play-sharp-fill
വിഗ്രഹം വീണുടയുന്നു: മാധ്യമപ്രവർത്തകനെ ഇടിച്ചു കൊലപ്പെടുത്തിയ സംഭവം: ശ്രീറാം വെങ്കിട്ടരാമൻ അറസ്റ്റിൽ; നരഹത്യാകുറ്റം ചുമത്തി പൊലീസ്; ശ്രീറാം ജയിലിലേയ്ക്ക്; സർവീസിൽ നിന്നും ഉടൻ സസ്‌പെന്റ് ചെയ്‌തേക്കും

വിഗ്രഹം വീണുടയുന്നു: മാധ്യമപ്രവർത്തകനെ ഇടിച്ചു കൊലപ്പെടുത്തിയ സംഭവം: ശ്രീറാം വെങ്കിട്ടരാമൻ അറസ്റ്റിൽ; നരഹത്യാകുറ്റം ചുമത്തി പൊലീസ്; ശ്രീറാം ജയിലിലേയ്ക്ക്; സർവീസിൽ നിന്നും ഉടൻ സസ്‌പെന്റ് ചെയ്‌തേക്കും

സ്വന്തം ലേഖകൻ
തിരുവനന്തപുരം: തലസ്ഥാനത്ത് നഗരമധ്യത്തിൽ മദ്യലഹരിയിൽ വാഹനം ഓടിച്ച് മാധ്യമപ്രവർത്തകനെ ഇടി്ച്ച് കൊലപ്പെടുത്തിയ കേസിൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് ഇദ്ദേഹം ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റവും പൊലീസ് ചുമത്തിയിട്ടുണ്ട്. പത്ത് വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിക്കുന്ന വകുപ്പുകളാണ് ഇപ്പോൾ ശ്രീരാമിനെതിരെ ചുമത്തിയിരിക്കുന്നത്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്താൽ ഉടൻ തന്നെ ശ്രീരാമിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്‌തേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. റിമാൻഡിലായാൽ ഈ വകുപ്പുകൾ പ്രകാരം മുപ്പത് ദിവസമെങ്കിലും ശ്രീറാം ജയിലിൽ കഴിയേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. സമൂഹത്തിലെ ഉന്നതനാണെന്നും, സാക്ഷികളെയും അന്വേഷണത്തെയും സ്വാധീനിക്കാൻ സാധ്യതയുള്ളതിനാൽ ഉറപ്പായും ശ്രീരാമിന് ജാമ്യം നൽകുന്നതിനെ പ്രൊസിക്യൂഷൻ എതിർക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഈ സാഹചര്യത്തിൽ ശ്രീറാം മൂന്നു മാസമെങ്കിലും ജയിലിൽ കഴിയേണ്ടി വരുമെന്നാണ് ഉറപ്പ്. ഇതിനിടെ സംഭവത്തിൽ ഒപ്പം സഞ്ചരിച്ചിരുന്ന വഫ ഫിറോസിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തി.
വഞ്ചിയൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്.ഇതിനിടെ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ശനിയാഴ്ച പുലർച്ചെ വഫയും ശ്രീറാം വെങ്കിട്ടരാമനും സഞ്ചരിച്ചിരുന്ന കാറിടിച്ച് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം. ബഷീർ മരിച്ചിരുന്നു.അമിതവേഗത്തിൽ വന്ന കാർ ബൈക്കിന് പിന്നിലിടിച്ചായിരുന്നു അപകടം.
കാർ ഓടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച നിലയിലായിരുന്നു. എന്നാൽ വഫയാണ് കാറ് ഓടിച്ചിരുന്നതെന്നാണ് ശ്രീറാം പോലീസിനോട് പറഞ്ഞിരുന്നത്. ഇതേ തുടർന്നാണ് മജിസ്ട്രേറ്റിന് മുന്നിൽ വഫയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പോലീസ് തീരുമാനിച്ചത്.
എന്നാൽ പോലീസ് ചോദ്യം ചെയ്യലിൽ ശ്രീറാം വെങ്കിട്ടരാമൻ തന്നെയാണ് കാറോടിച്ചിരുന്നതെന്ന് വഫ മൊഴി നൽകുകയുണ്ടായി. ദൃക്സാക്ഷി മൊഴികളും ശ്രീറാമാണ് വാഹനമോടിച്ചിരുന്നത് എന്ന് തന്നെയായിരുന്നു. അന്വേഷണത്തിലും നടപടികളിലും ആദ്യം വിമുഖ കാണിച്ച പോലീസ് പ്രതിഷേധം ശക്തമായതോടെയാണ് രക്ത പരിശോധനയടക്കം നടത്താൻ തയ്യാറായത്. ശ്രീറാം വെങ്കിട്ടരാമന്റെ പേരിൽ ജാമ്യമില്ലാ കുറ്റം ചുമത്താനും ഡിജിപിയുടെ നിർദേശമുണ്ടായിരുന്നു.
ഇതിനിടെ കേസിൽ കുടുങ്ങി അറസ്റ്റിലായി ജയിലിൽ പോകുമെന്ന് ഉറപ്പായ സാഹചര്യത്തിൽ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്യാനുള്ള നടപടികളും ആരംഭിച്ചതായി സൂചനയുണ്ട്. ഇതിന്റെ ഭാഗമായി പൊതുഭരണ വകുപ്പ് സെക്രട്ടറി ശ്രീറാമിനെതിരായ അന്വേഷണ റിപ്പോർട്ട് പൊലീസിനോടു ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശ്രീറാമിനെ സസ്‌പെന്റ് ചെയ്‌തേക്കും.
ഇതിനിടെ പ്രസ്‌ക്ലബിൽ പൊതുദർശനത്തിന് വച്ച കെ.എം ബഷീറിന്റെ മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ട് എത്തി അന്തിമോപചാരം അർപ്പിച്ചത് ബഷീർ എത്രത്തോളം തിരുവനന്തപുരം നഗരത്തിന് പ്രിയപ്പെട്ടവനാണെന്ന വ്യക്തമായ സന്ദേശം നൽകുന്നതായിരുന്നു. എപ്പോഴും ചിരിച്ച മുഖത്തോടെ മാത്രം കാണുന്ന ബഷീറിന്റെ വിടവാങ്ങലിൽ തിരുവനന്തപുരം പ്രസ്‌ക്ലബ് പരിസരം അത്യന്തം ശോകമൂകമായിരുന്നു.