ഉന്നത പഠനത്തിന് വ്യാജ സ്‌പോട്‌സ് സർട്ടിഫിക്കറ്റ്: ഒന്നര വർഷം മുൻപ് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചത് കഴിഞ്ഞ ദിവസം; സ്‌പോട്‌സ് ക്വോട്ടാ തട്ടിപ്പിന് കുട പിടിയ്ക്കുന്നവർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഉന്നത പഠനത്തിന് വ്യാജ സർട്ടിഫിക്കറ്റ് നൽകി അഡ്മിഷൻ നേടിയെടുത്ത സംഭവത്തിൽ പന്ത്രണ്ടു പേർക്കെതിരെ അന്വേഷണം ആരംഭിച്ചത് ഒന്നര വർഷത്തിന് ശേഷം. സംസ്ഥാന പൊലീസ് മേധാവിയ്ക്ക് തന്നെ പരാതി നൽകിയിട്ടും കേസിൽ ഇതുവരെയും നടപടിയെടുക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ഇപ്പോൾ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് സംഭവങ്ങളുണ്ടായതിനെ തുടർന്ന് മാത്രമാണ് സംഭവത്തിൽ കേസെടുക്കാനും അന്വേഷണം നടത്താനും പൊലീസ് തയ്യാറായത്. കേരള റൈഫിൾ അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടറി എറണാകുളം സ്വദേശി വി.സി.ജെയിംസ്, വ്യാജ സർട്ടിഫിക്കറ്റിലൂടെ ഗ്രേസ് മാർക്ക് നേടിയ പാലക്കാട് സ്വദേശിനിയായ വിദ്യാർത്ഥിനി കെ.എസ്.നിരഞ്ജന എന്നിവർക്കെതിരെ കൊല്ലം വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.വിവിധ ജില്ലകളിൽ നിന്നുള്ള 12 കുട്ടികൾക്കായി 32 സർട്ടിഫിക്കറ്റുകൾ വ്യാജമായി നിർമ്മിച്ചുവെന്നാണ് ആക്ഷേപം.
കൊല്ലം ജില്ലാ റൈഫിൾ അസോസിയേഷൻ സെക്രട്ടറി സജു.എസ്. ദാസ് കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഡി.ജി.പിക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയത്. 2017 ആഗസ്റ്റ് 21മുതൽ 26 വരെ ചെന്നെയിൽ നടന്ന സൗത്ത് സോൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിന്റെ മറവിലാണ് തട്ടിപ്പ്. വിജയികൾക്ക് റൈഫിൾ അസോസിയേഷന്റെ ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിന് ഒരാഴ്ച മുമ്പ് വ്യാജ സർട്ടിഫിക്കറ്റുകളുടെ വിതരണം നടന്നിരുന്നുവെന്നാണ് പരാതി.സംസ്ഥാന റൈഫിൾ അസോസിയേഷൻ സെക്രട്ടറിയുടെ ഒപ്പോടു കൂടിയ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് കുട്ടികളിൽ പലരും ഉപരി പഠനത്തിന് ഗ്രേസ് മാർക്ക് നേടിയിരുന്നു.
വ്യാജ സർട്ടിഫിക്കറ്റുകളിൽ തമിഴ്‌നാട് ഷൂട്ടിംഗ് അസോസിയേഷൻ പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ ഒപ്പാണ് ഉള്ളത്. എന്നാൽ, ദേശീയ റൈഫിൾ അസോസിയേഷൻ നൽകുന്ന യഥാർത്ഥ സർട്ടിഫിക്കറ്റുകളിൽ ഒപ്പിടുന്നത് ദേശീയ സെക്രട്ടറിയാണെന്ന് കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. വ്യാജ സർട്ടിഫിക്കറ്റുകളിൽ ദേശീയ റൈഫിൾ അസോസിയേഷന്റെ അടയാളവും സീരിയൽ നമ്പരുമില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വ്യാജനിൽ തമിഴ്‌നാട് ഷൂട്ടിംഗ് അസോസിയേഷൻ എന്നാണ് കാണുന്നത്. ഔദ്യോഗിക സർട്ടിഫിക്കറ്റുകളിൽ ദേശീയ റൈഫിൾ അസോസിയേഷൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അസോസിയേഷൻ ചട്ടമനുസരിച്ച് ഒരു മത്സരാർത്ഥി എത്ര ഇനങ്ങളിൽ മത്സരിച്ചാലും ഒരു സർട്ടിഫിക്കറ്റ്. വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചവർ കൂടുതൽ ഗ്രേസ് മാർക്കിനായി ഓരോ ഇനത്തിനും സർട്ടിഫിക്കറ്റുകൾ നിർമിച്ചതായി സൂചനയുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group