മന്ത്രി കെ കൃഷ്ണൻ കുട്ടിക്ക് പിന്നാലെ അതൃപ്തി പരസ്യമാക്കി എം പി വി.കെ ശ്രീകണ്ഠൻ; ‘പരിപാടിയെ പറ്റി അറിയിച്ചില്ല, വളരെ മോശമായിപ്പോയി’

Spread the love

പാലക്കാട്: ഇൻഡ് സമ്മിറ്റിൽ വിളിക്കാത്തതിൽ മന്ത്രി കെ കൃഷ്ണൻ കുട്ടിക്ക് പിന്നാലെ അതൃപ്തി പരസ്യമാക്കി എം പി വി.കെ ശ്രീകണ്ഠൻ. പരിപാടിയെ പറ്റി തന്നെ അറിയിച്ചില്ലെന്നും വളരെ മോശമായി പോയെന്നും ശ്രീകണ്ഠൻ. പരിപാടി സംഘടിപ്പിച്ചത് സങ്കുചിത രാഷ്ട്രീയ മനസോടെയാണ്. പരിപാടിയിൽ ആളെത്താതതോടെ രാഷ്ട്രീയ നാടകം പൊളിഞ്ഞുവെന്നും നാടിന്റെ വികസന വളർച്ചയാണ് സർക്കാർ ലക്ഷ്യമെന്ന് വിചാരിക്കുന്നില്ലെന്നും എംപി ചൂണ്ടിക്കാട്ടി. പരിപാടിയിലേക്ക് ജില്ലയുടെ ചുമതലയുള്ള മന്ത്രി കൃഷ്ണൻകുട്ടിയെയും ക്ഷണിച്ചിരുന്നില്ല. വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറത്തിൻ്റെ നേതൃത്വത്തിലാണ് കോൺക്ലേവ് നടന്നത്.

വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് മന്ത്രിയെ ക്ഷണിച്ചിട്ടില്ലെന്ന് കൃഷ്ണകുട്ടിയുടെ ഓഫീസും വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ പി രാജീവ്, എംബി രാജേഷ് എന്നിവരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് കിഫ് ഇന്‍ഡ് സമ്മിറ്റ് ഉദ്ഘാടനം ചെയ്യുന്നത്.

ദേശീയ വ്യവസായ ഇടനാഴിയുടെ ഭാഗമായുള്ള കഞ്ചിക്കോട് വ്യവസായ സ്മാർട്ട് നഗരത്തിന്‍റെ വികസനസാധ്യതകൾ വിലയിരുത്താനാണ് കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം കിഫ് ഇൻഡ് സമ്മിറ്റ്-2025 എന്ന പേരിൽ വ്യവസായ ഉച്ചകോടി സംഘടിപ്പിക്കുന്നത്. കഞ്ചിക്കോട് ഇ.കെ നായനാർ കൺവെൻഷൻ സെന്‍ററിലാണ് പരിപാടി നടക്കുന്നത്. കഞ്ചിക്കോട് മേഖലയിലെ വ്യവസായ സ്ഥാപനങ്ങളെയും സംരംഭകരെയും വ്യവസായ പ്രമുഖരെയും ഒരു കുടക്കീഴിൽ കൊണ്ടുവന്ന് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. ​വ്യവസായ പ്രമുഖരും, സംരംഭകരും, നയരൂപീകരണ വിദഗ്ധരും ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ഉച്ചകോടിയിൽ, വ്യവസായ വികസനത്തിനായുള്ള ചർച്ചകൾ നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group