video
play-sharp-fill
ഒരമ്മയുടെ ദീന രോദനം കണ്ടില്ലെന്ന് നടിച്ച് അനുജനെ പിടിക്കാനെത്തി ആളുമാറി ചേട്ടനെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് അടിവയറ്റിൽ ചവിട്ടി ;ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ കാലനായത് പോലീസ് തന്നെ…

ഒരമ്മയുടെ ദീന രോദനം കണ്ടില്ലെന്ന് നടിച്ച് അനുജനെ പിടിക്കാനെത്തി ആളുമാറി ചേട്ടനെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് അടിവയറ്റിൽ ചവിട്ടി ;ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ കാലനായത് പോലീസ് തന്നെ…

എന്‍റെ മകനെ പൊലീസുകാാര്‍ തല്ലിക്കൊന്നതാ.. വെള്ളം ചോദിച്ചിട്ട് അതുപോലും കൊടുത്തില്ല. ഞങ്ങള്‍ ഇത്തിരി വെള്ളംകൊടുക്കാന്‍ ചെന്നപ്പോള്‍ അനുവദിച്ചില്ല… വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസിലെ മുഖ്യ പ്രതിയായിരുന്ന ശ്രീജിത്ത് മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ അമ്മ ശ്യാമള പറഞ്ഞ വാക്കുകളാണിത്.
വിട്ടിൽ നിന്നും വലിച്ചിഴച്ച് കൊണ്ടുപോകും വഴി അടിവയറ്റില്‍ ചവിട്ടി. തൊട്ടടുത്ത ജങ്ഷനിലിട്ടും ചവിട്ടി. ഇനി ഒരമ്മയ്ക്കും ഈ ഗതി വരരുതെന്നും അവര്‍ പറഞ്ഞു. പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ മര്‍ദ്ദനമേറ്റ ശ്രീജിത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ ചികിത്സയിലിരിക്കെ ശ്രീജിത്ത് മരിക്കുകയായിരുന്നു. കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച് വരാപ്പുഴ പഞ്ചായത്തില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുക്കുമെന്ന് എറണാകുളം റേഞ്ച് ഐജി അറിയിച്ചിട്ടുണ്ട്.
ഗൃഹനാഥൻ ആത്മഹത്യ ചെയ്ത കേസില്‍ പന്ത്രണ്ടാം പ്രതിയായിരുന്നു ശ്രീജിത്ത്. പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ മര്‍ദ്ദനമേറ്റിരുന്ന ശ്രീജിത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശ്രീജിത്ത് മരിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനം ഏറ്റില്ലെന്നാണ് പൊലീസ് പറയുന്നത്.
അതുകൊണ്ട് തന്നെ കസ്റ്റഡി മരണം അല്ലെന്നും വരുത്താനാണ് ശ്രമം. വീടാക്രമണത്തിനിടെ ശ്രീജിത്തിന് മര്‍ദ്ദനമേറ്റുവെന്നും അതാണ് മരണ കാരണമെന്നും പൊലീസ് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ വീടാക്രമണത്തില്‍ പോലും ശ്രീജിത്ത് പങ്കാളിയായിരുന്നില്ല. ശ്രീജിത്തിന്റെ അനുജന്‍ സജിത്തായിരുന്നു സംഘത്തിലുണ്ടായിരുന്നത്. സജിത്തിനെ പിടികൂടാനെത്തിയ പൊലീസ് വീട്ടിലുണ്ടായിരുന്ന ശ്രീജിത്തിനേയും അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവ ദിവസം രാത്രി ഇവരുടെ വീട്ടിലെത്തിയ മഫ്തി പൊലീസ് ,ഉറങ്ങിക്കിടന്ന ഇരുവരെയും പിടികൂടുമ്പോൾ ജ്യേഷ്ഠന്‍ ശ്രീജിത്ത് പ്രതിയല്ലെന്ന് സജിത്ത് വിളിച്ചു പറഞ്ഞിരുന്നു. അത് ചെവിക്കൊള്ളാതെ ശ്രീജിത്തിനെ വലിച്ചിഴച്ച്‌ ബൂട്ടിന് ചവിട്ടിയാണ് പൊലീസുകാര്‍ വാഹനത്തില്‍ കയറ്റിയത്. വയറിന് ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ടെന്ന് ഭാര്യ അഖിലയുടെ മൊഴിയുണ്ട്. തുളസീദാസെന്ന ശ്രീജിത്തായിരുന്നു കേസിലെ മുഖ്യപ്രതി.
ഇയാള്‍ ഇപ്പോഴും ഒളിവിലാണ്. പൊലീസിന്റെ തെറ്റിദ്ധാരണയാണ് എസ്.ആര്‍. ശ്രീജിത്തിന്റെ അറസ്റ്റിനും ക്രൂരമായ മര്‍ദ്ദനത്തിനും ഇടയാക്കിയത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറുനുള്ളില്‍ കോടതിയില്‍ ഹാജരാക്കണമെന്ന ചട്ടവും പൊലീസ് ലംഘിച്ചു. എന്നിട്ടും പൊലീസിനെ ന്യായീകരിക്കാനാണ് ശ്രമം. ഇതുവരേയും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിട്ടില്ല.
വയറുവേദന, മൂത്രതടസം, ഛര്‍ദ്ദില്‍ എന്നിവയാണ് കാരണങ്ങളായി പൊലീസ് നിരത്തിയത്. അത്യാഹിത വിഭാഗത്തിലെ പരിശോധനയില്‍ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായ ക്ഷതമേറ്റെന്ന് വ്യക്തമായി. ഇതോടെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി വെന്റിലേറ്ററിലേക്ക് മാറ്റി. രാത്രി ഏഴു മണിയോടെ മരണം സംഭവിച്ചു. വന്‍ കുടലിനും ചെറുകുടലിനും ഗുരുതരമായ ക്ഷതമേറ്റെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. വന്‍കുടല്‍ പൊട്ടി ഭക്ഷണപദാര്‍ത്ഥങ്ങള്‍ രക്തത്തിലേക്ക് കലര്‍ന്നു. ഇതുമൂലമുള്ള അണുബാധ കിഡ്‌നി, കരള്‍ എന്നിവയിലേക്ക് ബാധിച്ചു. ടൈല്‍ പണിക്കാരനാണ് ശ്രീജിത്ത്. അഖില ഭാര്യ. മൂന്നു വയസുള്ള ആര്യനന്ദ മകള്‍.
ആശുപത്രിയിലായപ്പോള്‍ ആരും ലോക്കപ്പ് മര്‍ദ്ദനത്തെ പറ്റി പരാതി പറഞ്ഞില്ലെന്നാണ് റൂറല്‍ എസ് പിയുടെ വാദം. എന്നാല്‍ പരാതി പറഞ്ഞിരുന്നുവെന്നും അത് ആരും ഗൗനിച്ചില്ലെന്നും ശ്രീജിത്തിന്റെ കുടുംബം പറയുന്നു. മരിച്ചതോടെ മനുഷ്യാവകാശ കമ്മീഷന്‍ എത്തി. ഇതോടെ വിഷയം മാധ്യമ ശ്രദ്ധയിലുമെത്തി. പൊലീസ് മര്‍ദ്ദനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.