
കോട്ടയം : സ്ഥല പരിമിതിമൂലം വീര്‍പ്പു മുട്ടുന്ന ചിങ്ങവനം സ്‌റ്റേഷനു പുതിയ കെട്ടിടം നിര്‍മിക്കാന്‍ ചിങ്ങവനത്ത് മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന ട്രാവന്‍കൂര്‍ ഇലക്‌ട്രോ കെമിക്കല്‍സിന്റെ സ്ഥലം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി കലക്ടര്‍ക്കു കത്തു നല്‍കി.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ് സയന്‍സ് ആന്‍ഡ് അപ്ലൈഡ് റിസര്‍ച്ച് കേരളയ്ക്ക് (ഐസ് പാര്‍ക്ക്) 2011 ല്‍ തറക്കല്ലിട്ട ഭൂമിയാണു പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഭൂമി ഇപ്പോള്‍ കാടുപിടിച്ചു കിടക്കുകയാണ്.
2011 ല്‍ തറക്കല്ലിട്ട ശേഷം ഒരു ബോര്‍ഡ് മാത്രമാണ് ഇവിടെ സ്ഥാപിച്ചത്. ബോര്‍ഡും തുരുമ്പെടുത്തു നശിച്ചു. ഈ സാഹചര്യത്തിലാണു ചിങ്ങവനത്തു പുതിയ പോലീസ് സ്റ്റേഷന്‍ നിര്‍മിക്കാന്‍ ശ്രമമാരംഭിച്ചത്.
ജില്ലയിലെ തന്നെ ഏറ്റവും വിസ്തൃതിയുള്ള സ്റ്റേഷനില്‍ ഒന്നാണ് ചിങ്ങവനം. നിലവില്‍ സ്റ്റേഷനിലെ അന്‍പതോളം പോലീസ് ഉദ്യോഗസ്ഥര്‍ക്കു വിശ്രമിക്കാന്‍ 4 കട്ടിലുകള്‍ മാത്രമാണുള്ളത്. വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും വിശ്രമമുറിയിലെ സൗകര്യം പരിമിതമാണ്. സ്റ്റേഷനിലേക്ക് എത്തിച്ചേരാന്‍ സ്വന്തമായി വഴിയില്ല. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിലൂടെ ആണ് ഇപ്പോള്‍ സ്റ്റേഷനിലേക്ക് എത്തിച്ചേരുന്നത്. കലക്ടറുടെ അനുമതി ലഭിച്ചാലുടന്‍ പുതിയ സ്റ്റേഷനു വേണ്ടിയുള്ള തുടര്‍ന്നു നടപടികള്‍ സ്വീകരിക്കാനാണു തീരുമാനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയാണു രാജ്യത്ത് ആദ്യത്തെ സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടായി ചിങ്ങവനത്ത് സ്ഥലം ഏറ്റെടുക്കുന്നതിന് മുന്‍കൈയെടുക്കുന്നത്. പൂട്ടിപ്പോയ ചിങ്ങവനം ഇലക്‌ട്രോ കെമിക്കല്‍സിന്റെ 11.50 ഏക്കര്‍ സ്ഥലമാണ് കായികവകുപ്പിന് കൈമാറിയത്. 2016 ല്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി സ്പോര്‍ട്സ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. പിന്നീട് ഒന്നും നടന്നില്ല.
പട്യാല മോഡലില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനായിരുന്നു ലക്ഷ്യം. അന്താരാഷ്ട്ര നിലവാരമുള്ള കായിക താരങ്ങളെ സൃഷ്ടിക്കുക, കായിക ശാസ്ത്രരംഗത്തെ നൂതനമായ അറിവുകള്‍ കായിക താരങ്ങള്‍ക്കും പരിശീലകര്‍ക്കും ലഭ്യമാക്കുക തുടങ്ങിയവയായിരുന്നു ലക്ഷ്യം.
107 കോടി രൂപയാണു നിര്‍മാണച്ചെലവ് കണക്കാക്കിയിരുന്നത്. കായികതാരങ്ങള്‍ക്കു പരിശീലനത്തിന് ആവശ്യമായ ഗ്രൗണ്ടുകള്‍, സ്പോര്‍ട്സ് ഉപകരണങ്ങള്‍, ഹോസ്റ്റല്‍ സൗകര്യം, ഹോസ്പിറ്റല്‍ തുടങ്ങിയവ നിര്‍മ്മിക്കാനായിരുന്നു പദ്ധതി. 250 കായികതാരങ്ങള്‍ക്ക് അഡ്മിഷന്‍ നല്‍കാനും കഴിയുമായിരുന്നു. തുടക്കത്തില്‍ ആറു വിഷയങ്ങളില്‍ കോഴ്സുകള്‍ ആരംഭിക്കാനും ഉദ്ദേശിച്ചിരുന്നു. ലോകത്തെ മികച്ച കായിക സര്‍വകലാശാലകളുമായി അഫിലിയേഷന്‍ നടത്തി പ്രവര്‍ത്തനം മികവുറ്റതാക്കാനായിരുന്നു തീരുമാനം. എന്നാല്‍, തീരുമാനങ്ങള്‍ ഒന്നും നടപ്പാവാതെ കാടുപിടിച്ചു കിടക്കുന്ന അവസ്ഥയാണിന്നുള്ളത്.