സ്വന്തമായി ജോലി കണ്ടെത്താൻ പറഞ്ഞതിലുള്ള വൈരാഗ്യം; അമ്മായിയുടെ 3 വയസ്സുള്ള മകനെ കഴുത്തറുത്ത് കൊന്ന് മൃതദേഹം ട്രെയിനിലെ ശുചിമുറിയിൽ തള്ളി 25 കാരൻ

Spread the love

സൂറത്ത്: അഞ്ച് വർഷത്തിനുള്ളിൽ ജോലി തേടി സന്ദ‍ർശിച്ചത് മൂന്ന് രാജ്യങ്ങൾ. വെറും കയ്യോടെ മടങ്ങി വന്നതിന് പിന്നാലെ അടുത്ത ബന്ധുവിനൊപ്പം താമസം ആരംഭിച്ചു.

 

അലസ മട്ടിലുള്ള ജീവിതം 25കാരൻ തുടർന്നതോടെ ജോലി കണ്ടെത്താനും അമ്മയ്ക്കൊപ്പം വീട്ടിൽ നിന്ന് താമസം മാറണമെന്നും ആവശ്യപ്പെട്ട അമ്മായിയുടെ മൂന്ന് വയസ് പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി യുവാവ്. ശനിയാഴ്ച ഖുശിനഗർ എക്സ്പ്രസിലെ എസി കോച്ചിലെ ശുചിമുറിയിൽ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലാണ് പൊലീസ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. വീട്ടിൽ നിന്ന് മാറണമെന്ന് ആവശ്യപ്പെട്ട ബന്ധുവിന്റെ മൂന്നുവയസുകാരനായ മകൻ ആരവിനെയാണ് വികാസ് ഷാ എന്നയാൾ കൊലപ്പെടുത്തിയത്. കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷമായിരുന്നു മൃതദേഹം ട്രെയിനിലെ ശുചിമുറിയിൽ ഉപേക്ഷിച്ചത്. ജോലി കണ്ടെത്തി സ്വന്തം കാലിൽ നിൽക്കാൻ ആവശ്യപ്പെട്ട വൈരാഗ്യത്തിലായിരുന്നു ക്രൂരതയെന്നാണ് പൊലീസ് വിശദമാക്കുന്നത്. ജോലി തേടി ഖത്തർ, സൗദി അറേബ്യ, കുവൈത്ത് അടക്കമുള്ള രാജ്യങ്ങളിൽ യുവാവ് പോയിരുന്നു. 9 മാസം വരെ ജോലി ചെയ്ത ശേഷം സഹപ്രവർത്തകരുമായി വഴക്കിട്ട് തിരിച്ച് നാട്ടിലെത്തുന്നതായിരുന്നു യുവാവിന്റെ രീതി.

ആഴ്ചകൾക്ക് മുൻപാണ് യുവാവ് അമ്മയും സഹോദരിക്കും ഒപ്പം അമ്മയുടെ സഹോദരിയായ ദുർഗാവതിയുടെ വീട്ടിലെത്തിയത്. ജോലി അന്വേഷിച്ച് എത്തിയതാണെന്നും വാടകയ്ക്ക് വീട് നോക്കുന്നുണ്ടെന്നുമായിരുന്നു 25കാരൻ ബന്ധുവിനെ ധരിപ്പിച്ചിരുന്നത്. എന്നാൽ താമസം തുടർന്നതല്ലാതെ ജോലി കണ്ടെത്താനുള്ള ഒരു ശ്രമങ്ങളും യുവാവ് നടത്താതെ വന്നതോടെയാണ് ദുർഗാവതി യുവാവിനെ ഉപദേശിച്ചത്. ഇത് ഇഷ്ടമാകാതെ വന്നതോടെയാണ് ദുർഗാവതിയുടെ മൂന്ന് വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ വികാസ് ഷാ കൊലപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഖുശിനഗർ എക്സ്പ്രസിലെ ശുചിമുറിയിൽ നിന്നാണ് 3 വയസ് പ്രായമുള്ള ആൺകുഞ്ഞിന്റെ മൃതദേഹം ശുചീകരണ തൊഴിലാളികൾ ശനിയാഴ്ച കണ്ടെത്തിയത്. മുംബൈ ലോകമാന്യതിലക് ടെർമിനലിൽ ട്രെയിൻ എത്തിയപ്പോഴായിരുന്നു ഇത്. സംഭവത്തിൽ തിങ്കഴാഴ്ച രാത്രി ബാന്ദ്രയിൽ നിന്നാണ് വികാസ് ഷാ അറസ്റ്റിലായത്. 25കാരൻ കുട്ടിയുമായി സൗരാഷ്ട്ര എക്സ്പ്രസിൽ കയറി മുംബൈയിലെത്തിയത്. മകനെ കാണാതായതിന് പിന്നാലെ വികാസിനെതിരെ കുട്ടിയുടെ അമ്മ പരാതി നൽകിയിരുന്നു. യുവാവിനെ പൊലീസ് തെരയുന്നതിനിടയിലാണ് കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്.

കാണാതായ കുട്ടികളുടെ പരാതി പൊലീസ് സമീപ സ്റ്റേഷനുകളിൽ അറിയിച്ചപ്പോഴാണ് കൊല്ലപ്പെട്ടത് സൂറത്ത് സ്വദേശിയാണെന്ന് വ്യക്തമായത്. മൂന്ന് വയസുകാരന്റെ അമ്മ ബിഹാർ സ്വദേശിനിയാണ് വ‍ർഷങ്ങളായി സൂറത്തിലാണ് ഇവർ താമസിക്കുന്നത്. ദുബായിലാണ് യുവതിയുടെ ഭർത്താവുള്ളത്. കൊല്ലപ്പെട്ട മൂന്ന് വയസുകാരന് പുറമേ എട്ട് വയസുള്ള മകളും അഞ്ച് വയസുള്ള മകനുമാണ് യുവതിക്കുള്ളത്.