
തിരുവനന്തപുരം: മേയർ വിഷയത്തില്‍ പിണങ്ങി പാർട്ടിയെ തുടർച്ചയായി വിഷമത്തിലാക്കുന്ന ശാസ്തമംഗലം വാർഡ് കൗണ്‍സിലർ ആർ.
ശ്രീലേഖയുടെ നടപടികളില്‍ ബിജെപി നേതൃത്വത്തിന് അതൃപ്തിയെന്നു സൂചന. കോർപറേഷൻ സ്ഥിര സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ ശ്രീലേഖയുടെ വോട്ട് അസാധുവായത് നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതു മനഃപൂർവം അല്ലെന്ന് വിലയിരുത്തുമ്ബോഴും പിന്നീടുള്ള പല കാര്യങ്ങളും പാർട്ടിക്ക് തലവേദനയുണ്ടാക്കുന്നുണ്ട്.
കൗണ്‍സിലറായി സത്യപ്രതിജ്ഞ ചെയ്തതു മുതല്‍ പാർട്ടിയെ വെട്ടിലാക്കുന്ന നടപടികളാണ് ശ്രീലേഖയുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. അതില്‍ പ്രധാനമാണ് നഗരാസൂത്രണ സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്ന സ്ലിപ്പില്‍ ഒപ്പിടാത്തത്. ഇതോടെ ശ്രീലേഖയുടെ വോട്ട് അസാധുവാകുകയായിരുന്നു. മാത്രമല്ല വോട്ടു ചെയ്യേണ്ട രീതിയെക്കുറിച്ച് പാർട്ടി കൗണ്‍സിലർമാർക്കായി ആദ്യം നടത്തിയ ക്ലാസില്‍ ശ്രീലേഖ പങ്കെടുത്തിരുന്നില്ലെന്നും നേതാക്കള്‍ അറിയിച്ചു. ശ്രീലേഖയുടെ നടപടികളിലൊന്നും പാർട്ടി സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല.
അതുപോലെ കൗണ്‍സിലറായി ചുമതലയേറ്റ് ദിവസങ്ങള്‍ക്കകം ശാസ്തമംഗലത്ത് കോർപറേഷന്റെ കെട്ടിടത്തില്‍ പ്രവർത്തിക്കുന്ന എംഎല്‍എ ഓഫിസ് ഒഴിയണമെന്ന് വി.കെ. പ്രശാന്തിനോട് ആവശ്യപ്പെട്ടപ്പോള്‍ മുഴുവൻ വാടക കെട്ടിടങ്ങളുടെയും കണക്കെടുക്കുമെന്നു മേയർ വി.വി. രാജേഷ് പ്രഖ്യാപിച്ചതല്ലാതെ തനിക്കു പാർട്ടിയില്‍ നിന്നു ഒരു പിന്തുണയും കിട്ടിയില്ലെന്നും ശ്രീലേഖയ്ക്ക് പരിഭവമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശ്രീലേഖയുടെ പിണക്കം പുറംലോകത്തെത്തിയത് മേയർ, ഡപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിനു ശേഷമുള്ള വിജയാഘോഷങ്ങളില്‍ പങ്കെടുക്കാതെ മുങ്ങിയതോടെയാണ്. മേയർ സ്ഥാനാർഥിയായി മത്സരിപ്പിക്കാത്തതിലുള്ള അമർഷമാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മേയറും ഡപ്യൂട്ടി മേയർ ജി.എസ്. ആശാനാഥും വീട്ടിലെത്തി ശ്രീലേഖയെ അനുനയിപ്പിച്ചു കൂടെ കൂട്ടുവാനുള്ള ശ്രമം നടത്തിയിരുന്നു.
പിന്നാലെ മേയർ സ്ഥാനം വാഗ്ദാനം നല്‍കിയാണ് തന്നെ കോർപറേഷൻ കൗണ്‍സിലിലേക്ക് മത്സരിപ്പിച്ചതെന്ന് മാധ്യമങ്ങള്‍ക്കു മുന്നിലുള്ള വെളിപ്പെടുത്തല്‍ പാർട്ടിക്കും ബുദ്ധിമുട്ടുണ്ടാക്കി. ഇതിനു പിന്നാലെയാണ് സ്ഥിര സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ വോട്ട് അസാധുവായത്.



