃസഹോദരിയുടെ മകൾ’ എന്ന നിലയിൽ പേര് ചേർത്തതായും, എന്നാൽ അത്തരത്തിൽ ബന്ധുക്കൾ ഇല്ലെന്നും ആരോപിക്കുന്നു. കാർഡ് ഉടമ 2024 സെപ്റ്റംബർ 18ന് മരിച്ചതായും പരാതിയിൽ പറയുന്നു.

പേരുവെട്ടൽ നടപടി ചോദ്യം ചെയ്ത് ശ്രീനാദേവി കുഞ്ഞമ്മ നിയമനടപടികൾക്ക് ഒരുങ്ങിയിരിക്കുകയാണ്. ജില്ലാ കളക്ടർക്ക് അപ്പീൽ നൽകുകയും, ആവശ്യമെങ്കിൽ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്യുമെന്ന് അവർ അറിയിച്ചു. സംഭവത്തിന് പിന്നിൽ സിപിഐയുടെ രാഷ്ട്രീയ പ്രതികാരമാണെന്നും, ബന്ധുക്കളെ ഉപയോഗിച്ചാണ് പരാതി നൽകിയതെന്നും അവർ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group