
‘പ്രിയപ്പെട്ട ഗണപതിവട്ടജി… എന്തിനാണ് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നത്’.., കെ. സുരേന്ദ്രനെതിരെ പരിഹാസ പോസ്റ്റുമായി ശ്രീജിത്ത് പണിക്കർ
തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ. സംഘ്പരിവാർ സഹയാത്രികനും ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യവുമാണ് ശ്രീജിത്ത് പണിക്കർ.
‘പ്രിയപ്പെട്ട ഗണപതിവട്ടജി’ എന്ന അഭിസംബോധനയോടെയാണ് ശ്രീജിത്ത് പണിക്കർ പരിഹാസ കുറിപ്പ് കുറിച്ചിരിക്കുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീജിത്ത് പണിക്കർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ‘കള്ളപ്പണിക്കർ’ എന്ന് സുരേന്ദ്രൻ ആക്ഷേപിച്ചതിന് പിന്നാലെയാണ് ശ്രീജിത്തിന്റെ കടന്നാക്രമണം.
‘മകന്റെ കള്ളനിയമനം, തെരഞ്ഞെടുപ്പ് കാലത്തെ കുഴൽപ്പണം, തുപ്പൽ വിവാദം, സ്ഥലപ്പേര് വിവാദം ഇതിലൊക്കെ നിങ്ങളെ തള്ളിപ്പറഞ്ഞതിൽ നല്ല കലിപ്പുണ്ടാകുക സ്വാഭാവികമാണ്. സ്വന്തം അധ്വാനത്തിന്റെ ബലത്തിൽ സുരേഷ് ഗോപി തൃശൂരിൽ ജയിച്ചപ്പോൾ അതിൽ പ്രത്യേകിച്ചൊരു പങ്കുമില്ലാത്ത നിങ്ങൾ എന്തിനാണ് എന്നോട് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല’ – ശ്രീജിത്ത് കുറിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനാവശ്യമായ ഒരു സ്ഥലനാമ വിവാദം കുത്തിപ്പൊക്കി, മറ്റ് സ്ഥാനാർഥികളുടെ കൂടി സാധ്യതകളെ അട്ടിമറിക്കാനാണ് സുരേന്ദ്രൻ ശ്രമിച്ചതെന്നും പോസ്റ്റിൽ കുറ്റപ്പെടുത്തുന്നു.
മനുഷ്യരെ വെറുപ്പിക്കുന്ന കുത്തിത്തിരിപ്പ് മാറ്റിവെച്ച് അവർക്ക് ഗുണമുള്ള കാര്യങ്ങൾ ചെയ്താൽ സുരേഷ് ഗോപിക്ക് കിട്ടിയ സ്വീകാര്യത സുരേന്ദ്രനും കിട്ടുമെന്നും അല്ലെങ്കിൽ പതിവുപോലെ കെട്ടിവെച്ച കാശു പോകുമെന്നും ഓർമിപ്പിക്കുന്ന പോസ്റ്റിനൊപ്പം തൊലിയുരിഞ്ഞ ചെറിയുള്ളിയുടെ ചിത്രവും നൽകിയിട്ടുണ്ട്.
ശ്രീജിത്ത് പണിക്കർക്കെതിരെ കെ. സുരേന്ദ്രൻ പരസ്യമായി രംഗത്തെത്തിയതിന് പിന്നാലെയാണ് മറുപടിയുമായി ശ്രീജിത്ത് എത്തിയത്. വൈകുന്നേരം ചാനലിൽ വന്നിരിക്കുന്നുണ്ടല്ലോ കള്ളപ്പണിക്കർമാർ കുറേയെണ്ണം, അവന്മാര് പറയുകയാണ് സുരേഷ് ഗോപിയെ തോൽപിക്കാൻ സംസ്ഥാന ഘടകം ശ്രമിക്കുന്നെന്ന്’ എന്നായിരുന്നു സുരേന്ദ്രന്റെ പരാമർശം.