മുംബൈ: രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെ ശുഭ്മന്‍ ഗില്‍ ഇന്ത്യയുടെ പുതിയ നായകനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഗില്ലിനെ ഉടനെ ടെസ്റ്റ് നായകന്‍ ആക്കരുതെന്ന് മുന്‍ക്യാപ്റ്റന്‍ കെ ശ്രീകാന്ത്. ഇംഗ്ലണ്ട് പര്യടനത്തില്‍ സീനിയര്‍ താരം ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയെ നയിക്കേണ്ടതെന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടു.
ടീമില്‍ സ്ഥാനം ഉറപ്പുള്ള താരത്തെയാണ് ക്യാപ്റ്റനാക്കേണ്ടത്. ഗില്‍ ആദ്യം ടീമിലെ സ്ഥാനം ഉറപ്പിക്കട്ടേ. ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യയെ നയിക്കാന്‍ ഏറ്റവും അനുയോജ്യന്‍ ജസ്പ്രിത് ബുമ്രയാണ്. ബുംറയുടെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ഇന്ത്യയെ നയിക്കേണ്ടതെന്നും ശ്രീകാന്ത് പറഞ്ഞു.
മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കറും ബുമ്രയെ ക്യാപ്റ്റനാക്കണമെന്നുള്ള പക്ഷക്കാരനാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍… ”ഇന്ത്യയുടെ ടെസ്റ്റ് നായകസ്ഥാനത്തേക്ക് മറ്റൊരു ജസ്പ്രിത് ബുമ്രയ്ക്ക് അപ്പുറത്തേക്ക് മറ്റൊരു താരത്തെ അന്വേഷിക്കുന്നത് ഞെട്ടലുണ്ടാക്കുന്നു. നിരന്തരമുള്ള പരിക്കാണ് പ്രശ്നമെങ്കില്‍, വൈസ് ക്യാപ്റ്റനെ ബുദ്ധിപൂര്‍വം തീരുമാനിക്കൂ.” മഞ്ജരേക്കര്‍ എക്സില്‍ കുറിച്ചിട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
31 കാരനായ ബുമ്ര മുമ്പ് 2022 ല്‍ ബര്‍മിംഗ്ഹാമില്‍ ഇംഗ്ലണ്ടിനെതിരെ പുനഃക്രമീകരിച്ച അഞ്ചാം ടെസ്റ്റിലും, 2024-25 ലെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ട് മത്സരങ്ങളിലും ഇന്ത്യയെ നയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ, ഓസ്‌ട്രേലിയക്കെതിരെ 295 റണ്‍സിന്റെ വന്‍ വിജയം നേടി. പെര്‍ത്തില്‍ നടന്ന ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് പ്രകടനവും ബുമ്ര നടത്തി.
ക്യാപ്റ്റനെന്ന നിലയില്‍ മൂന്ന് ടെസ്റ്റുകളില്‍ നിന്ന് 15 വിക്കറ്റുകള്‍ ബുമ്ര വീഴ്ത്തി. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വലിയ റണ്‍സ് വിജയമായിരുന്നു പെര്‍ത്തിലേത്. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന അവസാന ടെസ്റ്റിലും ബുമ്രയാണ് ഇന്ത്യയെ നയിച്ചിരുന്നത്.