
പാർലമെന്റിൽ നടക്കാനിരിക്കുന്ന പ്രത്യേക സെഷനിൽ സർക്കാർ കൊണ്ടുവരാനിരിക്കുന്ന ബില്ലുകളിൽ മണ്ഡല പുനർനിർണമാണ് വിവാദ വിഷയമെന്നും അല്ലാതെ വനിതാ സംവരണമല്ലെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധി. മണ്ഡല പുനർനിർണയ നിർദേശം വളരെ അപകടകരവും ഭരണഘടനയ്ക്ക് മേലുള്ള കയ്യേറ്റമാണെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി. ലോക്‌സഭയിലെ അംഗബലം വർധിപ്പിക്കുന്നത് കണക്കുകളിലൂടെയല്ല രാഷ്ട്രീയമായിട്ടായിരിക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെടുന്നുണ്ട്. ദ ഹിന്ദു ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് സോണിയ ഗാന്ധി ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇപ്പോഴത്തെ യഥാർത്ഥ ഉദ്ദേശം ജാതി സെൻസസിനെ വൈകിപ്പിക്കുകയും അട്ടിമറിക്കുകയുമാണെന്നും സോണിയ ലേഖനത്തിൽ വിമർശിക്കുന്നുണ്ട്. പശ്ചിമ ബംഗാളിലെയും തമിഴ്‌നാട്ടിലെയും തെരഞ്ഞെടുപ്പ് പ്രചാരണം കൊടുംപിരിക്കൊണ്ടിരിക്കുമ്പോഴാണ് പാർലമെന്റിന്റെ സ്‌പെഷ്യൽ സെഷനിലൂടെ സർക്കാർ പാസാക്കാൻ ആഗ്രഹിക്കുന്ന ബില്ലുകളെ പിന്തുണയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷ പാർട്ടികളോട് ആവശ്യപ്പെടുന്നത്. ഇത്തരമൊരു അസാധാരണ തിടുക്കത്തിന് കാരണം രാഷ്ട്രീയ ലാഭമുണ്ടാക്കി പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കുകയാണെന്നും സോണിയാ ഗാന്ധി ആരോപിച്ചു.


