
അഹമ്മദാബാദ്: ഐപിഎല്‍ 2025 ഫൈനലില്‍ പഞ്ചാബ് കിംഗ്സിനെതിരെ ഇറങ്ങും മുമ്പ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വൈകാരിക ആശംസകളുമായി മുന്‍ താരം എ ബി ഡിവില്ലിയേഴ്സ്.
ആര്‍സിബിയില്‍ ഒരു പതിറ്റാണ്ടുകാലം സഹതാരമായിരുന്ന വിരാട് കോലിക്ക് എബിഡി പ്രത്യേക ആശംസകളും അറിയിച്ചു. ഇരുവരും തമ്മിലുള്ള ഊഷ്മള സൗഹൃദം ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നതായി ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസത്തിന്റെ വാക്കുകള്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ടീമിന്റെ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഇന്നിറങ്ങുന്നത്.
‘വിരാട് കോലി ഫൈനലില്‍ ആസ്വദിച്ച് കളിക്കുക. മുഖത്ത് പുഞ്ചിരിയുണ്ടാവട്ടേ. ഞാന്‍ നിങ്ങളുടെ കളി കാണാന്‍ ഗ്രൗണ്ടിലുണ്ടാകും. ഐപിഎല്‍ ട്രോഫി സ്വന്തമാക്കുക. ഓരോ നിമിഷവും അതിനായി ആസ്വദിക്കുക’- എന്നുമാണ് ആര്‍സിബിക്കും വിരാടിനും എ ബി ഡിവില്ലിയേഴ്സിന്റെ സന്ദേശം. എബിഡിയുടെ വാക്കുകള്‍ ഐപിഎല്‍ മത്സരങ്ങളുടെ സംപ്രേഷകരായ സ്റ്റാര്‍ സ്പോര്‍ട്സ് എക്സില്‍ പങ്കുവെച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
As @RCBTweets gear up for the ultimate clash with Punjab Kings, @ABdeVilliers17 sends his love and support to @imVkohli and the incredible RCB fans #TATAIPL#IPLFinal 👉 #RCBvPBKS | TUE, 3rd June, 5 PM on Star Sports Network & JioHotstar pic.twitter.com/yAsJSUerVV
— Star Sports (@StarSportsIndia) June 2, 2025
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു- പഞ്ചാബ് കിംഗ്സ് ഐപിഎല്‍ ഫൈനല്‍ ആരംഭിക്കുക. ടീമിന്റെ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇരു കൂട്ടരും മൈതാനത്തെത്തുന്നത്. ബെംഗളൂരുവിനെ രജത് പാടിദാറും പഞ്ചാബിനെ ശ്രേയസ് അയ്യരും നയിക്കും.
സീസണിൽ ആർസിബിയും പഞ്ചാബും നേർക്കുനേർ വരുന്നത് ഇത് നാലാം തവണയാണ്. ലീഗ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് ജയിച്ചപ്പോള്‍ രണ്ടാം കളിയിലും ആദ്യ ക്വാളിഫയറിലും ജയം ആർസിബിക്കൊപ്പം നിന്നു. അഹമ്മദാബാദില്‍ ഫൈനലിന് മഴ ഭീഷണിയുള്ളതിനാൽ ടോസ് നേടുന്നവർ ബൗളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത.
ആശങ്കയായി കാലാവസ്ഥ
ഐപിഎൽ ഫൈനലിന് വേദിയാവുന്ന അഹമ്മദാബാദിൽ ഇന്ന് ചെറിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. മഴ അൽപനേരം തടസ്സപ്പെടുത്തിയാലും മത്സരം പൂർത്തിയാക്കാൻ അധികമായി രണ്ട് മണിക്കൂർ ലഭിക്കും.
പൂർണമായും കളി ഉപേക്ഷിക്കേണ്ടിവന്നാൽ ഫൈനൽ നാളത്തേക്ക് മാറ്റും. റിസർവ് ദിനത്തിലും ഫൈനൽ അസാധ്യമായാൽ ലീഗ് ഘട്ടത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്തെത്തിയ പഞ്ചാബ് കിംഗ്സ് ആയിരിക്കും ചാമ്പ്യൻമാർ. ലീഗ് ഘട്ടത്തിൽ ഒൻപത് ജയം വീതം നേടിയ ആർസിബിക്കും പഞ്ചാബിനും 19 പോയിന്റ് വീതമായിരുന്നെങ്കിലും മികച്ച റൺനിരക്കിലാണ് പഞ്ചാബ് ഒന്നാം സ്ഥാനത്ത് എത്തിയത്.