വിയാന്‍ മള്‍ഡര്‍ 367 നോട്ടൗട്ട്! ലാറയെ പിന്നിലാക്കാതെ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്ത് ദക്ഷിണാഫ്രിക്ക; സിംബാബ്‌വെക്കെതിരെ കൂറ്റന്‍ സ്‌കോര്‍

Spread the love

ബുലവായോ: ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന് ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡ് അങ്ങനെ തന്നെ തുടരും. ദക്ഷിണാഫ്രിക്കന്‍ താരം വിയാന്‍ മള്‍ഡര്‍ക്ക് ലാറയെ മറികടക്കാനുള്ള അവസരമുണ്ടായിരുന്നു. സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ 367 റണ്‍സുമായി അദ്ദേഹം ക്രീസിലുണ്ടായിരുന്നു. എന്നാല്‍ രണ്ടാം ദിനം ഒന്നാം സെഷന്‍ അവസാനിച്ചതിന് പിന്നാലെ ദക്ഷിണാഫ്രിക്ക ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മള്‍ഡര്‍ തന്നെയാണ് ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റനും. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സ് അവസാനിക്കുമ്പോല്‍ സ്‌കോര്‍ബോര്‍ഡില്‍ 626 റണ്‍സുണ്ട്. അഞ്ച് വിക്കറ്റുകള്‍ മാത്രമാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്.

ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ അഞ്ചാമതാണിപ്പോള്‍ മള്‍ഡര്‍. ലാറ (400) ഒന്നാമത് തുടരുമ്പോള്‍ മുന്‍ ഓസ്‌ട്രേലിയന്‍ താരം മാത്യൂ ഹെയ്ഡന്‍ (380) രണ്ടാം സ്ഥാനത്ത്. 2004ല്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ലാറയുടെ നേട്ടം. ഹെയ്ഡന്‍ 2003ല്‍ സിംബാബ്‌വെക്കെതിരേയും. ലാറ തന്നെയാണ് മൂന്നാം സ്ഥാനത്ത്. 1994ല്‍ ഇംഗ്ലണ്ടിനെതിരെ അദ്ദേഹം 375 റണ്‍സ് നേടിയിരുന്നു. മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെ നാലാം സ്ഥാനത്ത്. 2006ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 374 റണ്‍സാണ് ജയവര്‍ധനെ അടിച്ചെടുത്തത്.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ട്രിപ്പിള്‍ സെഞ്ചുരി നേടുന്ന രണ്ടാമത്തെ ക്രിക്കറ്ററാണ് മള്‍ഡര്‍. മുന്‍ താരം ഹാഷിം ആംലയാണ് ട്രിപ്പിള്‍ സെഞ്ചുറി നേടിയ മറ്റൊരു ബാറ്റര്‍. 297 പന്തില്‍ നിന്നാണ് മള്‍ഡര്‍ ട്രിപ്പിള്‍ 300 നേടിയത്. വേഗമേറിയ രണ്ടാമത്തെ ട്രിപ്പിള്‍ സെഞ്ചുറി കൂടിയാണിത്. മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗിന്റെ പേരിലാണ് വേഗമേറിയ ട്രിപ്പിള്‍ സെഞ്ചുറി. 278 പന്തുകളില്‍ നിന്ന് സെവാഗ് ട്രിപ്പിള്‍ സെഞ്ചുറി നേടിയിട്ടുണ്ട്. 2008ല്‍ ചെന്നൈയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആയിരുന്നത്. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ആദ്യ താരം കൂടിയാണ് മള്‍ഡര്‍.

 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മോശം തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്. സ്‌കോര്‍ബോര്‍ഡില്‍ 24 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍മാരായ ടോണി ഡി സോര്‍സി (10), ലെസേഗോ സെനോക്വാനെ (3) എന്നിവരുടെ വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. പിന്നീട് ഡേവിഡ് ബെഡിംഗ്ഹാം (82) മള്‍ഡര്‍ സഖ്യം ദക്ഷിണാഫ്രിക്കയുടെ രക്ഷയ്‌ക്കെത്തുകയായിരുന്നു. ഇരുവരും 184 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ബെഡിംഗ്ഹാമിനെ പുറത്താക്കി ചിവാംഗ് സിംബാബ്വെയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് ലുവാന്‍ ഡ്രേ പ്രിട്ടോറ്യൂസിനൊപ്പവും (78) മള്‍ഡര്‍ ഇരട്ട സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി.

ഇരുവരും 216 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ പ്രിട്ടോറ്യൂസ് മടങ്ങി. തുടര്‍ന്ന് ക്രീസിലെലത്തിയ ഡിവാള്‍ഡ് ബ്രേവിസിന് 30 റണ്‍സെടുക്കാനാണ് സാധിച്ചത്. ഇന്ന് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായ ഏക വിക്കറ്റും ബ്രേവിസിന്റേതാണ്. കെയ്ല്‍ വെറെയ്‌നെ (42) മള്‍ഡര്‍ക്കൊപ്പം പുറത്താവാതെ നിന്നു.