
ഡൽഹി: പ്രദേശത്ത് പരിശോധനകള്‍ തകൃതിയായി നടക്കുകയാണ്.. മണ്ണുമാറ്റി പ്രദേശമാകെ കുഴിക്കുമ്പോള്‍ അവിടെ നിന്നും ഉയർന്ന് വരുന്നത് കുഴിച്ചുമൂടപ്പെട്ട കുറേയേറെ യാഥാർത്ഥ്യങ്ങളാണ്.
ഇരുപത്തിയാറ് വർഷമായി ശ്രീലങ്ക മറച്ചുപിടിക്കുന്ന സത്യങ്ങളുടെ കൂമ്പാരമെന്ന് പറയാം. ഈ വർഷം ജൂണ്‍ 29നാണ് ആരെയും വിഷമിക്കുന്ന ഒരു തെളിവുകൂടിവടക്കൻ ശ്രീലങ്കയില്‍ നിന്ന് ലോകത്തിന് മുന്നില്‍ ഉയർന്ന് വന്നത്.
കടുത്തചൂടിലും ജാഫ്‌നയിലെ ചെമ്മാനിയില്‍ പൊടിപിടിച്ച പ്രദേശത്ത് തൊഴിലാളികള്‍ പുതിയ വൈദ്യുതി ശ്മശാനത്തിന്റെ പ്രവൃത്തികളില്‍ ഏർപ്പെട്ടിരിക്കുകയായിരുന്നു. അപ്പോഴാണ് മറഞ്ഞിരുന്ന വലിയ രഹസ്യത്തിന്റെ ചുരുളഴിഞ്ഞത്. ഇളംനീല നിറത്തില്‍ ഒരു സാധനം ഉയർന്നുവന്നു, അതൊരു കുഞ്ഞിന്റെ സ്‌കൂള്‍ ബാഗായിരുന്നു, അതിന്റെ നൈലോണ്‍ സ്ട്രാപ്പില്‍ കുഞ്ഞ് വാരിയെല്ലിൻ കൂട് പിണഞ്ഞിരിപ്പുണ്ടായിരുന്നു.
ഇതിന് മുമ്പ് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കുഴിക്കാൻ ഉപയോഗിച്ച ഉപകരണത്തില്‍ ഒരു എല്ലിൻ കഷ്ണം തടഞ്ഞത്. ഇതിന് പിന്നാലെ കോടതിയുടെ ഇടപെടലുണ്ടായി. മെയ് 15ന് ആർക്കിയോളജിസ്റ്റ് പ്രൊഫസർ രാജ്‌സോമദേവയെ ഔദ്യോഗികമായി ചുമതല ഏല്‍പ്പിച്ചു. അപ്പോഴേക്കും ഫോറൻസിക്ക് സംഘം വളകള്‍, റബർ പാവകള്‍, വസ്ത്രങ്ങളുടെ കെട്ടുകളെല്ലാം കുഴിച്ചെടുത്തിരുന്നു. ഇവയെല്ലാം ജാഫ്‌ന മജിസ്‌ട്രേറ്റ് കോടതി പരിശോധിക്കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്നാഴ്ചക്കുള്ളില്‍ പുറത്ത് വന്നത് പത്തൊമ്പതോളം അസ്ഥികളാണ്. രണ്ടാമത്തെ പരിശോധന നടന്നത് ജൂലായ് ആദ്യവാരമാണ്. ഇതോടെ അസ്ഥികളുടെ എണ്ണം 65 ആയി. ഇതില്‍ രണ്ടെണ്ണം നവജാത ശിശുക്കളുടേതായിരുന്നു. അഞ്ച് വയസ് പ്രായമാകാത്ത ഒരു പെണ്‍കുഞ്ഞു അരമീറ്ററോളം ആഴത്തില്‍ കുഴിച്ചുമൂടപ്പെട്ടിരുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറിന് 147 അസ്ഥികള്‍ തിരിച്ചറിഞ്ഞപ്പോള്‍ അതില്‍ 140 എണ്ണം പൂർണമായും പുറത്തെടുത്തിട്ടുണ്ട്.
