സോണിയ ഗാന്ധി ബിജെപി സ്ഥാനാർത്ഥിയായി ജനവിധി തേടുന്നു: പണി കിട്ടിയത് യുഡിഎഫ് സ്ഥാനാർത്ഥിക്ക് .

Spread the love

ഇടുക്കി: സോണിയ ഗാന്ധി ബി ജെ പി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നു എന്ന വാര്‍ത്ത എല്ലാവരിലും അമ്പരപ്പുണ്ടാക്കും എന്നതില്‍ സംശയമില്ല.
എന്നാല്‍ സംഗതി സത്യമാണ്. കേരളത്തില്‍ നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മൂന്നാര്‍ പഞ്ചായത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പേര് സോണിയ ഗാന്ധി എന്നാണ്. സ്ഥാനാര്‍ത്ഥിയുടെ പേര് പോലെ തന്നെ അതിന് പിന്നിലെ കഥയ്ക്കും ഉണ്ട് കൗതുകം.

video
play-sharp-fill

നല്ലതണ്ണി കല്ലാറില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്നു സോണിയയുടെ പിതാവ്, പരേതനായ ദുരെ രാജ്. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയോടുള്ള ആരാധന മൂത്താണ് തനിക്ക് ജനിച്ച പെണ്‍കുട്ടിക്ക് തന്റെ ആരാധ്യനേതാവിന്റെ പേര് തന്നെ ദുരെ രാജ് നല്‍കിയത്. പിതാവിന്റെ രാഷ്ട്രീയത്തിനൊപ്പമായിരുന്നു ആദ്യം സോണിയയും പോയിരുന്നതെങ്കിലും വിവാഹശേഷം രാഷ്ട്രീയ നിലപാട് മാറി.

സോണിയയുടെ ഭര്‍ത്താവ് സുഭാഷ് സജീവ ബിജെപി പ്രവര്‍ത്തകനാണ്, നിലവില്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. ഒന്നര വര്‍ഷം മുമ്പ്, പഴയ മൂന്നാര്‍ മൂലക്കട വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹം ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. ഭര്‍ത്താവിന്റെ രാഷ്ട്രീയ പാത പിന്തുടര്‍ന്ന്, സോണിയ ഗാന്ധി ഇപ്പോള്‍ ബിജെപി പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് മൂന്നാറിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കൗതുകത്തോടൊപ്പം ചര്‍ച്ചാവിഷയവുമാണ്. കാരണം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മഞ്ജുള രമേശ് ഇപ്പോള്‍ അസാധാരണമായ ഒരു വെല്ലുവിളിയാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ പേര് കൊണ്ട് നേരിടുന്നത്. സോണിയ ഗാന്ധി പേര് പെട്ടെന്ന് പൊതുജനശ്രദ്ധ ആകര്‍ഷിക്കുന്നു എന്നത് തന്നെ കാരണം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ഇതില്‍ സന്തോഷമുണ്ടാകില്ല എന്ന് പറയേണ്ടതില്ലല്ലോ.

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബര്‍ 9 നും 11 നും രണ്ട് ഘട്ടങ്ങളായിട്ടാണ് നടക്കുന്നത്. ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍ നടക്കും. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് വോട്ടെടുപ്പ്. ഡിസംബര്‍ 11 ന് നടക്കുന്ന രണ്ടാം ഘട്ടത്തില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവ ഉള്‍പ്പെടും.

രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെ വോട്ടെടുപ്പ് നടക്കും, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘TREND 2025’ പോര്‍ട്ടല്‍ വഴി ഫലങ്ങള്‍ തത്സമയം പ്രസിദ്ധീകരിക്കും. ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയുള്‍പ്പെടെ ആകെ 1,199 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വോട്ടെടുപ്പ് നടക്കും.