ദുരിതാശ്വാസത്തിന് ഒരു കൈത്താങ്ങ്; യാത്രക്കാരുടെ ജീവന് പുല്ലുവില കല്പിച്ച് മുതലാളിയുടെ വക അടിച്ചുപൂസായി ബസ് ഓടിക്കൽ
സ്വന്തം ലേഖകൻ
പാലാ : മദ്യപിച്ച് അമിതവേഗതയിൽ പോലീസുകാരേയും ഇടിച്ച് തെറിപ്പിച്ച് പാഞ്ഞ ബസ് ഉടമ കൂടിയായ ഡ്രൈവറെ പൊലീസ് പിൻതുടർന്ന് പിടികൂടി. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ പാലായിലായിരുന്നു സംഭവം. രാജാക്കാട്- കോട്ടയം റൂട്ടിലോടുന്ന സോണി ബസിന്റെ ഡ്രൈവർ കോട്ടയം ആനിക്കാട് കരിനാട്ട് രാജു(63) ആണ് പിടിയിലായത്. ദുരിതാശ്വാസ നിധി രൂപീകരിക്കാനായി ബസ്സുടമകൾ ടിക്കറ്റില്ലാ യാത്ര നടത്തിയ ദിവസം തന്നെയാണ് ബസ് മുതലാളിയുടെ പരാക്രമം.
അമിതവേഗതയിൽ പാഞ്ഞുവന്ന ബസ് പാലാ പൊലീസ് സ്റ്റേഷന് സമീപം പൊലീസുകാരുടെ ബൈക്കിലിടിച്ചു. പോലീസുകാരനായ രാമചന്ദ്രൻ നായരും ഹോംഗാർഡ് ജോസും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. യാത്രക്കാർ ബഹളം വച്ചെങ്കിലും ബസ് നിർത്താൻ ഇയാൾ തയാറായില്ല. ടൗൺ ബസ് സ്റ്റാൻഡിലേക്കാണ് ബസ് ഓടിച്ചെത്തിയത്. ബസ് സ്റ്റാൻഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് എസ്.ഐ വി.കെ. ബാബു എത്തിയപ്പോഴേക്കും ഡ്രൈവർ രാജു മറ്റ് യാത്രക്കാരുടെ ഇടയിലേക്ക് നൂഴ്ന്ന് കയറി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇയാൾ തന്നെയാണ് ബസ് ഓടിച്ചിരുന്നതെന്ന് മറ്റ് യാത്രക്കാർ പറഞ്ഞതോടെ രാജുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. രാജുവിന്റെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനായി പോലീസിന്റെ കത്ത് കിട്ടിയിട്ടുണ്ടെന്നും ഇന്ന് നടപടിയുണ്ടാകുമെന്നും പാലാ ആർ.റ്റി.ഒ ടോജോ എം.തോമസ് തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.