കത്ത് വിവാദം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരം നഗരസഭയുടെ പ്രത്യേക കൗണ്‍സില്‍ യോഗം ഇന്ന്; മേയര്‍ മാറി നില്‍ക്കണമെന്ന് ബി ജെ പി സത്യപ്രതിജ്ഞാലംഘനം നടത്തിയ മേയര്‍ ജനാധിപത്യ മര്യാദ പാലിച്ച് യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നാണ് ആവശ്യം.
കത്ത് വിവാദം ചര്‍ച്ചചെയ്യാന്‍ തിരുവനന്തപുരം നഗരസഭയുടെ പ്രത്യേക കൗണ്‍സില്‍ യോഗം ഇന്ന് ചേരും. പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തെ തുടര്‍ന്നാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍ പ്രത്യേക കൗണ്‍സില്‍ വിളിച്ചത്. ഈ മാസം 22 ന് യോഗം വിളിക്കണമെന്നായിരുന്നു ബിജെപി ആവശ്യം. എന്നാല്‍ അതിന് രണ്ട് ദിവസം മുമ്പേ മേയര്‍ പ്രത്യേക കൗണ്‍സില്‍ വിളിച്ചു. അതേ സമയം പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ നിന്ന് മേയറെ മാറ്റി നിര്‍ത്തണമെന്ന ആവശ്യം ബിജെപി ഉന്നയിച്ചിട്ടുണ്ട്.സത്യപ്രതിജ്ഞാലംഘനം നടത്തിയ മേയര്‍ ജനാധിപത്യ മര്യാദ പാലിച്ച് യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നാണ് ആവശ്യം. എന്നാല്‍ ഇതിന് വഴങ്ങേണ്ടെന്നാണ് എല്‍ഡിഎഫ് തീരുമാനം.
കൗണ്‍സില്‍ യോഗത്തിന് മുമ്പ് രാവിലെ എല്‍ഡിഎഫ് യോഗം ചേരുന്നുണ്ട്. മേയറുടെ പേരിലുള്ള വിവാദ കത്തിനെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ഇന്നലെ ക്രൈം ബ്രാഞ്ച് മേധാവിക്ക് നല്‍കി. കത്തിന്റെ ശരിപകര്‍പ്പ് കണ്ടെത്താന്‍ കഴിയാത്തിനാല്‍ കേസെടുത്ത് അന്വേഷിക്കണമെന്നാണ് ശിപാര്‍ശ. ഇക്കാര്യത്തില്‍ ഡിജിപിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം തീരുമാനം എടുക്കും. അതേസമയം, വിജിലന്‍സ് അന്വേഷണം ഇനിയും അവസാനിച്ചിട്ടില്ല. അടുത്ത ആഴ്ചയാണ് കത്ത് വിവാദത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്.