
സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസിനെതിരായ വ്യാജ പരാതി: പരാതിക്കാരുടെ വാദങ്ങൾ കോടതി തള്ളി; ഹർജി തള്ളിക്കളഞ്ഞു
സ്വന്തം ലേഖകൻ
കോട്ടയം: സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസിനെതിരെ ഒരു വിഭാഗം നൽകിയ പരാതി കോട്ടയം അഡീഷണൽ മുൻസിഫ് കോടതി തള്ളി. സംഘടനയ്ക്കെതിരായി പരാതി നൽകിയവർ ആരും തന്നെ സംഘടനയുടെ അംഗങ്ങളല്ലെന്നും, ഇവർ വർഷങ്ങളായി മാസ വരിസംഖ്യ പോലും അടയ്ക്കുന്നില്ലെന്നും കണ്ടെത്തിയാണ് മുൻസിഫ് കോടതി ജഡ്ജി വി.എസ് ആശാദേവി ഇവരുടെ ഹർജി തള്ളിയത്.
നേരത്തെ പരാതിക്കാർ നൽകിയ ഹർജിയിൽ കോടതി സംഘടനയുടെ പ്രവർത്തനങ്ങൾക്ക് സ്റ്റേ അനുവദിച്ചിരുന്നു. ഈ സ്റ്റേ അടക്കം നീക്കം ചെയ്താണ് ഇപ്പോൾ മുൻസിഫ് കോടതിയുടെ അനുകൂല വിധിയുണ്ടായിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതിയിൽ ഹർജി നൽകിയ തിരുവാതുക്കൽ ഊട്ടിയിൽ എസ്.ബൈജു , ചുങ്കം പൊക്കത്താനം ഷാജി ജോസഫ് , ഇന്ദിരാനഗറിൽ എബി ജേക്കബ് , പാർക്ക് ലെയിനിൽ ജീ ജോർജ് , തിരുവാതുക്കൽ ചുനങ്ങാട്ട് ഗാർഡൻസിൽ ജോർജ് ഫെൻ , മൂലേടം പരുവയ്ൽ എബ്രഹാം വർഗീസ് എന്നിവർ നൽകിയ ഹർജിയാണ് കോടതി തള്ളിക്കളഞ്ഞത്.
സിക്കിയ്ക്കെതിരായി നൽകിയ ഹർജി വ്യാജമാണ് എന്നു കോടതി പ്രഥമദൃഷ്ട്യാ തന്നെ കണ്ടെത്തി. പരാതിക്കാർ കള്ളപ്പരാതിയാണ് നൽകിയതെന്നു വാദത്തിൽ തെളിഞ്ഞ സാഹചര്യത്തിൽ കോടതി ഹർജി തള്ളിക്കളയുകയായിരുന്നു. തങ്ങൾ സിക്കിയുടെ അംഗങ്ങളാണ്, തങ്ങളെ സംഘടനയിൽ നിന്നും പുറത്താക്കിയത് ശരിയായില്ല, സംഘടനയിൽ ഫണ്ട് തിരിമറികൾ നടക്കുന്നു തുടങ്ങിയവരായിരുന്നു ഹർജിക്കാരുടെ വാദങ്ങൾ.
കോടതിയിൽ ഹർജി നൽകിയത് കൂടാതെ സിക്കിയ്ക്കെതിരായി ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ അടിസ്ഥാന രഹിതമായ നിരവധി പരാതികളും ഹർജിക്കാർ നൽകിയിരുന്നു. ഇതിനിടെ, നിയമ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് സിക്കിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനും പരാതിക്കാർ ശ്രമിച്ചിരുന്നു.
പരാതിക്കാരുടെ കള്ളക്കേസുകൾ നിലനിൽക്കില്ലെന്നു കോടതി കണ്ടെത്തി. മതിയായ തെളിവുകളില്ലാത്തതിനാൽ ഹർജി തള്ളിക്കളയുകയാണെന്നു കോടതി വിധിച്ചു.
2009 മുതൽ ഹർജിക്കാർ ആരും തന്നെ അംഗത്വ ഫീസ് അടയ്ക്കുന്നില്ലെന്നു രേഖകൾ സഹിതം സിക്കി ഭാരവാഹികൾ വാദിച്ചു. പരാതിക്കാർ തെളിവില്ലാതെ ആരോപണങ്ങൾ ഉയർത്തുകയാണെന്നും, അതുകൊണ്ടു കോടതി ഹർജി തള്ളി. ഇത് കൂടാതെ സിക്കിയുടെ പ്രവർത്തനങ്ങൾ തടഞ്ഞുകൊണ്ടുള്ള കോട്ടയം അഡീഷണൽ മുൻസിഫ് കോടതി വിധിയും റദ്ദ് ചെയ്തു. സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സിനു വേണ്ടി അഡ്വ.അനിൽ ഡി.കർത്ത ഹാജരായി.