ഒരു ഇടവേളയ്ക്ക് ശേഷം ഓഗസ്റ്റ് ഇരുപത്തി രണ്ടിനാണ് വീണ്ടും പരിശോധന പുനരാരംഭിച്ചത്. ശ്രീലങ്കൻ മാധ്യമങ്ങള്‍ പറയുന്നത് ഓഗസ്റ്റ് 28വരെ 166 മനുഷ്യരുടെ അസ്ഥിക്കൂടങ്ങള്‍ പുറത്തെടുത്തിട്ടുണ്ടെന്നാണ്. ഏത് ദൃക്‌സാക്ഷികളെക്കാളും വ്യക്തമായ തെളിവുകളാണ് ഭൂമി തന്നെ തരുന്നതെന്നാണ് യുഎൻ മനുഷ്യാവകാശ മേധാവി വോള്‍ക്കർ ടർക്ക് പ്രതികരിച്ചത്. പ്രദേശം അദ്ദേഹം സന്ദർശിക്കുക കൂടെ ചെയ്തത് കൊളംബോയ്ക്ക് വലിയ സമ്മർദമാണ് ഉണ്ടാക്കിയത്.
1998ലാണ് രാജ്യത്തെ നടുക്കിയ ചെമ്മാനിയിലെ നിഗൂഢമായ കാര്യങ്ങള്‍ ശ്രീലങ്കയെ ഞെട്ടിച്ചത്. ശ്രീലങ്കൻ സൈന്യത്തിലെ ലാൻസ് കോർപ്പലായിരുന്ന സോമരത്‌ന രാജ്പക്‌സേ നടത്തിയ വെളിപ്പെടുത്തലായിരുന്നു ഇതിന് കാരണം. 1995 -96 കാലഘട്ടത്തില്‍ നടന്ന ഓപ്പറേഷൻ റിവിരേസയില്‍ അറസ്റ്റ് ചെയ്യപ്പെട്ട മുന്നൂറു മുതല്‍ നാനൂറ് തമിഴരെ ചെമ്മാനിയില്‍ കുഴിച്ചുമൂടിയെന്നായിരുന്നു ആ വെളിപ്പെടുത്തല്‍. അതും നട്ടപാതിരാത്രിയില്‍. ഈ ആരോപണത്തിന് പിന്നാലെ ഇവിടെ നടന്ന പരിശോധനയില്‍ പതിനഞ്ച് ശരീരങ്ങളാണ് ലഭിച്ചത്. സൈനിക കസ്റ്റഡയിലിരിക്കെ കാണാതായവരാണ് ഇതില്‍ ഉണ്ടായിരുന്ന രണ്ട് മൃതദേഹങ്ങള്‍. ഇതിന് പിന്നാലെ ഇനി അവിടെ പരിശോധന വേണ്ടെന്ന നിലപാടാണ് ശ്രീലങ്കൻ സർക്കാർ കൈക്കൊണ്ടത്. അവിടെ മറ്റൊരു കുഴിമാടങ്ങളും ഇല്ലെന്നായിരുന്നു അവരുടെ വിശദീകരണം. ഇതോടെ ഏഴ് സൈനികർക്കെതിരെയുള്ള ക്രൂരമായ കുറ്റകരങ്ങള്‍ ക്ഷയിച്ചു.
തമിഴ് സ്ത്രീകളെയും കുട്ടികളെയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ വ്യക്തിയാണ് സാമരത്‌ന രാജ്പക്‌സേ. കൃശാന്തി കുമാരസ്വാമി എന്ന സ്‌കൂള്‍ക്കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഇയാള്‍ ശിക്ഷിക്കപ്പെട്ടു. എന്നാല്‍ മൃതദേഹങ്ങള്‍ കുഴിച്ചിടുക മാത്രമാണ് താൻ ചെയ്ത കുറ്റമെന്നും ആരെയും ഉപദ്രവിച്ചിട്ടില്ലെന്നുമാണ് രാജ്പക്‌സേ വാദിക്കുന്നത്. ചെമ്മാനിക്ക് മുമ്പ് 2012ല്‍ മറ്റാലേ, 2013ലും 2018ലും മാന്നാർ, 2014ല്‍ കളവഞ്ചിക്കുടി എന്നിവിടങ്ങളില്‍ നിന്നും ഇത്തരത്തില്‍ അസ്ഥിക്കൂടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
തമിഴ് പുലികളില്‍ നിന്നും 1996ല്‍ ജാഫ്‌ന ശ്രീലങ്കൻ സൈന്യം പിടിച്ചെടുത്തിരുന്നു. അതിന് ശേഷം ചെമ്മാനി ഉള്‍പ്പെടെ ഉള്ള പ്രദേശങ്ങള്‍ സൈന്യത്തിന്റെ അധീനതയിലാണ്.